സൗമ്യനായ സാം സാർ | അനുസ്മരണം
ഡാനിയേൽ ഈപ്പച്ചൻ (നാഷണൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് - കെ.എസ്.എ
സാം സാർ എന്ന് ശ്രേഷ്ഠ ദൈവഭൃത്യൻ നിത്യതയിൽ ചേർക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ മുതൽ നിരവധി അനുസ്മരണ സന്ദേശങ്ങൾ വായിച്ചു. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, “അദ്ദേഹം ഒരു മഹാപ്രതിഭ ആയിരുന്നു.” എന്നാൽ ഇത്രയും വലിയ മനുഷ്യൻ ആയിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന വിഷയം ആണ്. അതിനു പ്രധാന കാരണം നിർവചിക്കുവാൻ കഴിയാത്ത വിധത്തിൽ ഉള്ള അദ്ദേഹത്തിന്റെ സൗമ്യത തന്നെയാണ്. 17 വർഷം മുൻപ് നടന്ന ഒരു ഐ.സി.പി.എഫ് ക്യാമ്പിൽ വെച്ചാണ് അദ്ദേഹവും ആയി ആത്മബന്ധം സ്ഥാപിക്കുന്നത്. അതിനു ശേഷം ആണ് ഞാൻ മനസ്സിലാക്കുന്നത് എൻ്റെ പിതാവും വല്ല്യപ്പച്ചനും ആയി അദ്ദേഹം ദീർഘവർഷങ്ങൾ ആയുള്ള ആത്മീയ ബന്ധം പുലർത്തിയിരുന്നു എന്നത്. തുടർന്നു അദ്ദേഹത്തിന്റെ മക്കളോട് ഒരുമിച്ചു 2005 മുതൽ 2011 വരെ തിരുവനന്തപുരത്തു പ്രവർത്തിക്കുവാൻ അവസരം കിട്ടിയപ്പോൾ അര നൂറ്റാണ്ടോളം പ്രായ വ്യത്യാസം ഉണ്ടായിരുന്ന സാം സാർ എന്ന വ്യക്തി ഏറ്റവും അടുത്ത സുഹൃത്തിനു തുല്യം എന്നെ സ്നേഹിക്കുന്ന വ്യക്തിയായി. നിരവധി സ്ഥലങ്ങളിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുവാൻ അവസരം ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ സ്നേഹത്തെ അദ്ദേഹം വർണ്ണിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകാതെ ഒരു മീറ്ററിംഗിൽ നിന്നും എഴുന്നേൽക്കുവാൻ കഴിഞ്ഞിട്ടില്ല. 2003ൽ എൻ്റെ വല്യപ്പച്ചൻ നിത്യതയിൽ പ്രവേശിച്ച ശേഷം ഞങ്ങളുടെ കുടുംബത്തിലെ ഏതു പ്രധാന വിഷയത്തിലും ആദ്യം സാം സാറിനെ കൊണ്ടു പ്രാർത്ഥിപ്പിച്ചു മാത്രമേ തുങ്ങുമായിരുന്നുള്ളു. പെന്തക്കോസ്ത് മലയാളി സമൂഹത്തിൽ അദ്ദേഹത്തിന് പകരം ഉയർത്തിക്കാട്ടുവാൻ ആരുമില്ല എന്നത് ഒരു യാഥാർഥ്യം തന്നെയാണ്. നിത്യതയിൽ നമുക്കു ഒരുമിച്ചു കാണാം എന്ന പ്രത്യാശയുടെ വാക്കുകൾ കുടുംബാംഗങ്ങൾക്കു കൈമാറുന്നു.