ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവ വചനം | അജി ജോയിക്കുട്ടി കുവൈറ്റ്

0 1,714

വിശുദ്ധ വേദ പുസ്തകത്തിൽ എബ്രായർ 4 : 12 ഇൽ ഇപ്രകാരം പറയുന്നു. ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂർച്ഛയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കും വരെ തുളച്ചു ചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഭാവനയും വിവേചിക്കുന്നതും ആകുന്നു. വിശ്വാസി എന്നഭിമാനിക്കുന്ന ഒരു വ്യക്തിയെ യഥാർത്ഥ രൂപാന്തരത്തിലേക്ക് നയിച്ച ദൈവ വചനത്തെ പറ്റിയാണ് ഇന്നത്തെ എന്റെ ഭാവന. ഇതിൽ ഉൾപെട്ടിരിക്കുന്നത് നിങ്ങളിൽ ആരെങ്കിലുമാണെന്നു നിങ്ങള്ക്ക് തോന്നുന്നെങ്കിൽ അത് തികച്ചും യാധൃശ്ചികം മാത്രമാണ്. അങ്ങനെ തോന്നിയാൽ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നത് അവരുടെ ജീവിതത്തിന് അനുഗ്രഹം ആയിരിക്കും.

പതിവ് പോലെ ഒരു വ്യാഴാഴ്ച കൂടി കടന്നുവന്നു പകലത്തെ അധ്വാനത്തിന് ശേഷം റൂമിൽ എത്തിയപ്പോഴേക്കും ഞാൻ നന്നായി ക്ഷീണിച്ചിരുന്നു. വൈകിട്ട് ചെയിൻ പ്രയറാണ് അതിനു പോകണം, തുണികൾ ഒരുപാടു കഴുകാൻ കിടക്കുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകാം എന്ന് വിചാരിച്ചു കട്ടിലിലേക്ക് ചാരി ഇരിക്കുന്നു. നല്ല ക്ഷീണം ഉണ്ടായതു കൊണ്ടാവാം എന്റെ കണ്ണുകളിലേക്ക് മയക്കം കടന്നു വന്നത് ഞാൻ അറിഞ്ഞില്ല. ചേട്ടാ ഇന്ന് പ്രയറിനു പോകുന്നില്ലേ എന്ന കൂട്ടുകാരന്റെ ചോദ്യം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ആ പോകണം എന്ന് വല്ലാത്ത മട്ടിൽ അവനു മറുപടി നൽകി കഴുകാനുള്ള തുണികളുമായി ബാത്റൂമിൽ കയറി. തുണി കഴുകാൻ കയറിയപ്പോഴാണ് നാട്ടിൽ നിന്ന്നും ഭാര്യയുടെ വിളി വന്നത്, അച്ചായാ ഇന്ന് ചെയിൻ പ്രയർ അല്ലെ എപ്പോഴാ പോകുന്നത് ? ആ പോകണം എന്ന എന്റെ വല്ലാത്ത ഭാവത്തിലുള്ള മറുപടി കേട്ടിട്ടാകണം , നേരത്തെ പോകാൻ നോക്ക് പ്രയർ തുടങ്ങുതിനു മുൻപേ അങ്ങ് ചെല്ലണ്ട തുണിയൊക്കെ നാളെ കഴുകാം എന്ന ഉപദേശം അവൾ തന്നത്. അത് കേട്ടതും എനിക്ക് വല്ലാത്ത ദേഷ്യം വന്നു. ഞാൻ നേരത്തെ പോയാൽ ഇതൊക്കെ ആര് ചെയ്യും. ആകപ്പാടെ കിട്ടുന്ന ഒരു വെള്ളിയാഴ്ചയാണ് രാവിലെ പോയാൽ വൈകുന്നേരം ആകും വരുമ്പോൾ ആവശ്യമില്ലാത്ത കുറെ പാട്ടും; കയ്യടിയും സമയത്തിനു നിർത്തുകയും ഇല്ല. വൈകുന്നേരം ആകും തിരിച്ചു വരുമ്പോൾ പിന്നെ ഇതൊക്കെ എപ്പോൾ ചെയ്യാനാണ്, ദേഷ്യത്തോടെ ഞാൻ ഫോൺ കട്ട് ചെയ്തു. തുണിയൊക്കെ കഴുകിയിട്ട് സാവധാനത്തിൽ 7 . 