കൊളംബോ: ലോകത്തെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് രണ്ടു വയസ്. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്നു ഹോട്ടലുകളിലും ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് നടത്തിയ സ്ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. അതേസമയം ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ രാജ്യത്തെ പള്ളികൾക്ക് ചുറ്റും കനത്ത സുരക്ഷ ഒരുക്കുന്നുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.
രാവിലെ 8.45 ന് കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് ആദ്യസ്ഫോടനമുണ്ടായത്. ഇന്ന് ഇതേ സമയത്ത് ക്രൈസ്തവര്‍ രണ്ടു മിനിട്ട് മൗനം ആചരിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ മിക്ക ക്രിസ്ത്യൻ സ്കൂളുകളും ഇന്നു തുറന്നിട്ടില്ല. ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള അനുസ്മരണാർത്ഥം ക്രമീകരിക്കുന്ന മൗനാചരണത്തിൽ ജാതിമതഭേദമെന്യേ ശ്രീലങ്കൻ ജനത ഒരുമിച്ച് അണിചേരണമെന്നും കർദ്ദിനാൾ അഭ്യർത്ഥിച്ചിരിന്നു. ഇതിന് പിന്തുണ അറിയിച്ചുകൊണ്ട് മുസ്ലിം കൗൺസിൽ ഓഫ് ശ്രീലങ്ക (എംസിഎസ്എൽ) പ്രസ്താവന ഇറക്കിയിരിന്നു. കൊളംബോയിലെ കൊച്ചിക്കാഡെയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലും, ആക്രമണങ്ങളിൽ തകർന്ന നെഗൊമ്പോയിലെ കറ്റുവപിറ്റിയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും ഇന്ന് വൈകുന്നേരം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. സെന്റ് ആന്റണീസ് പള്ളിയിലെ അനുസ്മരണ ശുശ്രൂഷകള്‍ക്ക് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നേതൃത്വം നല്‍കും.