ഒട്ടാവ : കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പൊതു തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷെ ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരാനിരിക്കുന്നത് ശുഭകരമായ ദിവസങ്ങളെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. തിങ്കളാഴ്ചയാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
കേവല ഭൂരിപക്ഷം ലഭിക്കാന്‍ 170 സീറ്റുകളാണ് ലഭിക്കേണ്ടത്. എന്നാല്‍ അത് നേടാന്‍ ലിബറല്‍ പാര്‍ട്ടിക്ക് ആയില്ലെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 157 സീറ്റുകളാണ് ലഭിച്ചത്. 123 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത് രണ്ട് വര്‍ഷം കഴിഞ്ഞാണ്. കൊവിഡ് മഹാമാരിയെ തരണം ചെയ്തതിലൂടെ സര്‍ക്കാരിനും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ലഭിച്ച ജനസ്വീകാര്യത മുതലെടുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം മുന്‍പേ തന്നെ നടത്താന്‍ ട്രൂഡോ തീരുമാനിച്ചതെന്ന രീതിയില്‍ വിലയിരുത്തലുണ്ടായിരുന്നു.
കൊവിഡിന്റെ ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെട്ട സമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. 2015ലാണ് ജസ്റ്റിന്‍ ട്രൂഡോ ആദ്യമായി അധികാരത്തിലെത്തുന്നത്.