എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാവെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. സ്പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെൽ ദെ സെർവന്റസിന്റെ ചരമദിനമായ ഏപ്രിൽ 23-നു് സ്പെയിലെ അദ്ദേഹത്തിന്റെ ആരാധകർ ഈ ദിനം പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ ദിനം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്. 1995 മുതൽ യുനസ്കോയും വില്യം ഷേക്സിപിയർ, മിഗ്വേൽ ഡേ സർവെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ ചരമ വാർഷിക ദിനമായ ഏപ്രിൽ 23-നു് ലോകപുസ്തക പകർപ്പവകാശ ദിനമായി ആചരിക്കുവാൻ ആരംഭിച്ചു.
മാനവരാശി ഉപയോഗിച്ചിട്ടുള്ള ഏറ്റവും മഹത്തായ പുസ്തകവും ഏറ്റവും കൂടുതൽ ഭാഷകളിൽ ഏറ്റവുമധികം പകർത്തി എഴുതപ്പെട്ട ഗ്രന്ഥവും ബൈബിൾ തന്നെയാണ്. ദൈവം വെളിപ്പെടുത്തിത്തന്ന ദൈവ നിശ്വാസീയമായ ഗ്രന്ഥമാണ് ബൈബിൾ. എന്നാൽ മറ്റ് ഏത് പുസ്തകം പഠിക്കുന്നതുപോലെയും ഈ പുസ്തകവും പഠിക്കാനാവും എന്നതാണ് അതിനെ അമൂല്യമാക്കുന്നത്. എന്നാൽ ദൈവ വചനം പഠിക്കുമ്പോൾ നാം പഠിക്കുന്ന പുസ്തകം ദൈവത്തിന്റെ തെറ്റില്ലാത്ത, വിശ്വാസ്യമായ, ആധികാരികമായ വചനമാണെന്നും, അത് ദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പാടാണെന്നും, അതിൽ പരസ്പര വിരുദ്ധമായി യാതൊന്നും ഇല്ലെന്നും ഓർത്തിരിക്കേണ്ടത് ആവശ്യമാണ്.
പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട ഗ്രന്ഥമായതുകൊണ്ട് ഈ പുസ്തകം ശരിയായ നിലയിൽ മനസ്സിലാക്കുന്നതിന് പരിശുദ്ധാത്മ സഹായം അത്യാവശ്യമാണ്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ വസിക്കാൻ തുടങ്ങുന്നത് ആ വ്യക്തി രക്ഷിക്കപ്പെടുമ്പോഴാണ്. അതായത് രക്ഷിക്കപ്പെട്ടവർക്കാണ് ദൈവ വചനം പഠിക്കാനും ഗ്രഹിക്കുവാനും സാധിക്കുന്നത്. വെറുതെ വായിച്ചു പോകാനോ പഠിക്കാനോ ഉള്ള പുസ്തകമല്ല ബൈബിൾ. ജീവിതത്തിൽ പ്രായോഗികമാക്കുവാൻ വേണ്ടിയാണ് നാമോരുത്തരും ബൈബിൾ പഠിക്കേണ്ടത്. ഈ കോവിഡ് കാലത്ത് ഭവനത്തിൽ മാത്രം ഒതുങ്ങിക്കൂടിയ സമയം അനേക ദൈവമക്കൾക്ക് ബൈബിൾ അനേകാവർത്തി വായിക്കുന്നതിനും മനപാഠമാക്കുന്നതിനും മറ്റും സാധ്യമായി. അനേകർ ബൈബിൾ സ്വന്തം കൈയ്യക്ഷരത്തിൽ എഴുതി ജീവിതത്തിൽ തങ്ങൾക്കും തലമുറകൾക്കും അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി. മാനവ രാശിയുടെ ആത്മ, ശരീര, മനോ മണ്ഡലങ്ങൾക്ക് സമൂല വ്യതിയാനം വരുത്തുവാൻ ശക്തമായ അതുല്യ ഗ്രന്ഥമായ ബൈബിൾ നമുക്ക് സ്വന്തമായതിൽ അഭിമാനിക്കാം. ബൈബിളിനെ നമ്മുടെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കാം.
മഹാനായ വാൾട്ടർ സ്കോട്ട് (1796-1861) ജീവിതാന്ത്യത്തിൽ രോഗക്കിടക്കയിൽ വെച്ച് തന്റെ മരുമകനോട് “ആ പുസ്തകം ഇങ്ങെടുക്കു” എന്നു പറഞ്ഞപ്പോൾ “ഏതു പുസ്തകം” എന്ന് ചോദ്യമുണ്ടായി; സ്കോട്ടിന്റെ മറുപടി “പുസ്തകം എന്നു വിളിക്കപ്പെടാൻ ഒന്നിനേ യോഗ്യതയുള്ളൂ, അത് ബൈബിൾ ആണ്” എന്നായിരുന്നു.