ഓർമ്മകുറിപ്പുകൾ | “സംഗീതത്തെയും കലാകാരന്മാരെയും സ്നേഹിച്ച ദൈവദാസൻ പാസ്റ്റർ പി. ആർ ബേബി” | ബ്രദർ എബി ശാമുവേൽ –

0 1,469

നമ്മുടെ മുൻപിനിന്നും വിടവാങ്ങിപോയ പാസ്റ്റർ പി. ആർ. ബേബി ഒരു ബഹുമുഖ പ്രതിഭ
ആയിരുന്നു എന്ന് നിസ്സംശയം പറയുവാൻ കഴിയും. നല്ല വിദ്യാഭ്യസവും, ലോക ജ്ഞാനവും, വേദപരിജ്ഞാനവും, അനേകം വിഷയങ്ങളെ പാറ്റി പഠിക്കാൻ ശ്രമിച്ച ഒരു വ്യക്തിത്വവും ആയിരുന്നു പ്രിയ പാസ്റ്റർ. തന്നെ നേരിട്ടും അടുത്തും മനസ്സിലാക്കാൻ ശ്രമിച്ച ഒരു ആൾ എന്ന നിലയിലാണ് എന്റെ ഈ കുറുപ്പ്.

അദ്ദേഹത്തെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കേരളത്തിൽ ക്രിസ്ത്യാനികൾക്ക് തന്നെ പല കാര്യങ്ങളിലും പ്രൊഫഷണലിസം കൊണ്ട് വന്ന ഒരു നേതാവ് എന്നാണ്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്രിസ്തീയ സംഘടനകളെയും ഒരുമിച്ച് നെടുബാശ്ശേരി എയർപോട്ടിൽ അദ്ദേഹം നടത്തിയ മീറ്റിംഗ്, സുപ്രസിദ്ധ സുവിശേഷകൻ റെയ്‌നാർഡ് ബൊങ്കെയുടെ എറണാകുളത്തെ ക്രൂസേഡ് തുടങ്ങി എറണാകുളത്ത് നടന്ന വലിയ മീറ്റിംഗുകളുടെ എല്ലാം പ്രധാന ശില്പി എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഏക വ്യക്തിത്വം. മികച്ച പ്രഭാഷകൻ, ലക്ഷകണക്കിന് ജനങ്ങളെ സ്വാധീനിച്ച ഒരു നേതാവ്, ദൈവാലോചന കൃത്യമായി പറയുന്ന ഒരു പ്രവാചകൻ അങ്ങനെ അനേകം വിശേഷങ്ങൾ അദ്ദേഹത്തെ പറ്റി പറയാൻ സാധിക്കും. അദ്ദേഹത്തിന്റെ വിപ്ലവകരമായ മുന്നേറ്റങ്ങൾ വഴി യേശുക്രിസ്തുവിന് കണ്ടെത്തിയ ലക്ഷക്കണക്കിന് ജനങ്ങൾ, അദ്ദേഹം നേരിട്ട് ക്രിസ്തുവിലേക്കു നയിച്ച വിശ്വാസികൾ, ഇവരെല്ലാമാണ് ആ ദൈവമനുഷ്യൻ സ്വർഗത്തിലേക്ക് കൂട്ടി വച്ചിരിക്കുന്ന വലിയ സമ്പാദ്യങ്ങൾ.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ പി . ആർ. ബേബിയെപ്പറ്റി ഓർക്കുമ്പോൾ മലയാള ക്രിസ്ത്യൻ സംഗീത ശുശ്രുഷയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്ത വ്യക്തികളിൽ ഒരാൾ എന്ന നിലയിൽ ആകും ചരിത്രത്തിൽ അദ്ധേഹത്തിന്റെ ഒരു സ്ഥാനം. കേരളത്തിൽ വേർപെട്ട ക്രിസ്തീയ വിശ്വാസികളുടെ ശുശ്രൂഷകളിൽ ഏറ്റവും കൂടുതൽ മാറ്റം കൊണ്ടുവരുവാനും അതിന്റെ നിലവാരം ഉയർത്തുവാനും പ്രിയ ബേബി പാസ്റ്റർ നൽകിയ സംഭാവനകൾ ചെറുതല്ല. ക്രിസ്തീയ ശുശ്രൂഷകളിൽ സംഗീതത്തിന് ഏറ്റവും ഉയർന്ന ഒരു സ്ഥാനം ഉണ്ടന്ന് നമുക്ക് അറിയാമല്ലോ. അതുകൊണ്ടു തന്നെ ആ ശുശ്രൂഷ ചെയ്യുന്നവർയും ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും, സംഗീത പഠനത്തിലും കലയുടെ അഭ്യാസത്തിലും നല്ല നിലവാരും ഉണ്ടായിരിക്കണം എന്ന് വളരെ നിർബന്ധം പ്രിയ ബേബി പാസ്റ്റർക്ക് ഉണ്ടായിരുന്നു. അതിനു വേണ്ടി എത്ര പണം ചിലവായാലും, മറ്റു എന്തെല്ലാം സൗകര്യങ്ങൾ ആവശ്യം ഉണ്ടെങ്കിലും ചെയ്തു കൊടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഫെയ്ത്ത് സിറ്റി യിലെ എല്ലാ കുട്ടികളുടെയും താലന്തുകൾ വളർത്തണം, തന്റെ സഭയിലെ മക്കളുടെ താലന്തുകൾ ദൈവത്തിനുവേണ്ടി പ്രയോജനപ്പെടണം എന്ന ഒരു വാശി അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പറയുന്നതിന്റെ ഏറ്റവും വലിയ തെളിവ് എന്നത് ഫെയ്ത്ത് സിറ്റി ചർച്ച് എല്ലാ വർഷവും ചർച്ച് ഓഫ് ഗോഡിന്റെ വൈ പി ഇ യുടെയും സൺഡേസ്കൂളിന്റെയും താലന്ത് പരിശോധനകൾക്ക് നേടുന്ന സമ്മാനങ്ങൾ തന്നെയാണ്. അധികം വർഷങ്ങളിലും ഫെയ്ത്ത് സിറ്റി ചർച്ച് തന്നെയാണ് ഏറ്റവും കൂടുകൾ പോയിന്റുകൾ നേടുന്ന സഭയും, ഡിസ്ട്രിക്റ്റും,സോണും നിലനിർത്തിയിരുന്നത്.

