ലേഖനം | ദൈവം കൂട്ടിച്ചേർക്കുന്നു മനുഷ്യൻ ഭിന്നിപ്പിക്കുന്നു | ഷാജി ആലുവിള
കൂട്ടിച്ചേർക്കുക,കൂടി ചേരുക, കൂട്ടായി ചേരുക എന്നീ വാക്കുകൾ സ്നേഹ ബന്ധത്തിന്റെ അടിസ്ഥാന പദങ്ങൾ ആണ്.നിർവ്യാജ സ്നേഹ ബന്ധത്തിന്റെ ഒത്തു ചേരൽ ആണ് ഇതൊക്കെ. ചിലപ്പോൾ ആരൊക്കെയോ എന്റെ കൂടെ ഉണ്ടന്നുള്ള അഹംഭാവം നമുക്ക് തോന്നാം.ആ സമയം അടുത്ത പല ബന്ധങ്ങളെയും അകറ്റി മാറ്റും.പക്ഷെ കുറെ കഴിയുമ്പോൾ മനസിലാക്കും കൂട്ടായവരും കൂടെ കൂടിയവരും അവരുടെ കാര്യ സാധ്യത്തിനു വേണ്ടി മാത്രം നമ്മോടു കൂട്ടു കൂടിയതാണെന്നു. കാര്യ സാധ്യത്തിനു വേണ്ടി ചങ്കായി നിന്നവർ ചതിച്ചു പോകുമ്പോൾ ചങ്ക് കലങ്ങിയിട്ടു കാര്യമില്ല. വിവാഹ വേദികളിൽ കാർമ്മികൻ വധു വരൻ മാരോട് ഉഭയ സമ്മതം ചെയ്യിപ്പിച്ചതിനു ശേഷം പൊതു സമൂഹത്തോട് പറയുന്ന അഭ്യർത്ഥന ആണ് “ദൈവം കൂട്ടിച്ചേർത്തിനെ മനുഷ്യൻ വേർപിരിക്കരുത്” പിന്നീട് കുടുബജീവിതത്തിലെ സമ്മർധങ്ങളും തിക്തനുഭവങ്ങളും പല കുടുംബങ്ങളെയും വേർപെടുത്തി കളയുന്ന നിയമത്തിലേക്കു കൊണ്ട് ചെന്ന് എത്തിക്കുന്നതിന് കാരണമായി തീരുന്നു.എന്നാൽ തുണകളിൽ പലരും വിഷയങ്ങൾ വഷളാക്കാതെ വളരെ വിഷമത്തോടെ ശരറാന്തൽ കണക്കെ എരിഞ്ഞു അമരുന്നു. നിമിഷങ്ങൾ തോറും വേഷങ്ങൾ മാറി ജീവിത രംഗങ്ങൾ രംഗ ബോധത്തോടെ അഭിനയിച്ചു മുന്നേറുന്നു ചിലർ, തട്ടകത്തിനു പുറത്ത് യഥാർത്ഥ ജീവിതത്തിലെ പുകയുന്ന തിരി ആരെയും അറിയിക്കാതെ ചിരിയിൽ മൂടിയ ദുഃഖങ്ങളായി ചിലർ ഇഴഞ്ഞു നീങ്ങുന്നു.കൂടെ കൂടിയാൽ, കൂട്ടായി കൂടെ നിന്ന് ജയപദത്തിൽ എത്തുവാൻ ശ്രമിക്കുമ്പോൾ ആണ് ജീവിതത്തിന്റെ ദുർഘട മേടുകളിൽ സസന്തോഷം കൈകോർത്തു മുന്നേറുവൻ പറ്റുകയുള്ളു.ആ ബന്ധത്തെ ആർക്കും വേർപിരിക്കുവാൻ സാധ്യമല്ല.
