ലേഖനം | സോളമൻ ഒരു പാഠം | ഇവ. ജോൺ എൽസദായി – ചീഫ് എഡിറ്റർ ശാലോം ധ്വനി

0 960

പുസ്തകങ്ങൾ മാത്രമല്ല നാം വായിക്കേണ്ടത്. മനുഷ്യരെയും നാം വായിക്കേണം. Life is a book. If you never turn the page, you will never know what the next chapter holds.”ഒരു മഹാനായ പണ്ഡിതൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ചില താളുകൾ ദുഃഖകരം, ചിലത് ആനന്ദം മറ്റു ചിലത് സന്ദേഹം അടുത്തത് ഒരു സന്ദേശം. ഇങ്ങനെ പോകുന്നു അതിന്റെ ഘടനകൾ. നാം മറ്റുള്ളവരെ വായിക്കുന്നതുപോലെ മറ്റുള്ളവർ നമ്മെയും പഠിക്കുന്നു എന്ന സത്യം മറക്കരുത്. ജീവിതം ഒരു പാഠശാലയാണെന്നും നാം ഓരോരുത്തരും അതിലെ വിദ്യാർത്ഥികളാണെന്നും വേറൊരു മഹാൻ പറഞ്ഞതായി എവിടെയോ വായിച്ചു. നാം പാഠപുസ്തകമായാലും പാഠശാലയായാലും മറ്റുള്ളവർക്ക് പഠിക്കുവാനും വായിക്കുവാനും പറ്റും വിധത്തിൽ സുതാര്യത വേണം. നാം ക്രിസ്തുവിന്റെ പത്രങ്ങൾ ആണെന്ന് അപ്പോസ്തോലൻ നമ്മെ പ്രബോധിപ്പിക്കുന്നു.


വിശുദ്ധ ബൈബിൾ അനേക പാഠപുസ്തകങ്ങൾ കൂട്ടിത്തുന്നിയ ഒരു ഗ്രന്ഥമാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ തർക്കിക്കരുത്.പഴയ പുതിയ കാല വിശുദ്ധന്മാരുടെ ജീവിതം പ്രതിവാദിക്കുന്ന ഈ വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് വായിക്കാവുന്ന എത്രയോ വിശേഷപ്പെട്ട ഗുണഗണങ്ങൾ അടങ്ങിയ ഭക്തന്മാരുണ്ട്? അവരിൽ ചിലർ നമുക്ക് ഗുണപാഠം നല്കുന്നതിനൊപ്പം വലിയ ചോദ്യചിഹ്നങ്ങളായി ഇന്നും ലജ്ജയോടെ മുഖം കുനിച്ചിരിക്കുന്നു! വലിയ പ്രഭാവത്തോടെ അരങ്ങത്ത് വന്നിട്ട് ഒരു നിമിഷം കൊണ്ട് വാടിയ മുഖവുമായി മടങ്ങിപോയവരുടെ കഥയും കുറവല്ല.

Download ShalomBeats Radio 

Android App  | IOS App 


വിശുദ്ധ തിരുവെഴുത്തിൽ വിളങ്ങിയും അതോടൊപ്പം വിളറിയും നില്ക്കുന്ന വ്യക്തിയാണ് യിസ്രായേലിൽ പകരം വെയ്ക്കാനില്ലാത്ത മഹാനായ സോളമൻ. യിസ്രായേൽ രാഷ്ട്രത്തിന്റെ സുവർണ്ണ കാലമായിരുന്നു രാജാവായ സോളമന്റെ ഭരണകാലം. ഇന്നും ഓരോ യഹൂദനും അഭിമാനത്തോടെ സ്മരിക്കയും ഇക്കാലത്തേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന സുവർണ്ണ നാളുകളായിരുന്നു ശലോമോന്റെ ഭരണകാലം. വിശുദ്ധ ബൈബിൾ എന്തു പറയുന്നു? ശലോമോൻ രാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലുംവെച്ച് ധനംകൊണ്ടും ജ്ഞാനം കൊണ്ടും ശ്രേഷ്ഠനായിരുന്നു.(2 ദിന9:22).