സംഗീതത്തോടും കലാകാരന്മാരോടും ബേബി പാസ്റ്റർക്ക് അതിയായ സ്നേഹവും കരുതലും ഉണ്ടായിരുന്നു. കേരളത്തിൽ ക്രൂസേഡുകളിൽ മാത്രം ഉണ്ടായിരുന്ന സംഗീത പ്രോഗ്രാമുകൾക്ക്, ഒരു മ്യൂസിക് ക്രൂസേഡ് / കോൺസെർട് എന്ന നിലവാരത്തിലേക്ക് ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കുവാൻ ബേബി പാസ്റ്റർ എടുത്ത പരിശ്രമം ചെറുതല്ല. കേരളത്തെ മാത്രമല്ല, മലയാളികൾ ഉള്ള എല്ലാ നാട്ടിലും അഭിമാനിക്കത്തക്ക രീതിയിൽ നടത്തപ്പെട്ട Mighty Thunder concert കേരളത്തിലെ സംഗീത ശാഖക്ക് വലിയ ഉത്തേചനമായി. ക്രിസ്തീയ രംഗത്തും സെക്കുലർ രംഗത്തും അറിയപ്പെടുന്ന വിശ്വാസികളായ എല്ലാ കലാകാരന്മാരെയും അദ്ദേഹം തന്റെ പ്രോഗ്രാമുകളിൽ കൊണ്ടുവന്ന് ആദരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു. ഈ വലിയ കോൺസെർട്ടുകളുടെ ഭാഗമാകാൻ ഈ എനിക്കും ലഭിച്ച ഭാഗ്യത്തെ ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുകയും അതിനു അവസരം തന്ന ബേബി പാസ്റ്ററിന് നന്ദിയോടെ ഓർക്കുകയും ചെയ്യുന്നു.