30 നു തുടങ്ങിയ പ്രയർ 7 .50 ആയപ്പോഴേക്കും ഞാൻ സഭാഹാളിൽ കടന്നു വന്നു. നല്ല ക്ഷീണം ഉണ്ട് ഇത് എപ്പോളാണ് നിർത്തുക ആവൊ ? എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ടാണ് ഹാളിലേക്ക് കയറിയത്. ഹാളിൽ നല്ല രീതിയിൽ എല്ലാവരും ആത്മാവിൽ പാട്ടു പാടി ആരാധിച്ചു കൊണ്ടിരിക്കുക ആയിരുന്നു. പാട്ടും ആരാധനയും തീരുന്നതു വരെയും ഞാൻ കയ്യിലെ പൊടി തട്ടി കളയുന്ന രീതിയിൽ കൈ തട്ടികൊണ്ടിരുന്നു. ആരാധനാ തീരുന്ന സമയം ആയപ്പോഴേക്കും ഞാൻ പതിയെ കണ്ണ് തുറന്നു ദൈവ ദാസനെ ഒന്ന് നോക്കി ഉള്ളിലെ പരിശുദ്ധാത്മ പ്രേരണ കൊണ്ടാവാം ദൈവ ദാസനും എന്നെ ഒന്ന് നോക്കി. ദൈവ ദാസനെ കാണിക്കാനെന്നോണം ഞാൻ കൈ ആഞ്ഞു കോട്ടുവാൻ തുടങ്ങി. ആരാധനാ കഴിഞ്ഞു ചെയിൻ പ്രയർ ആരംഭിച്ചു. ഓരോരുത്തരായി പ്രാർത്ഥിക്കുവാൻ തുടങ്ങി. ആദ്യം എന്റെ പേര് പറഞ്ഞത് കൊണ്ട് ആ ജോലി ആദ്യമേ കഴിഞ്ഞു. ഞാൻ ഫ്രീ ആയി ഇരിക്കുക ആയിരുന്നു. ഇടയ്ക്കു രണ്ടു വട്ടം ചെയിൻ മുറിച്ചു ബാത്റൂമിൽ പോയി. എന്നിട്ടും പ്രാർത്ഥന വിഷയങ്ങൾ പകുതി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ക്ലോക്കിലേക്ക് കൂടെ കൂടെ നോക്കുന്നത് കൊണ്ടാകാം സമയം നീങ്ങുന്നതേ ഉണ്ടായിരുന്നില്ല ഓരോ വിഷയങ്ങൾ പറയുമ്പോൾ ദൈവ ദാസനോട് അല്പമല്ലാത്ത നീരസം തോന്നി കൂടാതെ പ്രാര്ഥിക്കുന്നവരോട് പ്രാർത്ഥന വല്ലാതെ നീണ്ടു പോകുന്നതിനാൽ വല്ലാത്ത ദേഷ്യം തോന്നുവാൻ തുടങ്ങി. ഭിത്തിയിൽ ചാരിയും ചരിഞ്ഞിരുന്നും വല്ല വിധേനെയും അതൊന്നു അവസാനിപ്പിച്ച് എഴുന്നേറ്റു. എല്ലാവരോടും അല്പം ദേഷ്യം തോന്നിയത് കൊണ്ട് ആർക്കും കയ്യ് കൊടുക്കാൻ നിൽക്കാതെ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചു റൂമിലേക്ക് പോയി. പ്രാർത്ഥന നീണ്ടു പോയത് കൊണ്ട് എല്ലാവരോടും ഉള്ള ദേഷ്യം എന്റെ നടത്തത്തിൽ ഉണ്ടായിരുന്നു. ചെന്ന് കട്ടിലിൽ കിടന്നതു മാത്രമേ ഓർമ ഉണ്ടായിരുന്നുള്ളു ഞാൻ ഗാഢ നിദ്രയിലേക്ക് വീണു പോയിരുന്നു. രാവിലെ നിർത്താതെ ഉള്ള ബെൽ കേട്ടാണ് ഉണർന്നത്. നാട്ടിൽ നിന്ന് ഭാര്യയുടെ ഫോൺ ആയിരുന്നു. കുഞ്ഞിന് പപ്പയെ കണ്ടു സംസാരിക്കണം. അല്പം നീരസം തോന്നിയെങ്കിലും മുഖത്ത് അതൊന്നും കാണിക്കാതെ കുഞ്ഞിനോട് വിശേഷങ്ങൾ തിരക്കി. സംസാരിച്ചു തീർണത്തിനു ശേഷം ഫോൺ നോക്കിയപ്പോൾ രാത്രിയിൽ ദൈവ ദാസൻ വിളിച്ചിരുന്നു. 