കാലാകാലങ്ങളിൽ ദൈവം തന്റെ പരീക്ഷണശാലയിൽ ചില മനുഷ്യരെ പരീക്ഷണത്തിനായി ഉപയോഗിക്കും. ചിലർക്ക് ദാരിദ്ര്യം,ചിലർക്ക് ധനം മറ്റു ചിലർക്ക് ജ്ഞാനം വേറെ ചിലർക്ക് കഷ്ടത. ഇവയൊക്കെയാകാം അത്യുന്നതന്റെ ലാബിലെ രാസവസ്തുക്കൾ. എന്റെ ചിന്തയിൽ കരുണാമയൻ എന്ന മറുപേരുള്ള കർത്താവ് ചിലരെ ഇങ്ങനെ പരീക്ഷണവസ്തുക്കൾ ആക്കുന്നത് മറ്റുള്ള ജനത്തിനും വരും തലമുറയ്ക്കും ഒരു ”മോഡൽ” എന്ന തസ്തികയിലേക്ക് ആയിരിക്കാം. ചിലർ ഇതിൽ വിജയിച്ചു എന്നാൽ മറ്റു ചിലർ പരാജിതരായി. ജയിച്ചവർ പലരുണ്ട്. അബ്രഹാം,ഇയ്യോബ്, ദാനിയേൽ തുടങ്ങിയവർ പലരും വിജയികളുടെ പട്ടികയിലുണ്ട്. തോറ്റവരോ?….
ജ്ഞാനം,ധനം,പ്രശസ്തി ഇവകൾ മൂന്നും ശലോമോന്റെ ജീവിതത്തിൽ ധാരാളം ഉയരത്തിൽനിന്നും ചൊരിയപ്പെട്ടു. ശലോമോന്റെ ജ്ഞാനം കേൾക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശ്രേഷ്ഠരായവർ യെരുശലേമിലേക്ക് വന്നു കൊണ്ടിരുന്നു. ധനത്തിന്റെ പെരുപ്പം നിമിത്തം സ്വർണ്ണം,വെള്ളി ,രത്നങ്ങൾക്ക് സോളമന്റെ കാലത്ത് വിലയില്ലായിരുന്നു. വെള്ളി കാട്ടുക്കല്ലുപോലെ കുന്നുകൂടികിടന്നു.പൊന്നും രത്നങ്ങളും ആർക്കും വേണ്ടാതായി. തന്റെ അതീവജ്ഞാനം മൂലം താൻ പക്ഷികളോടും മൃഗങ്ങളോടും സംസാരിച്ചു. സസ്യലോകത്തെ സമസ്യകൾക്ക് താൻ നിർവചനം നല്കി. തന്റെ വിജ്ഞാനം സമുദ്രം പോലെ വിശാലമായി,അതിന്റെ ആദേശശക്തിയാൽ ശലോമോൻ പുതിയ സൃഷ്ടികൾ നടത്തി യെരുശലേം ദൈവാലയം പണിതു തീർത്തു.


പ്രശസ്തിക്കും സമൃദ്ധിക്കും ഒപ്പം മറ്റു ചിലതൊക്കെ ആ അറിവിന്റെ സമുദ്ര തീരത്ത് ഒഴുകി വന്നു. വന്നതൊന്നും ആ ബുദ്ധിശാലി വേണ്ട എന്നു പറഞ്ഞില്ല. തന്റെ കവിതാരാമത്തിൽ ആയിരക്കണക്ക് സംഗീതപുഷ്പങ്ങൾ വിരിഞ്ഞു വിടർന്നു. ഉത്തമഗീതങ്ങളും സങ്കീർത്തനങ്ങളും സദ്ഉപദേശങ്ങളും സൗരഭ്യം പരത്തി. എന്നാൽ സോളമന് താൻ എഴുതിയതിനോടൊന്നും നീതി പുലർത്താൻ കഴിഞ്ഞില്ല. യെരുശലേം ദൈവാലയം പണിത അതേ കരങ്ങൾക്കൊണ്ട് അന്യദേവന്മാർക്ക് ക്ഷേത്രങ്ങൾ തീർത്തു. വിദേശ ഭാര്യമാരുടെ വശീകരണത്തിൽ ആ ബുദ്ധിശാലി നെടുമ്പാടുവീണു. ജാതീയ വിഗ്രഹങ്ങൾക്ക് മുമ്പിൽ താൻ കുമ്പിട്ടു നമസ്കരിച്ചു.
തോറ്റവരുടെ നിരയിൽ ഒന്നാമൻ സോളമൻ എന്ന വിജ്ഞാനിയായിരുന്നു. ബുദ്ധിക്കൊണ്ടും അറിവുകൊണ്ടും വിശ്വാസ ജീവിതം നേടിയെടുക്കാൻ കഴിയില്ല എന്ന് സോളമന്റെ പാഠപുസ്തകം നമ്മെ ഗ്രഹിപ്പിക്കുന്നു. ധാരാളം കയ്യിൽ വന്നു ചേരുമ്പോൾ വിലപ്പെട്ടത് കൈവിട്ടു പോകുമെന്ന സത്യം വിലാപത്തോട് വിളിച്ചു പറയുന്ന സഭാപ്രസംഗി വായിക്കാൻ നല്ലൊരു പുസ്തകമാണ്. കണക്കില്ലാത്ത ധനവും ഉന്നത വിദ്യാഭ്യാസവും,അതിനൊപ്പം പ്രശസ്തിയും പ്രസിദ്ധിയും കൈമുതലാകുമ്പോൾ നന്നായി ജീവിതം കാത്തു സൂക്ഷിപ്പാൻ എനിക്കും നിങ്ങൾക്കും ദൈവം കൃപ നല്കട്ടെ. ഇടയ്ക്കിടെ സോളമൻ എന്ന പുസ്തകത്തിന്റെ താളുകൾ നമുക്ക് തുടർന്ന് വായിക്കാം.

You might also like
Comments
Loading...