ലേഖനം | കഷ്ടതയുടെ കലാശാല (സങ്കീ.119:71) |

0 978

ജീവിതത്തിൽ കഷ്ടത ഇഷ്ടപ്പെടുന്നവരായി ആരുംതന്നെയില്ലാ. സന്തോഷവും ആനന്ദകരവുമായ ജീവിത ശൈലിയാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ തിരക്കേറിയ പരക്കംപാച്ചിലിൽ ആരോഗ്യമോ സമയമോ സാഹചര്യങ്ങളോ നോക്കാതെ, നാം ഓരോരുത്തരും കുടുംബത്തിനും കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടിയൊക്കെ കഠിനാധ്വാനം ചെയുന്നത്, സമാധാനപൂർണമായ ഒരു ജീവിതം സ്വായത്തമാക്കുവാനും ഭാവിയിൽ നമ്മൾ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ജീവിതപ്രശ്നങ്ങളെ എന്നെന്നേക്കുമായി അകറ്റി നിർത്തുവാനുമാണ്. എന്നാൽ കഷ്ടതയോടുള്ള പോരാട്ടത്തിൽ പലർക്കും അടിപതറുന്നു. പലരും പരാജയം സമ്മതിച്ചു ജീവിത ലക്ഷ്യത്തിൽനിന്നും ഒളിച്ചോടുന്നു. അനുഭവിക്കുന്ന ജീവിതവ്യഥയിൽ ആശ്രയമായും ആശ്വാസമായും കരുതിയവരിൽ പലരും കണ്ടിട്ടും കാണാതെ, അറിഞ്ഞിട്ടും അറിയാതെ മാറി കടന്നുപോകുന്നു. മറ്റൊരുകൂട്ടർ കൂട്ടമായി എന്ത് സംഭവിക്കും എന്നറിയുവാൻ നോക്കിനിൽക്കുന്നു. വേറൊരു കൂട്ടർ അപവാദ പ്രചാരണങ്ങളിലും മറ്റും ആനന്ദം കണ്ടെത്തുന്നു.

ഇതിന്റെ നടുവിൽ അറിഞ്ഞോ അറിയാതെയോ ശൂന്യതയിലേക്ക് വഴിതുവീണ മനുഷ ജീവിതം, നിരാശയിലേക്കോ അല്ലെങ്കിൽ ഏതെങ്കിലുമുള്ള മാർഗ്ഗത്തിലൂടെ എന്നെന്നേക്കുമായി അവസാനിപ്പിച്ചേക്കാം എന്നുള്ള അവസാന ചിന്തയിലേക്കോ വഴിമാറുന്നു. എന്നാൽ ഒരു ക്രിസ്തുഭക്തനെ സംബധിച്ചിടത്തോളം കഷ്ടത അനുഭവിക്കാതിരിക്കുവാനാവില്ല. ദൈവത്തിൽ ആശ്രയമുള്ള ഒരാൾ കഷ്ടതയെ ജീവിത പരാജയമായി കാണക്കാകുകയില്ല, മറിച്ച് നമ്മോടുള്ള ദൈവീക കർമ്മപദ്ധതിയിലെ ഒഴിവാക്കാനാവാത്ത ഒരു പാഠ്യവിഷയമായി മനസിലാക്കുന്നു. ഇങ്ങനെ മനസിലാക്കുവാൻ തുടങ്ങുമ്പോൾ ആണ് നമുക്ക് കഷ്ടത ഒരു പാഠശാലയായി മാറുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഈ കലാലയത്തിലെ ഏറ്റവും പ്രയാസമേറിയതും എന്നാൽ പഠിക്കുവാൻ ഏറെ ഗുണഗണങ്ങളുമുള്ള ഒരു വിഷയം ആണ് കഷ്ടത. കഷ്ടത എന്ന കലാശാലയിൽ ദൈവീക ചട്ടങ്ങൾ പഠിപ്പിക്കുന്നു (സങ്കീ.119 :71). കലാലയ ജീവിതം പഠന കാര്യങ്ങൾക്കായി ഉചിതമായി ഉപയോഗിക്കാത്തവരുടെ വിദ്യാഭ്യാസം പരാജയപെട്ടു ഗുണമില്ലാത്തതായി മാറുന്നു. അതുപോലെ തന്നെ കഷ്ടത എന്ന കലാശാലയിൽനിന്നും ദൈവീക ചട്ടങ്ങൾ പഠിക്കാത്തവർക്കു കഷ്ടത ഗുണമല്ല, എന്നും ഒരു ദോഷമായി മാറുന്നു. എന്നാൽ അനുഭവിയ്ക്കുന്ന കഷ്ടതയുടെ നടുവിലും പരിഭവമോ പരാതിയോ പിറുപിറുപ്പോ ഇല്ലാതെ ദൈവത്തിൽ ആശ്രയിക്കുകയും ദൈവീക ചട്ടങ്ങൾ പഠിക്കുവാനും പ്രമാണിക്കുവാനും മനസുകാണിച്ചവർ ശിഷ്ടായുസിൽ കരുത്തരായി മാറിയിട്ടുണ്ട്. ശാരീരികമായും മാനസികമായും അനുഭവിച്ച കഷ്ടതയെ എങ്ങനെ അഭിമുഖീകരിക്കാം എന്ന് ഇയോബിന്റെ ജീവിതാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കഷ്ടതയുടെ കാഠിന്യം രൂക്ഷമാകുമ്പോൾ നാം പിറുപിറുക്കുന്നു. സാഹചര്യങ്ങളെയും സമയങ്ങളെയും വ്യക്തികളെയും നാം കുറ്റപ്പെടുത്തുന്നു. കുറ്റപ്പെടുത്തലുകളും ഒറ്റപെടുത്തലുകളും ഇഷ്ടമില്ലാത്ത കഷ്ടതയിൽ കൂട്ടംകൂടി എത്തുമ്പോൾ ജീവിതാഭിലാഷങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമെല്ലാം അന്യമായി നഷ്ടങ്ങളുടെ വിലവിവരപട്ടികയുമായി ജീവിതം ശൂന്യതയിലേക്ക് വഴിത്തിരിയുന്നു.

