ജക്കാര്‍ത്ത: ഇസ്ലാമിനെതിരെ മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തി രണ്ടുവർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയായ മുൻ ഇന്തോനേഷ്യൻ ഗവർണർ അടുത്തമാസം ജയിൽ മോചിതനാകും. നിശ്ചിത ശിക്ഷാ കാലാവധിക്കും 4 മാസം മുമ്പേയാണ് അഹോക്ക് ജയിൽ മോചിതനാകുന്നത്. 1960നു ശേഷം ഇന്തോനേഷ്യൻ തലസ്ഥാനം ഭരിക്കുന്ന ആദ്യത്തെ ക്രൈസ്തവ ചൈനീസ് വംശജനാണ് അഹോക്ക്. തന്റെ മുസ്ലിം എതിരാളികൾ ഖുറാൻ വചനങ്ങൾ ഉദ്ധരിച്ച് തനിക്ക് ലഭിക്കേണ്ട വോട്ട് തന്റെ ക്രൈസ്തവ വിശ്വാസം ചൂണ്ടിക്കാട്ടി നിഷേധിക്കുന്നുവെന്ന് അഹോക്ക് നടത്തിയ ആരോപണമാണ് അദ്ദേഹത്തിനെതിരെ മതനിന്ദ കുറ്റമായി ആരോപിക്കപ്പെട്ടിരുന്നത്.
തുടര്‍ന്നു അദ്ദേഹത്തിന് രണ്ടു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെടുകയായിരിന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന വിചാരണയില്‍, താന്‍ നിരപരാധിയാണെന്നും, തെറ്റായ കാര്യങ്ങളാണ് തന്റെ പേരില്‍ ചിലര്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞു ഗവര്‍ണര്‍ ബസുക്കി കോടതി മുറിയില്‍ പൊട്ടികരഞ്ഞിരിന്നു. നേരത്തെ തന്റെ മുന്‍ഗാമിയായിരുന്ന ജോക്കോ വിഡോഡോ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയായ ബസുക്കി ജഹാജ ജക്കാര്‍ത്ത ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്.
മെയ് മാസം വരെ ശിക്ഷ വിധിച്ചിരുന്ന അഹോക്ക് തന്റെ മാന്യമായ പെരുമാറ്റം മൂലം ജയിൽ ശിക്ഷയിൽ ഇളവ് ലഭിച്ച് ജനുവരി ഇരുപത്തിനാലാം തീയതിയായിരിക്കും ജയിൽ മോചിതനാകുന്നത്.