ഒരു ക്രിസ്ത്യാനി ക്രിസ്തുവിൻറെ പ്രതിരൂപമാണെന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്? യഹൂദന്റെ കുപ്പായവും നീണ്ട മുടിയും താടിയും ആരെയും യേശുവാക്കുന്നില്ല. അതുപോലെ നീണ്ട കൈയുള്ള കുപ്പായവും ക്ഷൗരം ചെയ്ത മുഖവും ആരെയും ദൈവദാസന്മാരാക്കുകയുമില്ല. യോഗ്യമായ വസ്ത്രം ഒരു ആത്മീയ ലക്ഷണം ആണെങ്കിലും അത് മാത്രമാകരുത് നമ്മുടെ യോഗ്യത. അത് മാത്രം മതിയെങ്കിൽ നമ്മെക്കാൾ മാന്യമായി ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും ലളിതമായ ജീവിതശൈലിയിലൂടെയും മാതൃകയാക്കാവുന്ന മറ്റ് അനേകർ ഈ ദുനിയാവിൽ ഉണ്ട്.
സുവിശേഷഘോഷണത്തിന് ദുർഘടമായ ഒരു കാലഘട്ടമാണിത്. ഇന്ത്യയിൽ പീഡനവും പാക്കിസ്ഥാനിൽ ദണ്ഡനവും അഫ്ഗാനിസ്ഥാനിൽ മരണവും അറേബ്യയിൽ തടവറയും ഉള്ള കാര്യം വാസ്തവം ആയിരിക്കുമ്പോൾ തന്നെ ക്രിസ്തീയ രാജ്യങ്ങളിൽ മറ്റ് അനേകതടങ്ങലുകളും ഉണ്ട്. അമേരിക്കയിലെ പൊതു സ്ഥാപന വിദ്യാലയങ്ങളിൽ ‘ക്രിസ്തു ‘ എന്നോ ‘യേശു’ എന്നോ ഉച്ചരിച്ചാൽ ക്ലാസിൽ നിന്നും ഇന്ന് ബഹിഷ്കരിക്കപ്പെടുന്നു. പിന്നെ അന്വേഷണമായി, താക്കീതായി, തരംതാഴ്ത്തലായി ഇങ്ങനെ പോകുന്നു ശിക്ഷയുടെ പടികൾ. ഇതെഴുതുമ്പോൾ ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെയും സ്ഥിതി വ്യത്യസ്തം അല്ല. ഒരിക്കൽ സുവിശേഷത്തിന് വേണ്ടി രാജ്യത്തിൻറെ കലവറ തുറന്നവരാണ് ഇവർ എന്ന കാര്യം വിസ്മരിച്ചു കൂടാ.
അതുകൊണ്ട് ലോക സുവിശേഷീകരണത്തിന്റെ വാതിൽ അടഞ്ഞുവെന്ന് ആരും കരുതരുത്. പണ്ടത്തെക്കാൾ ശക്തമാണ് ഇന്ന് ദൈവസഭ. പഴയതിനേക്കാൾ ആവേശഭരിതരാണ് ഇന്ന് ദൈവജനങ്ങൾ. ‘ഞാൻ എൻ്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല’ എന്ന് പറഞ്ഞത് മറ്റാരുമല്ല ഏഴ് നിലവിളക്കുകളുടെ നടുവിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവനാണ്. പണിയുവാൻ ഒരു കൂട്ടാളിയെ കർത്താവ് തന്നിട്ടാണ് പോയത്, സ്വർഗ്ഗത്തിലെ കാര്യസ്ഥൻ അഥവാ പരിശുദ്ധാത്മാവ്. സുവിശേഷം പ്രഘോഷിക്കുവാൻ കാര്യസ്ഥന്റെ കയ്യിൽ കാതലായ കാര്യങ്ങൾ ഉണ്ട്. എന്നാൽ ‘ആത്മാവിനെ അനുസരിച്ച് നടപ്പിൻ എന്നാൽ ജഡത്തിന്റെ മോഹങ്ങൾ നിവർത്തിക്കുകയില്ല’
ഒരു വ്യക്തിയെ ക്രിസ്തുവിൻറെ കൂട്ടായ്മയിൽ പങ്കാളിയാക്കുവാൻ അഥവാ രക്ഷയുടെ സന്ദേശം അറിയിക്കുവാൻ അത്ഭുതങ്ങളും ക്രൂ സേഡുകളും ഒന്നും വേണ്ട. സംഗീതസന്ധ്യയും തകർപ്പൻ പ്രസംഗങ്ങളും വേണ്ട. ഒരു വാക്കു മതി . എനിക്കറിയാവുന്ന ഒരു സംഭവം വളരെ ചുരുക്കമായി വിവരിക്കട്ടെ. ബോംബെയിൽ രണ്ട് നേഴ്സിങ് വിദ്യാർഥിനികൾ ഒരുമിച്ച് താമസിച്ചിരുന്നു. അതിൽ ഒരുവൾ രക്ഷാ നിർണ്ണയം പ്രാപിച്ച ഒരു പെന്തക്കോസ് യുവതിയായിരുന്നു. വളരെ പ്രഹസനങ്ങൾ ഇല്ലാത്ത, ആർഭാടങ്ങൾ ഇല്ലാത്ത, ഒരു സൗമ്യയായ ഘനശാലി. മറ്റവൾ വിവിധ കുടുംബപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു നല്ല കൂട്ടുകാരി. ഒരിക്കൽ അവൾ കരഞ്ഞുകൊണ്ട് മുറിയിൽ വന്നു. എന്നാൽ അവളുടെ പ്രശ്നം പങ്കിടുവാൻ തയ്യാറായില്ല. കഥയിലെ ആദ്യം പറഞ്ഞവൾ ചികഞ്ഞു ചോദിക്കാനും നിന്നില്ല. എന്നാൽ ഒരു കാര്യം മാത്രം ചോദിച്ചു. ‘ഇതുവരെ നീ നിൻറെ പ്രശ്നങ്ങൾ യേശുവിനോട് ‘? കരഞ്ഞുകൊണ്ടു വന്നവൾക്ക് അതൊരു പിടിവള്ളിയായിരുന്നു. കയത്തിൽ മുങ്ങുന്നതിനു മുൻപ് കിട്ടിയ രക്ഷയുടെ ചരട്. ഇന്ന് അവൾ കൊച്ചിയിൽ സുവിശേഷകനായ ഭർത്താവിനോടൊപ്പം മൂന്നു മക്കളുടെ അമ്മയായി തന്നിൽ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കുന്നു. ബോംബെയിലെ മുറിയിൽ തന്റെ സതീർഥ്യയിൽ നിന്നും കേട്ട ഒരു വാക്കാണ് അവളെ ഒരു ദൈവമകൾ ആക്കിയത് . ആ വാക്ക് എന്താണ്? ‘നീ യേശുവിനോട് ‘ ?
ഞാൻ ഒരിക്കൽ തിരുവല്ലയിൽ ട്രാൻസ്പോർട്ട് ബസ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുമ്പോൾ അവിടെ എന്നെപ്പോലെ വണ്ടി കാത്തുനിൽക്കുന്ന ഒരു സുവിശേഷ കുടുംബത്തെ കാണുവാനിടയായി. പല വണ്ടികൾ വന്നുപോയിട്ടും അതിലൊന്നും സ്ഥലം ലഭിക്കാതെ അടുത്ത ബസിന് കാത്തുനിൽക്കുന്ന ആ പ്രേഷിത ദമ്പതികൾ എന്നെ ആകർഷിച്ചു. കൂട്ടത്തിൽ ഒരു കുട്ടിയും,രണ്ട് കറുത്ത കുടകളും, രണ്ട് ബൈബിളും, പിന്നെ തോളത്ത് ഒരു ബാഗും. ധരിച്ചിരിക്കുന്നത് വെള്ള വസ്ത്രവും. എന്തുകൊണ്ടോ ആ രംഗം എന്നിൽ വല്ലാതെ ചില ചലനങ്ങൾ സൃഷ്ടിച്ചു.രണ്ടും മൂന്നും കാറും ഇഷ്ടംപോലെ ബാങ്ക് ബാലൻസും ഉള്ള ഉപദേശിമാരുടെ കൂട്ടത്തിൽ ഇത്തരക്കാർ ഇപ്പോൾ വിരളമാണ്. എന്നെ സുവിശേഷവേലയിലേക്ക് നടത്തുവാൻ പ്രേരകമായി തീർന്ന പലതിൽ ഒന്നായിരുന്നു ആ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ കാണാ കാഴ്ച.
ഒരു വാക്കു മതി, ആ ഭാവം മതി സുവിശേഷം ഇന്നും പ്രചരിക്കപ്പെടാൻ. ഗലീലയിലെ കടപ്പുറത്തെ മണൽ പരപ്പിൽ കൂടി നടക്കുന്ന നസ്രായന്റെ ഭാവം മതി ഇന്നും ജീവിതങ്ങൾ മാനസാന്തരപ്പെടുവാൻ. ഇന്നും അവസരങ്ങൾ അനവധിയാണ്. മാർഗം മലിനമല്ല. മാർഗദർശിയായവൻ നടന്ന പാത ഇന്നും വിശുദ്ധമാണ്. നസ്രായൻ ഇട്ട പാദരക്ഷയും, അരയിൽ ചുറ്റിയ തൂവാലയും, അവൻ പണിത നുകവും, കയറിയ കഴുതയും സൗജന്യമായി അവൻ ശുദ്ധീകരിച്ച ദേവാലയ മുറ്റത്ത് ലഭ്യമാണ്. ഈ ലേഖനം ഒരാക്ഷേപമല്ല, അപേക്ഷയുമല്ല എന്നാൽ നമുക്ക് നേരെയുള്ള ഒരു വെല്ലുവിളിയാണ്. അവസരങ്ങൾ നഷ്ടമാക്കരുത് ക്രിസ്തീയ അഭിവാദനങ്ങളോടെ