ഒറിഗോൺ: ലോക പ്രശസ്ത സുവിശേഷകൻ, “ലാറ്റിൻ അമേരിക്കയിലെ ബില്ലി ഗ്രഹാം” എന്നറിയപ്പെട്ട ലൂയിസ് പലാവു (86) വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശ്വാസകോശ അർബുദബാധിതനായി മൂന്നു വർഷം ചികിത്സയിലായിരുന്നു. ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം എന്ന് ലൂയിസ് പലാവു അസോസിയേഷൻ അറിയിച്ചു. അർജന്റീനയിൽ ജനിച്ച പലാവു ബില്ലി ഗ്രഹാമിനൊപ്പം പ്രവർത്തിച്ച് ലോകപ്രശസ്ത സുവിശേഷ പ്രസംഗകനായി വളരുകയായിരുന്നു.
അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച പലാവു എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ക്രിസ്ത്യൻ സുവിശേഷകന്മാരിൽ ഒരാളായി ഉയർന്നു. 1962 ൽ കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ നടന്ന ഒരു ക്രൂസേഡിനിടെ പലാവു ബില്ലിഗ്രഹാമുമായി പരിചയപ്പെട്ടു. 1960 കളിൽ ദക്ഷിണ-മധ്യ അമേരിക്കയിലെ ക്രൂസേഡുകളിൽ ബില്ലിഗ്രഹാമിൻ്റെ സ്പാനിഷ് ഭാഷാ പരിഭാഷകനായും സേവനമനുഷ്ഠിച്ചു. സ്പാനിഷ് സംസാരിക്കുന്ന വിശ്വാസികൾക്കിടയിൽ “ലാറ്റിൻ അമേരിക്കയിലെ ബില്ലി ഗ്രഹാം” എന്ന വിളിപ്പേര് ലഭിച്ച പലാവു ഒരു ദശകം മുമ്പ് മിനിസ്ട്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തൻ്റെ നാല് ആൺമക്കളിൽ മൂന്ന് പേർക്ക് കൈമാറാൻ തുടങ്ങി, അതിൽ ഒരാൾ ഇപ്പോൾ അന്തർദ്ദേശീയ സുവിശേഷകനാണ്.
അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന ശുശ്രൂഷാ ജീവിതത്തിനിടയിൽ, 50 പുസ്തകങ്ങൾ രചിക്കുകയും 75 രാജ്യങ്ങളിലെ 30 ദശലക്ഷത്തിലധികം ആളുകളോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. ലോകത്തിക പ്രധാന നഗരങ്ങളായ ന്യൂയോർക്ക് സിറ്റി, ബ്യൂണസ് അയേഴ്സ്, ലണ്ടൻ, മാഡ്രിഡ്, സിംഗപ്പൂർ, ഹോങ്കോംഗ്, കെയ്‌റോ, മെക്സിക്കോ സിറ്റി എന്നിവിടങ്ങളിലെ ചരിത്രപരമായ സുവിശേഷ യജ്ഞങ്ങൾ ഉൾപ്പടെ 500 ലധികം മെഗാ ക്രൂസേഡുകളും റാലികളും പലാവുവും സംഘവും നടത്തി. സ്പാനിഷ് ഭാഷയിൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ റേഡിയോ പ്രോഗ്രാമുകൾ 48 രാജ്യങ്ങളിലെ 3,500 സ്റ്റേഷനുകളിൽ പ്രക്ഷേപണം ചെയ്യുന്നു. ഒറിഗൺ ആസ്ഥാനമായുള്ള അദ്ദേഹത്തിൻ്റെ സംഘടനയായ ലൂയിസ് പലാവു അസോസിയേഷൻ ഓരോ വർഷവും അഞ്ച് ഭൂഖണ്ഡങ്ങളിൽ ഡസൻ കണക്കിന് പരിപാടികൾ സംഘടിപ്പിക്കുന്നു.
പലാവുവിൻ്റെ ഭാര്യ പട്രീഷ്യ;
മക്കൾ: കെവിൻ, കീത്ത്, ആൻഡ്രൂ, സ്റ്റീഫൻ.