ജെറുസലേം: യിസ്രായേലിന്റെ പതിനൊന്നാമത് പ്രസിഡന്റായി ഐസക്ക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഹെർസോഗ് തന്റെ എതിർ സ്ഥാനാർഥിയായ മിറിയം പേരേറ്റ്സിനെ പരാജയപ്പെടുത്തിയത്. ഹെർസോഗിന് 87 വോട്ട് ലഭിച്ചപ്പോൾ, പേരേറ്റ്സിന് 27 വോട്ട് മാത്രമാണ് ലഭിച്ചത്. 120 അംഗ നെസെറ്റ്, ഇതാദ്യമായാണ് നിലവിൽ നെസെറ്റ് അംഗമല്ലാത്ത പ്രസിഡന്റ് സ്ഥാനാർഥികൾക്കായി വോട്ട് ചെയ്തത്. നിലവിലെ പ്രസിഡന്റ് രുവേൻ റിവ്ലിന്റെ കാലാവധി തീരുന്ന ജൂലൈ 9 ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
യിസ്രായേലിന്റെ ആറാമത് പ്രസിഡന്റിന്റെ മകനായ ഹെർസോഗ് ജൂത ഏജൻസി അദ്ധ്യക്ഷൻ കൂടിയാണ്. അദ്ദേഹം ഒരു പ്രമുഖ സയണിസ്റ്റ് കുടുംബത്തിലെ പിൻതലമുറയാണ്. അദ്ദേഹത്തിന്റെ പിതാവ് ചെയിം ഹെർസോഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേലിന്റെ അംബാസഡറായിരുന്നു. ഇസ്രായേലിന്റെ ആദ്യ വിദേശകാര്യമന്ത്രിയും ഐക്യരാഷ്ട്രസഭയിലേയും അമേരിക്കയിലേയും അംബാസഡറായിരുന്നു അദ്ദേഹത്തിന്റെ അമ്മാവൻ അബ്ബ എബാൻ. അദ്ദേഹത്തിന്റെ മുത്തച്ഛൻ രാജ്യത്തെ ആദ്യത്തെ മുഖ്യ റബ്ബിയായിരുന്നു.