നിയമം കൊണ്ട് വേർപിരിയാൻ കോടതി വിധിക്കായി കണ്ണും നട്ടിരിക്കുന്ന കുടുംബങ്ങൾ നിരവധി ആണ്.അതിൽ സിംഹഭാഗവും ഉഭയ സമ്മതം ചെയ്തു വിവാഹിതരായിരുന്ന ക്രിസ്ത്യാനികൾ ആണന്നുള്ളത് വളരെ ഖേദകരമാണ്. ഒരു ചെറിയ ഇഷ്ടകുറവിൽ ആരംഭിച്ച അകൽച്ച , കുടുംബ തട്ടകത്തിനു പുറത്തുള്ളവർ വിഘാടനത്തിന് കാരണം ആക്കുന്ന ഒത്താശകൾ കൂടി ചെയ്യുമ്പോൾ അടുക്കുവാൻ പറ്റാത്ത നിലയിൽ മനസുകൊണ്ട് ഇരുവരും അകന്നു കഴിഞ്ഞിരിക്കും.ബാലിശമായ ചിന്തകളും,ധൗർബല്യ മായ തീരുമാനങ്ങളും പരസ്പര സംശയത്തോടുള്ള വീക്ഷണങ്ങളും ദുരന്തം വിതച്ചു കുടുംബ ജീവിതത്തിന്റെ അടിത്തറ വരെ ഇളക്കികളയും.പരസ്പരമുള്ള ദൃഢ വിശ്വാസമാണ് കുടുംബ ജീവിതം ചിദ്രിരിക്കാതിരിക്കാനുള്ള ഏക പോംവഴി.
കുടുംബ ജീവിതം മാത്രമല്ല മനുഷ്യൻ വേർപിരിക്കുന്നത്.വടക്കേ ഇന്ത്യയിൽ ദീർഘ വർഷമായി കർത്തൃ ശുശ്രൂഷയിൽ ആയിരുന്ന ഒരു ദൈവദാസൻ സ്വന്തം പ്രയക്നം കൊണ്ട് ഒരു സഭ വളർത്തി എടുത്തു.തന്റെ കുഞ്ഞുങ്ങളുടെ പഠന ബന്ധത്തിൽ ഒരു വർഷം കൂടി ഇരുത്താൻ കാലുപിടിച്ചു പറഞ്ഞപ്പോൾ തലത്തോട്ടപ്പനയ അനങ്ങാ പ്രാണി നേതാവ് പറഞ്ഞു നിനക്ക് ദുരാത്മാവാണ് നിന്നെ ഒന്നും ഇവിടെ വേണ്ട.അനേക വർഷം കഷ്ടം അനുഭവിച്ചു നേടിയ തന്റെ , ആ ദൈവമക്കളുടെ കൂട്ടത്തോട് വിടപറഞ്ഞു ആ ഭക്തൻ അവിടെ നിന്നും പടിയിറങ്ങി.ഈ മനുഷ്യനെ താൻ നിന്ന പ്രസ്ഥാനത്തിൽ നിന്നും വേർപെടുത്തിയത് ഒറ്റ വാക്കാണ് ” നിന്നിൽ ദുരാത്മാവ് ആണ്”. ഇതൊക്കെ ചെയ്യുന്നവർ ഒരിക്കൽ കണക്കു കൊടുത്തെ പറ്റു. മസാക്ഷി കത്തിക്കരിഞ്ഞു പോയ വർക്ക് എന്ത് കണക്ക് ?, എന്തു ന്യായ വിധി ?.നിൽക്കേണ്ടി വരും കണക്കിൻ പുസ്തകം തുറക്കും നാളിൽ.ദൈവം കൂട്ടിച്ചേർത്ത പലതിനെയും വേർപിരിക്കാൻ കൂട്ടു നിന്നിട്ടുണ്ടെങ്കിൽ ലോകത്തിൽ നിന്നും വേർപിരിയും മുൻപ് ഒരു പുന പരിശോധന ചെയ്യൂ.വേർപിരിക്കാനല്ല കൂട്ടി ചേർക്കാൻ ആണ് ദൈവം നമ്മളെ നിർത്തിയിരിക്കുന്നത്.ബഹുമാനപ്പെട്ട കോടതി പോലും വിധിക്കുള്ള അവസാന നിമിഷം വരെ വിവാഹ ബന്ധം പിരിയാതെ ഒന്നിപ്പിക്കുവാൻ ശ്രമിക്കാറുണ്ട്. അതാണ് ന്യായത്തിന്റെ വഴി.
മരണം കൊണ്ട് മാത്രമേ ഒരു വേർപെടുത്തൽ ഉണ്ടാകാവു. ആത്മീയ ബന്ധവും അങ്ങനെ ആയിരിക്കണം.നിസാര കാര്യത്തിന് തള്ളി പറയുന്ന ശീമോൻ പതോസ് ആകാതെ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ട ബെറബ്ബാ സിനെ പോലെ അനുതാപ ഹൃദയത്തോടെ ക്രൂശിന് ചുവട്ടിലേക്ക് ഓടി ചെല്ലാം.
