കാലിഫോര്‍ണിയ: വീടിനകത്ത് ഒത്തു ചേര്‍ന്നുള്ള ബൈബിള്‍ പഠനവും പ്രാര്‍ത്ഥനായോഗവും നടത്തുന്നതിന് കാലിഫോര്‍ണിയ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീംകോടതി നീക്കം ചെയ്തു. ഏപ്രില്‍ 9-ാം തീയതി വെള്ളിയാഴ്ച നാലിനെതിരെ അഞ്ചുവോട്ടുകള്‍ക്കാണ് സുപ്രീം കോടതി നിയന്ത്രണം എടുത്തു മാറ്റിയത്. സുപ്രീം കോടതി ജഡ്ജി ജോണ്‍ റോബര്‍ട്ട്‌സും മൂന്നു ലിബറല്‍ അംഗങ്ങളും നിയന്ത്രണത്തെ അനുകൂലിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവുകളാണ് എതിര്‍ത്തത്. കോവിഡ് മഹാമാരി വ്യാപകമായതിനെ തുടര്‍ന്നാണ് കാലിഫോര്‍ണിയയില്‍ വീടുകളില്‍ പ്രാര്‍ത്ഥനക്കും ബൈബിള്‍ പഠനത്തിനുമായി കൂട്ടം കൂട്ടിവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഷോപ്പിംഗിനും സിനിമാ തിയറ്ററുകളിലും കൂട്ടം കൂടിവരുന്നതിലുള്ള റിസ്‌കിനെക്കുറിച്ച് പഠിക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടികാണിച്ചു. വീടുകളില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ കൂടി വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ മറ്റു പല സ്ഥലങ്ങളിലും ഇതില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചു കൂടുന്നതിന് കൃത്യമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.