ഈ അവസരത്തിൽ ആണ് കഷ്ടതയാകുന്ന കലാശാലയിൽനിന്നും വിജയകരമായി പഠനം പൂർത്തീകരിച്ച ഇയോബിന്റെ ജീവിതാനുഭവങ്ങൾ നമ്മെ ആത്മീയ പാഠങ്ങൾ പഠിപ്പിക്കുന്നത്‌. കഷ്ടതയുടെ കഠിന ശോധനയിൽകൂടി കടന്നുപോയ ആ ദൈവപുരുഷൻ തന്റെ പുരുഷായുസിൽ കഠിനാദ്ധ്യാനം ചെയ്തു നേടിയെടുത്ത സകലതും നഷ്ടമായിട്ടും, മക്കൾ മരിച്ചുപോയപ്പോഴും ഭാര്യ തള്ളിപ്പറഞ്ഞപോഴും ശാരീരിക വ്യഥ അധികമായപ്പോഴുമെല്ലാം ദൈവത്തെ സ്തുതിക്കുന്നത് കാണാം. കഷ്ടത ഇയോബിനെ കൂടുതൽ ദൈവത്തോട് അടുപ്പിച്ചു. ദൈവസന്നിധിയിൽ വിനയപ്പെടുന്നതിനും തന്റെ കുറവുകൾ പരിഹരിക്കുന്നതിനും താൻ താല്പര്യം കാട്ടി. ഇഹലോക ജീവിതയാത്രയിൽ നാം മാതൃകയാക്കേണ്ട പരമപ്രധാനമായ വസ്തുത സാഹചര്യങ്ങളെയോ സമയങ്ങളെയോ വ്യക്തികളെയോ പഴിക്കാതെ അനുഭവിക്കുന്ന കടുത്ത പരീക്ഷയുടെയും കഠിനമായ വേദനകളുടെയും നടുവിൽ ഇയോബിനെപ്പോലെ നാം ദൈവത്തിൽ ആശ്രയിക്കുവാൻ പഠിക്കുക എന്നുള്ളതാണ്.