4 മിസ്ഡ് കാൾ, അദ്ദേഹത്തിന് രാത്രിയിൽ ഉറക്കം ഒന്നേയുമില്ലേയെന്നു എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് രാത്രിയിൽ ഒരു മണിക്ക് ചെയിൻ പ്രയറിനു തന്റെ പേരാണെന്ന് ഓർമ വന്നത്. അത് ഓർമപ്പെടുത്താൻ വേണ്ടിയാണു ദൈവ ദാസൻ വിളിച്ചത് എന്ന് അന്നേരമാണ് മനസ്സിലായത്. ഇത് എന്റെ ഒരു സ്ഥിരം പരിപാടി ആയതു കൊണ്ട് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല. കർത്താവെ രക്ഷിക്കണമേ എന്ന് പറഞ്ഞു കട്ടിലിൽ നിന്നും എഴുനേറ്റു. സഭയിൽ ഉപവാസ പ്രാർത്ഥനയാണ് തിരുവത്താഴം ഒക്കെ കഴിഞ്ഞു എപ്പോൾ തീരുമോ എന്തോ. എന്തെങ്കിലും കഴിച്ചിട്ട് വേണം രാവിലെ പോകാൻ, അതിന്റെ ക്രമീകരണങ്ങൾ ചെയ്തു, നല്ല രീതിയിൽ ഭക്ഷണം കഴിച്ചു. വെള്ള ഉടുപ്പ് എടുത്തു നല്ല രീതിയിൽ തേച്ചു നല്ല രീതിക്ക് ഒരുങ്ങി. സഭായോഗം തുടങ്ങിയപ്പോഴേക്കും സഭ ഹാളിൽ എത്തി. ഉപവാസത്തിന്റെ മൂന്നാം ദിവസം ആണ് പതിവ് രീതിയിൽ നിന്നോക്കമേ മാറി വല്ലാത്ത ഒരു അന്തരീക്ഷം. ദൈവ ദാസൻ ഇരുന്നു കരയുന്നു. ഇന്നും സമയത്തിന് നിർത്തുന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല. ഭൂരിപക്ഷം ആൾക്കാരും ആത്മാവിൽ ആണ്. പെട്ട് പോയല്ലോ എന്ന് ഓർത്തു ഞാനും അവരുടെ കൂടെ കൂടി എല്ലാവരും ഒന്ന് ക്ഷീണിക്കുമ്പോൾ ഞാൻ നല്ല രീതിയിൽ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു . ഉച്ചത്തിൽ ഹല്ലെലുയ്യ സ്തോത്രം ഒക്കെ പറഞ്ഞു ഞാൻ പതിവ് പോലെ സഭയിൽ തിളങ്ങി നിന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദൈവദാസൻ വചനവുമായി എഴുന്നേറ്റു, ഞാൻ സമയം കൂടെ കൂടെ നോക്കുന്നുണ്ടായിരുന്നു. ദൈവദാസൻ യോശുവ 7 – 4 , 5 , 6 എന്നെ വാക്യങ്ങൾ കുറിവാക്യമായി വായിച്ചു, അതിൽ ഇപ്രകാരം ആണ് എഴുതിയിരുന്നത്. യിസ്രായേൽ മക്കൾ ഹായ് പട്ടണക്കാരുടെ മുൻപിൽ തോറ്റോടി, കുറച്ചു യിസ്രായേൽ ജനത്തെ അവർ കൊല്ലുവാനും ഇടയായി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചു