ഒരുക്കാം ഹൃദയം എന്ന പുൽക്കൂട്

ജോ ഐസക്ക് കുളങ്ങര.

0 2,207

കുന്നുംചേരുവിലെ തീറ്റ കഴിഞ്ഞു രാത്രി തൊഴുത്തിൽ മടങ്ങിയെത്തിയ കിങ്ങിണി പശു ഒന്ന് അമ്പരന്നു. ആകെ ഒരു മാറ്റം ആളും പേരും അടക്കവും ഒതുക്കവും വൃത്തിയും. രാവിലെ കണ്ടു ഇറങ്ങിപോയ ഒരു തൊഴുത്തല്ല, ആകെ മാറിയിരിക്കുന്നു.

കാര്യം തിരക്കാനായി നോക്കിയ അമ്മിണി ആടിനേയും അവിടെ കാണാനില്ല. കുറെ ആളുകൾ മാത്രം, അവർക്കാണേൽ എന്റെ ഭാഷ അറിയുകയും ഇല്ല. പുറകിലെ വഴിയിലൂടെ കണ്ണോടിച്ചപ്പോൾ ദാ അവിടെ നിൽക്കുന്നു അമ്മിണി ആടും കുഞ്ഞുങ്ങളും, ഒപ്പം റാണി കോഴിയും. എന്തോ വലിയ ചർച്ചയിൽ ആണ്, അങ്ങോട്ട്‌ ചെന്ന് പതിയ ശബ്ദത്തിൽ അവരോടു ചോദിച്ചു “എന്നതാ അമ്മിണി ചേടത്തി ഇവിടെ നടക്കുന്നെ ,

Download ShalomBeats Radio 

Android App  | IOS App 

എന്താ തൊഴുത്തിൽ ആളും പേരും അതും ഒരിക്കൽ പോലും ആ വഴി കണ്ടിട്ടില്ലാത്ത അപരിചിതരായ കുറെ പേർ ” .?
കിങ്ങിണി പശുവിന്റെ കയറിൽ പിടിച്ചു ഇങ്ങോട്ടു മാറ്റി നിർത്തി പറഞ്ഞു ” അങ്ങു ദൂരെ നിന്നും വന്ന ഒരു കുടുംബമാണ്‌,
പൂർണ ഗർഭിണി ആയിരുന്നു കൂടെയുള്ള ആ സ്ത്രി…
വഴിമധ്യേ അവർക്ക് പ്രസവ വേദന അനുഭവപെട്ടു അപ്പോൾ അവർക്കു താമസിക്കുവാൻ ഇടം അന്വേഷിക്കുകയും എങ്ങും ഇടം കിട്ടാത്തത് കൊണ്ട യജമാനൻ അച്ചായൻ നമ്മുടെ തൊഴുത്തിൽ അവർക്ക് വിശ്രമിക്കാൻ ഇടം കൊടുത്തു. ഇങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടാണ് കിങ്ങിണി; നമ്മൾ അവിടെ നിന്നും ഇങ്ങു മാറി കൊടുത്തെ.
ഇവിടെ എത്തിയതും ആ സ്‌ത്രീ തന്റെ കുഞ്ഞിന് ജൻമം നൽക്കുകയും ചെയ്തു.
നീ പുറത്തുപോയത് കൊണ്ടു നിന്നോട് ചോദിക്കാതെ നിന്റെ കുറച്ച് കച്ചിയും, എന്റെ കുറച്ചു പുല്ലും ഒരു കിടക്ക ഉണ്ടാക്കുവാനായി ഞാൻ അവർക്കു കൊടുക്കുകയും ചെയ്തു..”

“എന്തു ചൈതന്യം ഉള്ള ഒരു കുഞ്ഞാ അമ്മിണി പശു അത്….!! ശെരിക്കും ദൈവപൈതൽ തന്നെ, ഞാനും റാണിയും അത് തന്നെ പറയുവാരുന്നു
ഏതോ രാജകുമാരൻ ആണ് എന്ന് തോന്നുന്നു അല്ലാതെ രാജാക്കന്മാർ ഒക്കെ വന്ന് സമ്മാനങ്ങൾ ഒകെ കൊടുക്കില്ലലോ..” റാണി കോഴിയും ഇടക്ക് കേറി പറഞ്ഞു.

