ലേഖനം | ‘ആദിയില്‍ ദൈവം’ ദൈവവചനത്തിന്റെ ആധികാരിക ശബ്ദം | അലക്‌സ് പൊന്‍വേലില്‍

0 549

മനുഷ്യചരിത്രം ആരംഭിക്കുന്ന ആധികാരിക രേഖകള്‍ ആലേഖനം
ചെയ്തിരിക്കുന്നത് ബൈബിളിലാണ് എന്നത് വളരെ വ്യക്തമാണ്. അത് ആരംഭിക്കുന്നത് തന്നെ അവന്റെ സൃഷടാവില്‍നിന്നും “ആദിയില്‍ ദൈവം” എന്ന് ആധികാരിക ശബ്ദത്തോടെ ഒരു സംശയത്തിനും ഇട നല്‍കാതെ, വായിക്കുന്ന ഏതു ഹൃദയങ്ങളിലും പ്രതിധ്വനിക്കുന്നതായിരുന്നു അതിന്റെ മുഴക്കം. ഗ്രീക്ക് തത്വജ്ഞാനിയും, ശാസ്ത്രജ്ഞനുമായിരുന്ന അരിസ്റ്റോട്ടില്‍ (384 B.C. to 322 B.C.) പ്ലാറ്റോയുടെ പാഠശാലയില്‍ വിദ്യ അഭ്യസിച്ചവനും അറിയപ്പെട്ടിരുന്ന ഒരു ചൊല്ലുണ്ട്. നല്ല ആരംഭം പാതി പൂര്‍ത്തിയാക്കുന്നതുപോലെ എന്ന് (Well begun is half done) ആരംഭം നന്നായാല്‍ പാതി പൂര്‍ത്തിയാക്കിയതുപോലെ, ബൈബിളിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ. ഇന്നു നാം കാണുന്ന ബൈബിള്‍ ആംഗലേയ ഭാഷയില്‍ ജയിംസ് രാജാവിന്റെ ഭാഷ്യത്തില്‍ പുറത്തിറങ്ങിയത് 1611ല്‍ ആണെങ്കിലും എബ്രായ
ഭാഷയില്‍ യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥം തന്നെയാണ് ഏറ്റവും പുരാതനമായ വിശുദ്ധഗ്രന്ഥം. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ എന്ന ഏക വാക്യം മതി എഴുത്തുകാരനെ പറ്റി നമുക്ക് വ്യക്തത ലഭിക്കാന്‍. മോശയോ, ദാവീദോ, പൗലോസോ, പത്രോസോ ആരും ആകട്ടെ, ദൈവം നിരൂപിച്ചതുമാത്രമേ അക്ഷരമായി രൂപം കൊണ്ടിട്ടുള്ളൂ.
മാനുഷീക കരങ്ങൾ രചിച്ചു എങ്കിലും പരിശുദ്ധാത്മാവായിരുന്നു അതിനു പിന്നില്‍. ബൈബിള്‍ ഒരിക്കലും അവ്യക്തതയില്‍ നിന്നും ആരംഭിച്ചതല്ല. ദൈവത്തിന്റെ അസ്ഥിത്വം തെളിയിക്കുവാനുള്ള ബദ്ധപ്പാടുകള്‍ ഒന്നും ഇവിടെയില്ല. സകലത്തിലും കാരണഭൂതനായ ദൈവം പറയുന്നു. അനാദികാലത്തിനു അതിരിടുന്നവന്‍, നിത്യത പ്രവേശത്തിനുമുമ്പ് സമയത്തിന് അതിരിട്ടുകൊണ്ട് ഞാനാകുന്നവന്‍ പറയുന്നു ആദിയില്‍ ദൈവം ആകാശവും
ഭൂമിയും സൃഷ്ടിച്ചു. എക്കാലത്തും ബൈബിള്‍ മുന്നോട്ടുവെക്കുന്ന സന്ദേശം അതുതന്നെയാണ്. ദൈവത്തെ കൂടാതെ, എന്തെങ്കിലും നിലനിന്നിരുന്നതായി നാം കാണുന്നില്ല. ദൈവത്തെ കൂടാതെ ഒന്നിനും നിലനില്‍പ്പുമില്ല. അതുകൊണ്ട് ദൈവം തന്റെ ജനത്തിന് ആദ്യ സന്ദേശം കൈമാറി ആദിയില്‍ ദൈവം എന്ന്. ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ സകലത്തിന്റെയും
കാരണമായ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നു എന്നും വിശ്വസിക്കണം. ഹൃദയ നുറുക്കത്തോടെ ദൈവത്തോട് അടുത്തു ചെല്ലുന്നവര്‍ക്ക് അവന്‍ സമീപസ്ഥനായും, വിടുവിക്കുന്നവനായും ഇരിക്കുന്നു. (എബ്രായര്‍ 11:6, സങ്കീര്‍ത്തനം 34:18).
ദൈവകൃപ പ്രാപിച്ച നോഹയുടെ പിന്‍തലമുറക്കാര്‍ പ്രളയാനന്തരം,
