ലണ്ടന്: തെരുവിൽ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ക്രൈസ്തവ വചനപ്രഘോഷകന് അനുകൂലമായി സിറ്റി ഓഫ് ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിധി പ്രസ്താവിച്ചു. മുപ്പത്തിയൊന്നുകാരനായ ജോഷ്വ സട്ട്ക്ലിഫിന് അനുകൂലമായാണ് കോടതി വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലെ ദുഃഖവെള്ളി ദിനത്തിൽ ഉത്തര ലണ്ടനിലെ തെരുവിൽ സാമൂഹ്യ അകലം പാലിച്ച് മറ്റൊരു സുഹൃത്തിനൊപ്പം സുവിശേഷപ്രഘോഷണം നടത്തി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ചത്.
കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ചാണ് അവർ തെരുവിൽ വചനം പ്രഘോഷിക്കുന്നതെന്നായിരിന്നു പോലീസ് ആരോപണം. സന്നദ്ധ പ്രവർത്തനത്തിന് വേണ്ടി ഒരു പാസ്റ്ററായ തനിക്ക് അവിടെ നിൽക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ജോഷ്വ പറഞ്ഞെങ്കിലും പോലീസ് ചെവികൊണ്ടില്ല. അവർ ജോഷ്വയ്ക്ക് 60 പൗണ്ട് പിഴ ചുമത്തി, മുന്നറിയിപ്പ് നൽകി വിട്ടയച്ചു.
എന്നാൽ അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തു എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലായെന്നു കോടതി വ്യക്തമാക്കി. ഒരു ആരാധന സമൂഹത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ന്യായമായ ഒഴികഴിവ് ഉണ്ടായിരുന്നുവെന്നും അവരുടെ ഒത്തുചേരൽ പരിമിതമായിരുന്നുവെന്നും തെരുവ് സുവിശേഷ പ്രഘോഷണത്തിന് ഒത്തുകൂടാൻ അവർക്ക് അർഹതയുണ്ടായിരുന്നുവെന്നും ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിലയിരുത്തി. തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു ഭവനരഹിതന് ഷൂസുകൾ നൽകാൻ സാധിച്ചെന്നും, ഓൺലൈനിലാണ് സുവിശേഷ പ്രഘോഷണം നടത്തിയിരുന്നതെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു എന്നും ജോഷ്വ കോടതിയെ ബോധിപ്പിച്ചു. കോടതി തന്നെ കുറ്റവിമുക്തനാക്കിയതിലുള്ള സന്തോഷം ജോഷ്വ ‘പ്രീമിയർ’ എന്ന മാധ്യമത്തോട് പങ്കുവച്ചു.
തന്നെ സഭ നിയമിച്ചിരിക്കുന്നത് സുവിശേഷ പ്രഘോഷണം നടത്താനാണെന്നും, അതാണ് ചെയ്തതെന്നും, ക്രൈസ്തവരെ ലക്ഷ്യം വെക്കുന്ന തരത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചതെന്നും ജോഷ്വ സട്ട്ക്ലിഫ് കൂട്ടിച്ചേർത്തു. ജോഷ്വയ്ക്ക് പിഴ ചുമത്തിയ അതേ ആഴ്ച്ച തന്നെ ആൻഡ്രൂ സത്യവാൻ എന്ന മറ്റൊരു സുവിശേഷപ്രഘോഷകനും പിഴ ശിക്ഷ ലഭിച്ചിരുന്നു. ജോഷ്വയെ കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്നും, എന്നാൽ കേസ് ഇത്രയും നീണ്ടു പോയതിൽ ആശങ്കയുണ്ടായിരിന്നുവെന്നും ക്രിസ്ത്യൻ ലീഗൽ സെന്റർ എന്ന സംഘടനയുടെ അധ്യക്ഷൻ ആൻഡ്രു വില്യംസ് പത്രക്കുറിപ്പിൽ പറഞ്ഞു. മറ്റുള്ള മതവിശ്വാസങ്ങൾ പിന്തുടരുന്ന ആളുകൾ ഒരു സമയത്ത് ഒരേ സ്ഥലത്ത് വലിയ സംഖ്യയിൽ ഒരുമിച്ചു കൂടിയാലും പോലീസ് അവരോടൊപ്പമാണെന്നും, എന്നാൽ ക്രൈസ്തവരെ എളുപ്പമുള്ള ഇരകളായാണ് കൊറോണാ വൈറസ് വ്യാപന കാലത്ത് പോലീസ് കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.