“എന്തായാലും നിങ്ങൾ ചെയ്തത് നന്നായി ഇത്ര വലിയ കൊട്ടാരങ്ങളും വീടുകളും ഉള്ള ഈ നാട്ടിൽ ആ കുഞ്ഞിന് ജനിച്ചു വീഴുവാൻ ആർക്കും വേണ്ടാത്ത കിടന്ന നമ്മുടെ കാലിത്തൊഴുത്തു ഒരുക്കി കൊടുക്കുവാൻ നമ്മുടെ യജമാനന് മനസ്സ് ഉണ്ടായെല്ലോ അതിനു സാക്ഷി ആകുവാനും, നമ്മുടെ ഇടം അവർക്കു കൊടുക്കുവാനും നമുക്കും ഭാഗ്യം ഉണ്ടായെല്ലൊ അല്ലെങ്കിൽ അധികം ആരും കടന്നു വരുവാൻ മടിക്കുന്ന നമ്മുടെ തൊഴുത്തിൽ ഈ രാജാക്കന്മാർ ഒകെ വരുമോ? . ഇരുണ്ട് അടഞ്ഞുകിടന്നു നമ്മുടെ തൊഴുത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത പ്രകാശം പരത്തി ഈ നക്ഷത്രം തെളിയുമോ? എല്ലാം നല്ലതിന് തന്നെ….”

തങ്ങളുടെ കാലിത്തൊഴുത്തിൽ പിറന്നു വീണ ലോക രക്ഷകന്റെ സ്തുതി പാടികൊണ്ടിരുന്ന മാലാഖമാരോടൊപ്പം കിങ്ങിണി പശുവും, അമ്മിണി ആടും, റാണി കോഴിയും അവരവരുടെ കുഞ്ഞുങ്ങളും ചേർന്ന് പാടി “ഗ്ലോറിയ”

പ്രിയ സ്നേഹിതാ,
ലോകരാജാവിന്റെ ജനനത്തിനായി തങ്ങളുടെ തൊഴുത്ത് ഒഴിഞ്ഞു കൊടുത്ത ആ കന്നുകാലികൾ ഇത്രയും സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്തെങ്കിൽ. ആർക്കും വേണ്ടാത്ത കിടന്ന നമ്മുടെ ജീവിതത്തിൽ,
പലരും കടന്നുവരുവാൻ മടിച്ച നിങ്ങളുടെ ഭവനത്തിൽ ഇതാ വലിയൊരു സന്തോഷം ലഭിക്കുവാൻ പോകുന്നു. യേശുവിന് വേണ്ടി നിന്റെ ഹൃദയം തുറന്നു കൊടുക്കുവാൻ കഴിയുമോ?
നിന്റെ ഭവനം യേശുവിനായി ഒരുക്കി കൊടുക്കുവാൻ കഴിയുമോ. എന്നാൽ നിത്യ സന്തോഷം നിന്നിൽ നിറയും, നിത്യ സമാധാനം നിന്റെ ഭവനത്തിൽ ഉണ്ടാകും.
രാജാക്കന്മാർ സമ്മാനങ്ങളുമായി നിങ്ങളെ കാണുവാൻ നിങ്ങളുടെ അടുക്കൽ എത്തട്ടെ.

യേശു ജനിച്ചത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ ആയി തീരുവാൻ തക്കവണ്ണം ഒരു ഒരുക്കത്തിന് നിങ്ങൾ തയാറെടുക്കുന്നവോ എങ്കിൽ, മുമ്പോട്ടുള്ള ഓരോ ദിവസങ്ങളും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആയി തീരട്ടെ. .

നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു;
നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവൻ അത്ഭുതമന്ത്രി,
വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.
(യശേയ്യാവ് 9:6)

എല്ലാ പ്രിയ വായനക്കാർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് പുതുവത്സര ആശംസകൾ അറിയിക്കുന്നു.
സ്നേഹിതൻ
ജോ ഐസക്ക് കുളങ്ങര.

You might also like
Comments
Loading...