കാലം മാറിയിരിക്കുന്നു, കാലത്തിനൊത്ത് കോലവും. യുവത്വം മാറി യുവാക്കളും മാറി, അവരുടെ ശീലങ്ങളുടെ ചിട്ടകളും മാറി. മാറുന്ന കാലത്തിനൊപ്പം അവരും മാറുകയാണ്. എന്നാല്‍ അതൊരിക്കലും നല്ല മാറ്റമാണെന്ന് കരുതരുത്. എത്ര മാറുന്നു, ഏതു രീതിയിൽ മാറുന്നു എന്നാണ് നാം ചിന്തിക്കേണ്ടത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ പുതിയ തലമുറയിലെ യുവാക്കള്‍. അതോ ഇന്റര്നെറ്റിനും വീഡിയോ ഗെയിമുകളിലും ഒതുങ്ങി കൂടുകയാണോ? അല്പം കൂടി കടന്നു ചിന്തിച്ചാൽ മാതാപിതാക്കളെ ബഹുമാനമില്ലാത്ത, സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത, ഉത്തരവാദിത്ത ബോധം നഷ്ടമായ വെറും പേകൊലങ്ങൾ മാത്രമായോ നമ്മുടെ ഇന്നത്തെ തലമുറ..
എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
ഇതിനു ആർ കാരണക്കാർ?
പല കുടുംബങ്ങളിലും വേദനയോടെ കേൾക്കുന്ന ഒരു വാചകമാണ് ദൈവമേ ഇവൻ എങ്ങനെ ഇങ്ങനെ ആയി പോയി എന്നും, ഇവനെ ഓർത്തുള തലവേദനയേ ഉള്ളു എന്നും. ജനിച്ചു മുട്ടിൽ ഇഴയുന്ന പ്രായം മുതൽ വേണ്ടുന്നതെല്ലാം സാധിച്ചുകൊടുത്തും, ഒരു പരിധിക്ക് അപ്പുറം ലാളിച്ചും കൊഞ്ചിച്ചും വളർത്തിയെടുക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെ ഒരു അർത്ഥത്തിൽ വളം വെച്ചു കൊടുക്കുന്നത് നമ്മൾ തന്നെയാണ്.. കുടുബത്തിൽ മാതൃക പരമായ ജീവിതം നയിക്കാതെ തോന്നിയ രീതിയിൽ ഉള്ള ജീവിതം നയിച്ചും,സഭയും, ആരാധനയും കേവലം ഒരു ചടങ്ങായി മാത്രം കണ്ട് ഒരു ഒഴുക്കിന് അങ്ങു നീങ്ങുന്ന ക്രിസ്തീയ കുടുംബങ്ങൾ ഇന്ന് ക്രിസ്തീയ ഗോളത്തിൽ കൂടിവരുന്നു. ഒരുമിച്ചിരുന്നുള്ള സന്ധ്യാ പ്രാർഥന ഇന്ന് പല കുടുംബങ്ങളിലും അന്യം നിന്നു പോയിരിക്കുന്നു.. പായി വിരിച്ചു പ്രാർത്ഥിക്കേണ്ട സമയങ്ങൾ ഇന്ന് tv സീരിയേലുകൾ കയ്യടക്കിയിരിക്കുന്നു, ഇവ എല്ലാം കണ്ട് ഇന്നത്തെ തലമുറയും അത് പിന്തുടരുന്നു.
ഇന്നത്തെ കുഞ്ഞുങ്ങൾക്കു റെഗുലർ ക്ലാസ്സും, എസ്ട്ര ക്ലാസ്സും അതിനും അപ്പുറം സ്‌പെഷ്യൽ ക്ലാസും വെച്ചു പഠിപ്പിക്കാൻ വിടുമ്പോൾ ഓർക്കുക ദൈവ വചന പഠനത്തിനായി ഞായറാഴ്ച രാവിലെ ഉള്ള 2 മണിക്കൂർ സൺഡേ സ്കൂൾ അതും ജീവിതത്തിൽ വിലയേറിയതാണ്.. സ്വന്തം കുഞ്ഞുങ്ങൾ സൺഡേ സ്കൂൾ പഠിച്ചില്ലെങ്കിലും വേണ്ടുകില്ല ഞായറാഴ്ച രാവിലെ സ്‌പെഷ്യൽ ക്ലാസിനു കുഞ്ഞുങ്ങളെ പറഞ്ഞുവിടുന്ന പ്രിയ മാതാപിതാക്കളെ ഒന്നോർക്കുക ഉന്നത വിദ്യാഭ്യാസം മകൾക്കു കൊടുക്കുന്നത് നല്ലത് തന്നെ എന്നാൽ അല്പ സമയം ദൈവസനിധിയിൽ വന്നിരുന്നു ദൈവ വചനം പഠിക്കുന്നത് ആയിരിക്കും അവരിലെ കുഞ്ഞു മനസിലെ നല്ല മാറ്റങ്ങൾക്കു കാരണം ആകുന്നത്. വിശുദ്ധ ബൈബിൾ ഇപ്രകാരം പറയുന്നു യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു..
മാറ്റങ്ങൾ നമ്മുടെ കുടുംബങ്ങളിൽ നിന്നും തന്നെ തുടങ്ങട്ടെ നമ്മുടെ കുഞ്ഞുങ്ങൾ ദൈവ ഭയത്തിൽ വളരട്ടെ, വചനം എന്ന മായമില്ലാത്ത പാൽ കുടിച്ചു വളരുന്നവരുന്ന ഓരോ തലമുറയും ആ കുടുംബത്തിനും, സഭയ്ക്കും, സമൂഹത്തിനും എന്നും ഒരു മുതൽകൂട്ടായിരിക്കും.
ലോകത്തിന്റെ മോഹങ്ങൾ തേടി അലയുവാൻ അല്ല, കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടു അലയുവാൻ അല്ല, മറിച്ചു നല്ല ഫലങ്ങൾ കായിക്കുന്ന വൃക്ഷം ആയി തീരുവാൻ വരും തലമുറയ്ക്ക് സാധിക്കട്ടെ.. ദൈവീക സ്നേഹത്തിന്റെ നല്ല വിത്തുകൾ കുഞ്ഞുമനസിലേക് പകർന്നു നൽകാം, നമ്മുടെ തലമുറ നേരിന്റെ നന്മയുള്ള വഴിയേ വളരട്ടെ..
- Design