Download ShalomBeats Radio
Android App | IOS App
സ്വന്തമായ നേട്ടത്തിനും സ്വാർഥതക്കും വേണ്ടി കുടിലതന്ത്രങ്ങൾ മിനഞ്ഞു ഒരുവനെ മറ്റൊരാളിൽ നിന്നും വേർപെടുത്തുന്ന തരം താണ പ്രവർത്തികൾ ആത്മീയ സമൂഹത്തിന് മൂല്യച്യുതി വർധിപ്പിക്കും.നുണ പ്രചാരണവും,അവഖ്യാതി പരത്തലും ഒരുവന്റെ ജീവിതത്തെ നശിപ്പിക്കും എന്നും ഓർക്കണം. വീണു പോയ ഒരുവനെ കൈത്താങ്ങി എഴുനേല്പിക്കണം.മുടന്തും ,ക്ഷീണവും ഉള്ളവനെ പുച്ഛിച്ചു തള്ളതെ ഒപ്പം നിർത്തി മുന്നോട്ടു നയിക്കയുമ്പോൾ ആണ് നമ്മൾ ഒരു നേതാവായി മാറുന്നത്.
യഥാർത്ഥ ധാർമികതയെ നിലനിർത്തി ദൈവ കോപത്തിന് ഇരയകാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നവരായി നാം തീരണം.ഭിന്നതയും,പിളർപ്പും നടത്തിയ വരെ ഭൂമി വിഴുങ്ങി കളഞ്ഞു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഭിന്നതകൾ വെടിയാം ഒന്നായി ചേരാം ആരെയും ദൈവ സ്നേഹത്തിൽ നിന്നും , കർത്തൃ വേലയിൽ നിന്നും , കുടുംബ ജീവിതത്തിൽ നിന്നും വേർപിരിക്കുന്നവർ ആകാതെ കരുത്തുറ്റ ആത്മീയ കുടുംബത്തിന്റെ നവ യുഗ ശില്പികളായി തീരാം.
ചുരുക്കി പറഞ്ഞാൽ വിഘടിപ്പിക്കുക, വേർപെടുത്തുക, ഭിന്നിപ്പിക്കുക എന്നത് മനുഷ്യ സഹജമായ ജഡപ്രവർത്തിയാണ്. ഗലാത്യലെഖനം 5: 19 ൽ പറയുന്ന ഭിന്നത എന്ന സ്വഭാവം അനേക ബന്ധങ്ങളെ തകർത്തുടച്ചു കളഞ്ഞിട്ടുണ്ട്. മാതാപിതാ സാഹോദര്യ രക്തബന്ധങ്ങളും, ആത്മീയ വ്യക്തി ബന്ധങ്ങളും ഈ ഭിന്നതയിലൂടെ വേർപ്പെട്ടുപോയിട്ടുണ്ട്. മാത്രമല്ല കഷ്ടതയുടെ നാളിലെ കണ്ണുനീർ കണ്ട കർത്താവ് അവസ്ഥകളിൽ മാറ്റം വരുത്തിയപ്പോൾ ആ ഉയർച്ച അനേകരെ ദൈവത്തിൽ നിന്നും ഭിന്നിപ്പിച്ചുവോ എന്ന് പുനഃപരിശോധനാ ചെയ്യണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അടിസ്ഥാന പരമായ സ്നേഹം കുറഞ്ഞുപോയാൽ വേർപ്പെട്ടുപോകുന്ന ഭിന്നതക്ക് കാരണം ആകും. അങ്ങനെ മുന്നോട്ടുപോയാൽ കർത്താവിന്റെ വരവിൽ തള്ളപ്പെട്ടു പോകും. ആകയാൽ ഭിന്നത വെടിഞ്ഞു വേർപ്പെട്ടു പോകാത്ത സ്നേഹബന്ധത്തിൽ എല്ലാ ബന്ധങ്ങളെയും കാത്തു സൂക്ഷിച്ച് ഒന്നായി ചേരാം..നമുക്ക് ഓട്ടം തികക്കാം