ലേഖനം|അജി കുമ്പനാട് |അഭിഷേകം അസ്തമിച്ചോ…..?
ദൈവത്തോട് കൂടുതൽ അടുത്തതാണോ ജനത്തിന് പറ്റിയ അവിശ്വസ്തത.ദൈവ വചനം കൂടുതൽ പഠിച്ചതാണോ വിശ്വാസത്തിന്റെ അളവിന് കുറവുവരാൻ കാരണം.എന്റെ മകൾക്കു പതിവായി ഞാൻ ലോലിപോപ്പ് വാങ്ങി കൊടുക്കാറുണ്ട്.ജോലികഴിഞ്ഞു തിരികെ വീട്ടിൽ ചെല്ലുമ്പോൾ എന്റെ പോക്കറ്റ് ഓടി വന്നു പരിശോധിക്കും.മിഠായി ഇല്ലെങ്കിൽ കരയും ചുരുങ്ങിയ നാളുകളായി അങ്ങനെ ഒരു പ്രവണതയുണ്ട് ,എന്നാൽ പതിവായി ലോലിപോപ്പ് കഴിക്കുമ്പോൾ ഒരു വിരസത കാണുന്നു.അതിലെ വിരസത പോലെയാണോ നമ്മുടെ ആത്മീയ ജീവിതത്തിലെ ആരാധനാ അനുഭവങ്ങൾ. ഒരിക്കലും ആകരുത്. ഇതുപോലെ ആണോ നമ്മുടെ ആത്മീയജീവിതത്തിലും ? നിത്യമായ ആരാധനയല്ലേ നമ്മെ ഇതുവരെ നിർത്തിയത്,ജലത്തിലെ സാക്ഷ്യം മാത്രമായിരുന്നോ അന്നുണ്ടായിരുന്നത്? അഭിഷേകം പ്രാപിക്കുക എന്ന കാര്യം കൂടി ഉണ്ടായിരുന്നു .എന്നാൽ ഇന്നത്തെ സഭകളെ നോക്കിയാൽ എത്ര കുഞ്ഞുങ്ങൾ അതിനായി വാഞ്ചിക്കുന്നു,വിരളമെന്നു ഉത്തരം .
മാതാപിതാക്കൾ ,സഭാ പുരോഹിതന്മാർ ,മൂപ്പൻമാർ എല്ലാവരും ഇതിലേക്ക് കുഞ്ഞുങ്ങളെ ബോധവാന്മാർ ആക്കേണ്ടുന്ന കാലം അതിക്രമിച്ചു കഴിഞ്ഞു .എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു എന്ന് ചോദിച്ചാൽ ,ക്രൈസ്തവരായ കുഞ്ഞുങ്ങൾ പോലും ഇന്ന് സുവിശേഷത്തിനെ വികലമായിവീക്ഷിക്കുന്ന കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നു.
അടിസ്ഥാനമില്ലാത്ത ഉപദേശം ,രോഗശാന്തി ,ഭൂതശാന്തി ,എന്നിവ ക്രൈസ്തവ ലോകത്തിനു സാമ്പത്തികം ഉണ്ടാക്കാനുള്ള മാർഗ്ഗമായി ചിലർ പ്രചരിപ്പിക്കുകയും ,വിളിയും തിരഞ്ഞെടുപ്പുമില്ലാത്ത ചിലർ മാർക്കറ്റ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് സുവിശേഷം മറ്റുള്ളവരുടെ മുൻപിൽ കളങ്കപ്പെടുന്നു . ഇതിനു മാറ്റം വരുത്താം. ദൈവത്തിലും അവന്റെ അമിത ബലത്തിലും ,അഭിഷേകത്തിലും വിശ്വസിപ്പിൻ .നന്മ തിന്മകളെ തിരിച്ചറിവിൻ,
സ്നേഹം സാഹോദര്യം ,സഹിഷ്ണുത എന്നിവ വച്ചുപുലർത്തുവിൻ.
അതിലെല്ലാം ഉപരിയായി അഭിഷേകം പ്രാപിപ്പിൻ .
തന്റെ തൈല കൊമ്പു പൊട്ടിച്ചു അവനെ അഭിഷേകം ചെയ്‍വിൻ(1ശമുവേൽ 16:13).എന്ന യഹോവയുടെ കല്പന പുരോഹിതന് പാലിക്കാതിരിക്കാൻ കഴിയില്ല .അതുകൊണ്ടു ദൈവദാസന്മാർ സ്നാനപെട്ട കുഞ്ഞുങ്ങളെ അഭിഷേകത്തിനായി പ്രോത്സാഹിപ്പിക്കണം.
വർധിച്ചു വരുന്ന സാമൂഹിക തിന്മകളെ തിരിച്ചറിഞ്ഞു പരിശുദ്ധാത്മാവിന്റെ സത്യ ചിന്താഗതികൾക്കനുസരിച്ചു ജീവിക്കുകയും പ്രാർത്ഥനയുടെ മഹത്വം നാം ഏറ്റെടുക്കുകയും അത്യാവശ്യമായി കൊണ്ടിരിക്കുന്നു.
ആത്മാവ് മാറിയ ശൗലിനെപോലെ കുന്തമെടുത്തെറിയാൻ തക്കം നോക്കുന്ന കാപാലികന്മാരുടെ ഇടയിൽ കിന്നരമെടുക്കാൻ പ്രാപ്തരാകണം നാമോരോരുത്തരും .
അങ്ങനെയെങ്കിൽ നാളത്തെ തലമുറ സമൂഹത്തിന്ന് നന്മകൾ ചെയ്യുന്നവരായി മാറും ,ഒരുകൂട്ടം കൊലവിളിനടത്തുമ്പോൾ ,രാജ്യത്തിന്റെ ഉയർച്ചക്കും ,അഖണ്ഡതക്കും ,സഹോദര്യതക്കും ,ബഹുസ്വരതകൾക്കും ഏകകണ്ടേനയുള്ള ഒത്തു കൂടലുകൾ ആയിരിക്കണം നമ്മുടെ ഉദ്ദേശം
അതിൽ ഹിന്ദുവെന്നോ ,മുസ്ലിമെന്നോ,ബോധികൾ എന്നോ ,ജൈനനുകൾ എന്നോ ക്രൈസ്തവരെന്നോ ഉണ്ടാവരുത് ,സകലരും അവന്റെ വരവിൽ എടുക്കപ്പെടണം.മനുഷ്യൻ മാനസാന്തരപെട്ടു അഭിഷേകമുള്ളവരായിരിക്കണം.കർത്താവിനു വേണ്ടി ആത്മാവിൽ ജ്വലിക്കുന്നവരാകട്ടെ നാമോരോരുത്തരും
(അപ്പൊ 2:3,4)
ക്രിസ്തുവിൽ സ്നേഹത്തോടെ
അജികുമ്പനാട് .