എന്ന് യോശുവക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല അവൻ ദൈവസന്നിധിയിൽ നില വിളിക്കുവാൻ തുടങ്ങി ഇത് പറയുമ്പോൾ ദൈവ ദാസന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കാണാമായിരുന്നു. യോശുവയോടെ നിലവിളി ഹേതുവായി യഹോവ അതിന്റെ കാരണം പറഞ്ഞു കൊടുക്കുന്നു ഒരാൾ ചെയ്ത പാപത്തിന്റെ ഫലമാണ് ഈ ജനം മുഴുവനും അനുഭവിക്കുന്നതെന്നു ദൈവ ദാസൻ വിശദീകരിച്ചു, എന്റെ നേർക്ക് നോക്കികൊണ്ട് ദൈവ ദാസൻ തുടർന്നു ആഖാൻ എന്ന ഒരു വ്യക്തി ഒരു ജനതയുടെ മുഴുവൻ തോൽവിക്ക് കരണമായങ്കിൽ നമ്മൾ ഓരോരുത്തരും നമ്മളെ ഒന്ന് ശോധന ചെയ്യണം എന്നാവിശ്യപെട്ടു ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു ഇടിത്തീ പോലെ വീഴുന്നതായി തോന്നി എന്റെ കണ്ണുകൾ നിറയുവാൻ തുടങ്ങി. ആ ആഖാൻ ഞാൻ ആണല്ലോ ദൈവമേ എന്ന് നിലവിളിക്കുവാൻ തുടങ്ങി സഭയിലെ വിടുതലിന്, ആത്മീയ അനുഗ്രഹങ്ങൾക്ക്, പരിശുദ്ധാത്മ വരങ്ങൾക്ക്, പുതിയ ആത്മാക്കൾ സഭയിലിക്കു വരാത്തതിന്റെ ഒക്കെ കാരണം ഞാൻ മാത്രമാണല്ലോ ദൈവമേ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിക്കുവാൻ തുടങ്ങി. ഞാൻ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത് , ചെയിൻ പ്രയർ മുറിച്ചു ഇടക്ക് എഴുന്നേറ്റു പോകുക, ഹോൾ നൈറ്റ് പ്രയറിനു പ്രാര്ഥിക്കാതിരിക്കുക, ആരാധനയെ അലക്ഷ്യമാക്കുക, ദൈവ ദാസനെ വിമർശിക്കുക, സഹോദരങ്ങളെ പരിഹസിക്കുക പിന്നെ എങ്ങനെയാണു കർത്താവെ ആലയത്തിൽ വിടുതൽ നടക്കുക; ഞാൻ കരഞ്ഞു പ്രാർത്ഥിക്കുവാൻ തുടങ്ങി കർത്താവെ എന്നോട് ക്ഷമിക്കണമേ എന്ന് നിലവിളിക്കുവാൻ തുടങ്ങി അന്നുമുതൽ ആലയത്തിൽ വിടുതൽ കാണുവാൻ സാധിച്ചു തുടങ്ങി. കർത്താവിൽ പ്രിയ സഹോദരി സഹോദരന്മാരെ നാം കേൾക്കുന്ന വചനം നമ്മുടെ ഉള്ളിൽ ക്രിയ ചെയ്യണം. മറ്റുള്ളവരുടെ അനുഗ്രഹത്തിന്, വിടുതലിന് തടസ്സം എന്റെ ജീവിതത്തിലെ കുറവാണോ കർത്താവെ എന്ന് നമ്മുക്ക് ദൈവത്തോട് ചോദിക്കാം, നമ്മുടെ ജീവിതത്തിൽ കുറവുകൾ ഉണ്ടെങ്കിൽ കേൾക്കുന്ന വചനത്തിനു മുൻപിൽ നമ്മെ തന്നെ ഒന്ന് സമർപ്പിക്കാം. എബ്രായർ 4 : 12 ഇൽ പറയുന്നത് പോലെ എല്ലാം അറിയുന്ന കർത്താവിന്റെ സന്നിധിയിൽ നമ്മെ ഒന്ന് താഴ്ത്തി സമർപ്പിക്കാം അതിനു ദൈവം നമ്മെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...