രാജ്യത്തിന്റെ പടിഞ്ഞാറന്‍- മധ്യ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെർലിൻ: ജർമനിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. മിന്നൽ പ്രളയത്തിൽ 42 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. റൈൻലാൻഡ്-പലാറ്റിനേറ്റ്, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നീ സംസ്ഥാനങ്ങളെയാണ് വെള്ളപ്പൊക്കം രൂക്ഷ മായി ബാധിച്ചത്. 2 ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ, മരണസംഖ്യ ഇനിയും ഉയരനാണ് സാധ്യത. പടിഞ്ഞാറൻ പ്രവിശ്യയായ യൂസ്കിർഷെനിൽ മാത്രം എട്ടുമരണമുണ്ട്. കോബ്ലെൻസ് നഗരത്തിൽ നാലും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും മരണപ്പെട്ടു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രക്ഷ തേടി വീടുകളുടെ ടെറസില്‍ അഭയം പ്രാപിച്ച നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. പല പ്രദേശങ്ങളിലും വന്മരങ്ങള് കടപുഴകിയിട്ടുണ്ട്. പലയിടത്തും, ഇൻറർനെറ്റ്, ഫോൺ ബന്ധം തകർന്നത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റൈൻ സീഗ് പ്രവിശ്യയിൽ സ്റ്റെയിൻബാഷൽ അണക്കെട്ട് തകരാനുള്ള സാധ്യത മുൻനിർത്തി സമീപപ്രദേശങ്ങളിലെ ആളുകളെ മറ്റ് ഗ്രാമങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തിൽ ഒറ്റപ്പെട്ടവരെ കണ്ടെത്താനായി സൈന്യം ഹെലികോപ്ടറുമായി രംഗത്തിറങ്ങി. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.