നാം ക്രൂശിച്ച യേശു | ബിജു പി. സാമുവൽ – ബംഗാൾ

ബിജു പി. സാമുവൽ - ബംഗാൾ

0 1,340

മാനവ രക്ഷാ ചരിത്രത്തിന്റെ കേന്ദ്രബിന്ദു യേശുക്രിസ്തുവാണ്. ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന ശിലയാണ് യേശുക്രിസ്തുവിന്റെ ക്രൂശു മരണവും
ഉയിർത്തെഴുന്നേൽപ്പും.

യേശുവിന്റെ ക്രൂശു മരണം ഒരിക്കലും അബദ്ധത്തിൽ സംഭവിച്ചതല്ല. അത്‌ പിതാവായ ദൈവം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി ആയിരുന്നു. പ്രവർത്തികളുടെ പുസ്തകം 2 -ന്റെ 23-ൽ അപ്പോസ്തലനായ പത്രോസ് അതു വ്യക്തമാകുന്നു. നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട് നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചു കൊന്നു.

Download ShalomBeats Radio 

Android App  | IOS App 

യേശുക്രിസ്തുവിന്റെ ജനനത്തിന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന യെശയ്യാ പ്രവാചകൻ ക്രൂശുമരണത്തെപ്പറ്റി പറയുന്നത് അത് ദൈവത്തിന്റെ ഇഷ്ടപദ്ധതി ആയിരുന്നു എന്നാണ്. അവനെ തകർത്തു കളയുവാൻ യഹോവെക്കു ഇഷ്ടം തോന്നി(യെശ.53:10).

ക്രൂശു മരണം യേശു ഏറ്റെടുക്കുകയായിരുന്നു.
പരസ്യ ശുശ്രൂഷാ കാലയളവിൽ യഹൂദാ മത നേതാക്കളും പുരോഹിതരുമെല്ലാം യേശുവിന് എതിരായിരുന്നു. അവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ മറ്റൊരു വഴിയും കാണാത്തത് കൊണ്ടു ഇനി കീഴടങ്ങിയേക്കാം എന്ന നിലയിൽ അല്ല യേശു ക്രൂശിലേക്ക് പോയത്. തന്റെ കഷ്ടതയെപ്പറ്റിയും ക്രൂശു മരണത്തെപ്പറ്റിയും യേശു തന്നെ ശിഷ്യരെ മുന്നമേ അറിയിച്ചിരുന്നു.
സ്വയം സമർപ്പിതനായാണ് യേശു കാൽവരിയിലേക്കു പോയത്. യേശു തന്നെത്താൻ നമുക്ക് വേണ്ടി ഏല്പിച്ചു കൊടുക്കുകയായിരുന്നു
( ഗലാത്യർ 2:20, എഫേസ്യർ 5:27, തീത്തോസ് 2:14 ).

ക്രൂശിൽ യേശു കൈ കാലുകളിൽ ആണികൾ തറെക്കപ്പെട്ടവനായിട്ടാണ് കിടന്നത്. അവർ യേശുവിനെ മരത്തിന്മേൽ തൂക്കിക്കൊന്നു എന്നു പ്രവർത്തികൾ 5:30 ലും 10:39 ലും കാണുന്നു. തൂക്കിക്കൊന്നു എന്ന വാക്ക് യേശുവിന്റെ മരണത്തിന്റെ മാർഗം ( method ) സൂചിപ്പിക്കുന്നതല്ല.
തെർത്തുല്യൻ അതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ് : എല്ലാവർക്കും കാണുകയും വായിക്കുകയും ചെയ്യത്തക്ക നിലയിൽ നിയമങ്ങൾ എഴുതി പൊതു സ്ഥലങ്ങളിൽ തൂക്കുന്ന പതിവ് അന്നുണ്ടായിരുന്നു . അതുപോലെ യേശുവിനെ എല്ലാവർക്കും കാണത്തക്ക നിലയിൽ ഉയർത്തി നിർത്തി എന്നാണർത്ഥം. റോമാലേഖനം 3-ന്റെ 25 അതു ഉറപ്പിക്കുന്നു. ദൈവം യേശുവിനെ പരസ്യമായി നിർത്തിയിരിക്കുന്നു.

അപ്പോസ്തലനായ പത്രോസ് തന്റെ സന്ദേശങ്ങളിലെല്ലാം ഊന്നിപ്പറയുന്ന ഒരു വസ്‌തുതയുണ്ട്: നിങ്ങൾ അവനെ ക്രൂശിച്ചു കൊന്നു(പ്രവർത്തി 2:23, 36, 3:14, 4:10, 5:30 ). യേശുവിന്റെ ക്രൂശീകരണത്തിൽ ഇടപെടാതിരുന്നവർ, ആ സമയത്തു യെരൂശലേമിൽ ഇല്ലാതിരുന്നവർ , അന്യരാജ്യക്കാർ അങ്ങനെ …എല്ലാവരും യേശുവിന്റെ ക്രൂശുമരണത്തിന് ഉത്തരവാദികൾ ആണെന്ന് പത്രോസ് ഉറപ്പിച്ചു പറയുന്നു.

യേശുവിന്റെ മരണത്തിനു ഞാൻ ഉത്തരവാദിയാണോ? അതെ.. യേശുവിനെ ക്രൂശിലേറ്റിയത്തിൽ എനിക്കും ഒരു പങ്കുണ്ട്. യഹൂദരും റോമാക്കാരും മാത്രമല്ല, ഇതു വായിക്കുന്ന നാം ഓരോരുത്തരും യേശുവിന്റെ മരണത്തിനു കാരണക്കാരാണ് . നമ്മുടെ പാപത്തിന്റെ പ്രായശ്ചിത്തമായാണ് യേശു കാൽവരിയിൽ മരിച്ചത് . നാം മരിക്കേണ്ടതിനു പകരമായാണ് യേശു മരിച്ചത് . അവനിൽ പാപം ഇല്ലായിരുന്നു. നമ്മുടെ അകൃത്യം അവന്റെ മേൽ ചുമത്തപ്പെടുകയായിരുന്നു. അത്ര ആഴമായി യേശു നമ്മെ സ്നേഹിച്ചു.

യേശുവിനെ വ്യക്തിപരമായി അറിഞ്ഞിട്ടില്ലാത്ത ആരെങ്കിലും ഇതു വായിക്കുന്നെങ്കിൽ താങ്കളെയും യേശു സ്നേഹിക്കുന്നു. യേശുവിലൂടെയുള്ള പാപവിമോചനം താങ്കൾക്കും സാധ്യമാണ്.

You might also like
Comments
Loading...