വത്തിക്കാൻ: കാനോന്‍ നിയമത്തില്‍ ചരിത്രപരമായ മാറ്റം വരുത്തി കത്തോലിക്കാ സഭ. ലൈഗീകാതിക്രമങ്ങള്‍ സംബന്ധിച്ചുള്ള നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ലൈംഗീകാതിക്രമം, കുട്ടികളെ ലൈംഗീകതയ്ക്ക് പ്രേരിപ്പിക്കല്‍, ചൈല്‍ഡ് പോണ്‍, ലൈഗീകാതിക്രമം മൂടിവയ്ക്കല്‍ എന്നിവയ്‌ക്കെതിരെ മറ്റൊരു പരിഗണനകളുമില്ലാതെ നടപടികളുണ്ടാവും. ഇനിമുതല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയായിരിക്കും കാനോന്‍ നിയമത്തിൽ പരിഗണിക്കുക. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഉത്തരവിറക്കിയത്.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നിയമത്തില്‍ മാറ്റം വരുത്തുന്നത്. വൈദികര്‍ സഭാ സ്ഥാപനങ്ങളിലെ ചുമതലക്കാരായ അത്മായര്‍ എന്നിവര്‍ ലൈഗീക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ ഇത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. അവരെ അപ്പോള്‍തന്നെ പദവികളില്‍നിന്നും നീക്കണമെന്നും ഉടന്‍തന്നെ മേലുദ്യോഗസ്ഥരെ അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നു. ഇതില്‍ മെത്രാന്‍മാരുടെ ഭാഗത്തുനിന്നും കാലതാമസമുണ്ടായാല്‍ അവര്‍ക്കെതിരെയും നടപടികളുണ്ടാവും. 1983 ല്‍ ജോണ്‍ പോള്‍ മാർപാപ്പ അംഗീകരിച്ച നിയമം ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് ഇപ്പോള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഏറെ നാളായി ഇതു സംബന്ധിച്ച പഠനങ്ങള്‍ നടന്നു വരികയായിരുന്നു.
പരാതി ലഭിച്ചാലുടന്‍ ബിഷപ്പുമാര്‍ നടപടി സ്വീകരിക്കണമെന്നും നിയമത്തിലുണ്ട് . ഡിസംബര്‍ എട്ടുമുതലാണ് നിയമം പ്രാബല്ല്യത്തില്‍ വരിക. നീതി പുനസ്ഥാപിക്കുക, കുറ്റവാളികളെ സന്മാര്‍ഗ്ഗിയായി മാറ്റുക, അഴിമതി ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് നിയമങ്ങളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച ആമുഖത്തില്‍ മാർപാപ്പ പറഞ്ഞു.