MIGHTY THUNDER Concert ൽ മാത്രമല്ല ഫെയ്ത്ത് സിറ്റി ചർച്ച്, കളമശ്ശേരിയിലും ഫെയ്ത്ത് സിറ്റി തിരുവനന്തപുരം ചർച്ചിലും, ഫെയ്ത്ത് സിറ്റി ചർച്ച് ക്യാമ്പുകളിലും, വർഷ അവസാന യോഗങ്ങളിലും പല പ്രാവശ്യം ആരാധനക്ക് നേത്രത്വം ചെയ്യുവാനും കീബോർഡ് വായിക്കുവാനും താലന്ത് പരിശോധനകളിൽ ജഡ്ജ് ആകുവാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇതിൽ വലുതായി ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്ന വ്യക്തി പരമായ ഒരു സംഭവം ഉണ്ട്. ഞാൻ ആദ്യമായി ബേബി പാസ്റ്ററെ പരിചയപ്പെട്ട ദിവസം; Faith City Church Trivandrum church ന്റെ കൺവെൻഷന്റെ അവസാന ദിവസം, പ്രിയപ്പെട്ട സാംസൺ കോട്ടൂർ വർഷിപ്പ് ലീഡ് ചെയ്യുന്നു ഞാൻ കീബോർഡിലും. ബേബി പാസ്റ്റർ എന്നോട് ഒരു പാട്ടിന് കീബോര്ഡ് വായിക്കുവാൻ തയ്യാറായി നിൽക്കണം എന്ന് പറഞ്ഞു. ആ ഗാനം 6/8 Time Signature ഇൽ ആണ്, പക്ഷെ ബേബി പാസ്റ്റർ പാടിയപ്പോൾ അത് സാധാരണ 4/4 ഇൽ പാടുകയും ചെയ്തു. മനസില്ല മനസോടെ ഞാൻ ആ താളം ഇട്ട് കീബോര്ഡ് വായിച്ചു. മീറ്റിംഗ് കഴിഞ്ഞു ബേബി പാസ്റ്റർ ഒരു മുൻപരിചയും ഇല്ലാത്ത, അതും ആദ്യമായി കാണുന്ന എന്നെ അടുത്ത് വിളിച്ചു. ആ പാട്ടിൻറെ താളത്തിന്റെ പ്രശ്നം എന്നാണെന്ന് ചോദിച്ചു; 6/8 തലത്തിലുള്ള പാട്ടുകൾ എല്ലാം നമ്മൾ സാധാരണയായി 4/4 താളത്തിൽ സഭകളിൽ പാടി ഫലിപ്പിക്കുന്നതിനെപ്പറ്റി കുറച്ചു നേരം ചർച്ച ചെയ്തു. അന്ന് രാത്രി തുടങ്ങിയ ആ ആത്മബന്ധമാണ് അവസാനം വരെ ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പിന്നീട് തിരുവനന്തപുരത്ത് മിക്ക മീറ്റിംഗുകൾക്കു വരുമ്പോഴും കീബോർഡ് വായിച്ചു തരണം എന്ന് പാസ്റ്റർ വിളിച്ചു പറയുമായിരുന്നു. അങ്ങനെ ഞങ്ങൾ തമ്മിലുള്ള ബന്ധം വളരെ അടുത്തു. എന്റെ പിതാവ് ചർച്ച് ഓഫ് ഗോഡ് സഭയിലെ ഒരു പാസ്റ്റർ ആണ് എന്നതും, പിതാവിനെ ബേബി പാസ്റ്റർക്ക് വളരെ കാലം മുൻപേ അറിയാമെന്നതും, പിന്നീട് എന്റെ മാതാവിന്റെ സഹോദരൻ ബേബി പാസ്റ്ററുടെ ബൈബിൾ ട്രെയിനിങ് സെന്ററിന്റെ ഉത്തരവാദിത്വത്തിൽ വന്നതും ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കി. ഈ അവസരങ്ങൾക്ക് എല്ലാം ദൈവത്തോട് എപ്പോഴും ഞാൻ നന്ദിയുള്ളവനാണ്.

പാസ്റ്റർ പി . ആർ ബേബിയുടെ വിയോഗം ഫെയ്ത്ത് സിറ്റി ചർച്ചിനും ചർച്ച ഓഫ് ഗോഡ് സംഘടനകൾക്കും മാത്രമല്ല ലക്ഷകണക്കിന് വിശ്വാസി സമൂഹത്തിനും, ക്രിസ്തീയ കലാകാരന്മാർക്കും, സഭയുടെ നവീകരണം ആഗ്രഹിക്കുവർക്കും തീരാ നഷ്ടമാണ്. എന്നാൽ അദ്ദേഹം ആരംഭിച്ചുതന്ന പല മാതൃകകളും നമുക്കും വരും തലമുറക്കും നല്ല ഒരു അടിസ്ഥാനമാണ്. ദൈവം അയച്ചിട്ട് വന്ന ഈ ദൈവദാസന്റെ പാത നമുക്കും പിന്തുടരാം, ദൈവീക ഉദ്ദേശത്തിനായി ജീവിക്കാം.

You might also like
Comments
Loading...