ദൈവത്തിൽനിന്നും നന്മകൾ സ്വീകരിക്കുമ്പോൾ ദൈവത്തിനു മഹത്വം കൊടുക്കുന്നതുപോലെ തന്നെ കഷ്ടത വരുമ്പോഴും നാം അങ്ങനെതന്നെ ചെയേണ്ടതാണ്. നമ്മുടെ കുറവുകൾ പരിഹരിക്കുവാനും കൂടുതൽ ദൈവത്തോട് അടുക്കുവാനുമുള്ള ദൈവത്തിന്റെ ബാലശിക്ഷയാകുന്ന കഷ്ടതയുടെ സമയങ്ങളിൽ ദൈവം അനുവദിക്കുന്നത് എന്തുതന്നെ ആയാലും പൂർണ്ണമനസോടെ നാം സ്വീകരിച്ചാൽ അവയെല്ലാം നന്മക്കായി ഭവിക്കുന്നതു നമുക്ക് കാണാം (റോമ.8:35). ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങൾ നമ്മെ വിനയമുള്ളവരും അനുസരണമുള്ളവരും ആക്കും. ദൈവത്തിൽ ആശ്രയിക്കുന്നവർക്കു പരാജയങ്ങൾ, പ്രശ്നങ്ങൾ, കഷ്ടപ്പാടുകൾ, കടഭാരങ്ങൾ, രോഗങ്ങൾ, നിരാശകൾ, നഷ്ടങ്ങൾ തുടങ്ങിയവ ഒന്നും ഒരു അവസാനമല്ല. നാം അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തവനായ ദൈവത്തിന്റെ കരങ്ങളിൽ നമ്മുടെ സകല സാഹചര്യങ്ങളെയും സമർപ്പിച്ചാൽ ഇവയെല്ലാം നമ്മുടെ പ്രാർത്ഥന ജീവിതത്തിന്റെ പുതുക്കത്തിനായി ഉപയോഗിക്കാം. നാം ഇപ്പോൾ കടന്നുപോകുന്ന അവസ്ഥകൾ ഒരുപക്ഷെ കഠിനമാകും. എന്നാൽ ആ അവസ്ഥകൾ നമുക്ക് ദൈവീക ശ്രദ്ധ നമ്മിലേക്ക്‌ ആകർഷിക്കുന്നതായി മാറ്റാം.

യേശുവിന്റെ ഇഹലോകവാസത്തിൽ കഷ്ടതകൾ അതികഠിനമായിരുന്നു. എന്നാൽ യേശുവിന്റെ ആഗമനോദ്യേശത്തെ ഇവറ്റകൾക്കൊന്നും പരാജയപെടുത്തുവാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് യേശു പറഞ്ഞത്, ‘ലോകത്തിൽ ങ്ങൾക്കു കഷ്ടമുണ്ട് ധൈര്യപ്പെടുവിൻ” എന്ന്. കാരണം സകല കഷ്ടതകളെയും യേശു തൻ്റെ ഇഹലോക വാസത്തിൽ ജയിച്ചു. ഈ ലോകം നമുക്ക് കഷ്ടതകൾ സമ്മാനിക്കും എന്നാൽ പരാജയപെടുത്തുവാൻ കഴിയുകയില്ല. കാരണം സകലത്തിലും വിജയിച്ചവനായ യേശു നമ്മോടൊപ്പം ഉണ്ട്. യേശുവിലുള്ള വിശ്വാസവും ആശ്രയവും നമ്മെ വിജയത്തിലേക്ക് നടത്തും.

ആകയാൽ കഷ്ടത എന്ന കലാലയത്തിൽ നിന്നും ദൈവീക ചട്ടങ്ങൾ പഠിച്ചും അവ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കിയും, ഇനി ഒരു ഉയർച്ച ഉണ്ടാവില്ല എന്ന് ഹൃദയം കൊണ്ട് വിധിയെഴുതി തള്ളിയ സമൂഹത്തിനു മുൻപിൽ ഉന്നത വിജയം കൈവരിച്ചു സകലർക്കും ഒരു മാതൃകയാവാൻ ദൈവം നമ്മെ സഹായിക്കട്ടെ.!

You might also like
Comments
Loading...