ഇറാഖിലെയും സിറിയയിലെയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള എച്ച്.ആര്‍ 390 ബില്‍ പതിനേഴ് മാസങ്ങള്‍ക്ക് ശേഷം അമേരിക്ക പാസ്സാക്കി

വാഷിങ്ടൺ: ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങളുടെ പുനരേകീകരണത്തിന് വേണ്ടിയുള്ള എച്ച്.ആര്‍ 390 ബില്‍ പതിനേഴ് മാസങ്ങള്‍ക്ക് ശേഷം അമേരിക്കൻ പ്രതിനിധിസഭ ഐകകണ്ഠേന പാസ്സാക്കി.
“ഇറാഖ് ആന്‍ഡ്‌ സിറിയ ജെനോസിഡ് റിലീഫ് ആന്‍ഡ്‌ അക്കൗണ്ടബിലിറ്റി ആക്റ്റ്” എന്ന പേരിലും അറിയപ്പെടുന്ന ഈ ബില്‍ നവംബര്‍ 27 ചൊവ്വാഴ്ചയാണ് പാസ്സാക്കിയത്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ വംശഹത്യക്കും, മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കും, യുദ്ധത്തിനും ഇരയായ ക്രിസ്ത്യന്‍, യസീദി സമുദായാംഗങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കുകയാണ് ബില്ലിന്റെ പ്രധാന ഉദ്ദേശ്യം. ഇരു വിഭാഗങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിനും, നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുക, ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദ സംഘടനകള്‍ ചെയ്ത കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നവരെ സഹായിക്കുക, കുറ്റവാളികളെ കണ്ടെത്തി വിചാരണ ചെയ്യുവാന്‍ സഹായിക്കുക എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

Comments (0)
Add Comment