ഹൃദയത്തില്‍ അഹങ്കാരത്തോടും അല്‍പം ധാര്‍ഷ്ട്യത്തോടും തീരുമാനിച്ചു നാം ഒരുമിച്ചു നിന്നാല്‍ ആകാശത്തോളമെത്തുന്ന ഒരു ഗോപുരവും നമ്മുടെ പേരില്‍ അറിയപ്പെടുന്നതായ ഒരു പട്ടണവും ഉണ്ടാക്കാം, അങ്ങനെ ദൈവത്തെ കൂടാതെ നമുക്ക് അങ്ങനെ വാഴുന്നവരാകാം എന്ന്. പക്ഷേ , സ്വര്‍ഗത്തോളം ഉയര്‍ച്ച അവകാശപ്പെടുവാന്‍ പണിതുയര്‍ത്തിയ ഗോപുരം കാണുവാന്‍ ദൈവത്തിനിറങ്ങിവരേണ്ടി വന്നു. ഈ കൂട്ടര്‍ ദൈവത്തോട് അടുത്തുചെന്നത് മത്സരമനോഭാവത്തോടെയാണ്. പിന്നീട് അവര്‍ ചിതറപ്പെട്ട് ഉഴലുന്നവരായി മാറി. സാത്താനായി മാറിയ ദൂതര്‍ മുമ്പ് ദൈവത്തോട് സമനാകുവാന്‍ ആഗ്രഹിച്ചതുപോലെ, ഈ ദൂതര്‍ വെട്ടേറ്റു വീണു. (ഉല്‍പ്പത്തി 11:4, ഏശയ്യ 14:13)
ഒരിക്കല്‍ പരീശപ്രമാണികളില്‍ ഒരുവന്‍ യേശു നന്നായി ഉത്തരം പറയുന്നവനെന്ന് തിരിച്ചറിഞ്ഞ് തന്നെ സമീപിച്ചു ചോദിച്ചു. മുഖ്യ കല്‍പ്പന ഏതെന്ന്. കര്‍ത്താവ് പറഞ്ഞ മറുപടി ഏറെ പ്രസക്തമാണ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും സ്‌നേഹിക്കണം. ആദിയില്‍ ദൈവത്തെ നിറുത്തുന്നവന് മാത്രം സാധ്യമാകുന്ന പദവി, കല്‍പ്പനാ പാലനം (അനുസരണം) എന്ന ദൈവപൈതലിന്റെ ശ്രേഷ്ഠ അനുഭവം. (മര്‍ക്കോസ് 12:28-30) ഇതിനപ്പുറം ഒരു കല്‍പ്പനയും ഇല്ല തിരുവചനത്തില്‍. ദാവീദ് തന്റെ അനുഭവം ഓര്‍മ്മിപ്പിക്കുന്നു. ഞാന്‍ ദൈവത്തെ എപ്പോഴും എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു. അതുകൊണ്ട് ഞാന്‍ കുലുങ്ങിപോകയില്ല. (സങ്കീര്‍ത്തനം 16:8) ഇനിയും ഇങ്ങനെ ദൈവത്തെ സമസ്ത മണ്ഡലങ്ങളിലും ആദിയില്‍ നിറുത്തുന്നതിന്റെ ഒരു നേട്ടം കൂടി ഓര്‍മ്മിപ്പിച്ച് അവസാനിപ്പിക്കട്ടെ. ഇന്ന് ലോകം മുഴുവനും ആകുലതയില്‍ ആണ്. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍, മക്കളുടെ ഭാവി സംബന്ധിച്ച്, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ഭീഷണി, യുദ്ധമുഖത്ത് നില്‍ക്കുന്ന രാഷ്ട്രങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ഇവയൊക്കെ മനുഷ്യനെ അസ്വസ്ഥനാക്കുന്നു. ഈ അവസരത്തില്‍
യേശു തന്റെ ഗിരിപ്രഭാഷണത്തില്‍ തന്റെ ശിഷ്യന്മാരോട് പറയുന്ന വാക്കുകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ദൈവവും മാമോനും ഒരുമിച്ച് പോകില്ല. ഇന്നും ലോകവും അതിന്റെ മോഹങ്ങളുമാണ് ലോകത്തെ ഗ്രസിച്ചിരിക്കുന്നത് എങ്കില്‍ ദൈവത്തെ മറന്നേക്കൂ. എന്നിട്ട് ആകുലതയിലും, നിരാശയിലും ജീവിക്കൂ. അല്ല മുന്‍പേ അവന്റെ രാജ്യവും നീതിയുമെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ദൈവത്താല്‍ നിര്‍വ്വഹിക്കപ്പെടും. എന്താണ് നമ്മുടെ തീരുമാനം? ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലും ആദിയില്‍ ദൈവമോ, അതോ…..?

You might also like
Comments
Loading...