ലേഖനം | ദൈവവചനധ്യാനം | സിനിമോൾ ജെൻസ് (യു കെ)

0 2,718

കർത്താവ് തൻ്റെ ഐഹിക ജീവിതകാലത്ത് നാല്പതോളം ഉപമകൾ പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ വളരെ ചുരുക്കം ഉപമങ്ങൾക്കേ അതിൻ്റെ വിശദീകരണം തന്നിട്ടുള്ളൂ. എന്തുകൊണ്ടായിരിക്കണം കർത്താവ് എല്ലാ ഉപമകളും നമുക്ക് വ്യക്തമായി വിശദീകരിച്ചു തരാത്തത്? സദൃശവാക്യങ്ങൾ 25:2 ൽ നാം ഇങ്ങനെ കാണുന്നു ,” കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിൻറെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം”. അതെ കാര്യം മറച്ചു വയ്ക്കുന്നത് ദൈവത്തിൻറെ മഹത്വമാണ് . അത് ആരാഞ്ഞ് അറിയുന്നതാണ് രാജകീയ പുരോഹിത വർഗ്ഗമായ നമ്മുടെ മഹത്വം. അതിന് ദൈവവചനവുമായി നാം ദൈവ പാദപീഠത്തിൽ ഇരിക്കണം.
ദൈവവചനം പഠിക്കുന്നതിൽ നാം അലസരായി തീരരുത്. അലസരായാൽ അതിലെ മറഞ്ഞിരിക്കുന്നു മുത്തുകൾ നമുക്ക് നഷ്ടമാകും. മറിച്ച് ,വചനം പഠിക്കുവാൻ ശ്രദ്ധ വയ്ക്കുന്നവർ അതിൽ മറഞ്ഞിരിക്കുന്ന വിലയേറിയ നിധികൾ സ്വന്തമാക്കും. അതുകൊണ്ടാണ് വിതക്കാരൻ്റെ ഉപമ പറഞ്ഞ ശേഷം കർത്താവ് തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമയെകുറിച്ച് കർത്താവിനോട് ചോദിച്ചപ്പോൾ കർത്താവ് അവരോട് ഇങ്ങനെ മറുപടി പറഞ്ഞത് – ” ദൈവ രാജ്യത്തിൻറെ മർമ്മം നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നു പുറത്തുള്ളവർക്കോ സകലവും ഉപമകളിൽ ലഭിക്കുന്നു. അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിക്കുവാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതി വരും “.
അതെ, ദൈവരാജ്യത്തിൻറെ മർമ്മം അത് ആരായുന്നവർക്ക്, വചനം ധ്യാനിക്കുന്നവർക്കാണ് ലഭിക്കുക. ഒരു വർഷം കൊണ്ട് ബൈബിൾ മുഴുവൻ ഒരു തവണ വായിച്ചു തീർക്കുന്നതിലല്ല കാര്യം,മറിച്ച് ഒന്നാം സങ്കീർത്തനത്തിൽ പറയുന്നതുപോലെ അത് രാപ്പകൽ ധ്യാനിക്കുന്നവനാണ് ഭാഗ്യവാൻ. അല്പമേ വായിച്ചുള്ളൂ എങ്കിലും അത് ധ്യാനിക്കണം , ഹൃദയത്തിൽ സംഗ്രഹിക്കണം.
അപ്പോൾ നമ്മിൽ വരുന്ന വ്യത്യാസങ്ങൾ എല്ലാം 119-ാം സങ്കീർത്തനത്തിൽ നമുക്ക് കാണാം. നമ്മുടെ നടപ്പ് നിഷ്കളങ്കമായി തീരും. നാം പരമാർത്ഥ ഹൃദയത്തിൻ്റെ ഉടമകളായി തീരും. ഉള്ളിലിരിക്കുന്ന വചനം പാപം ചെയ്യാതെ നമ്മെ തടയും. വിശ്വസ്തത ജീവിതത്തിൻറെ ഭാഗമായി തീരും.അത് ദൈവത്തോടുള്ള നമ്മുടെ ഭക്തിയെ വർദ്ധിപ്പിക്കും. അത് നമ്മെ കഷ്ടതയിൽ ജീവിപ്പിക്കും. വചനം നമുക്ക് ബുദ്ധിയും വിവേകവും പരിജ്ഞാനവും നല്കുന്നതാണ്. അത് നമ്മുടെ കാലിനു ദീപവും പാതയ്ക്ക് പ്രകാശവും ആണ്. അത് മഹാ സമാധാനം നൽകുന്നതാണ്.
നാം ഏതൊരു സാധനവും വിലയ്ക്ക് വാങ്ങുന്നത് അതിൻറെ ഗുണങ്ങളും പ്രയോജനങ്ങളും അത് എത്ര നാൾ നിലനില്ക്കും എന്നൊക്കെ നോക്കിയിട്ടാണ്. അങ്ങനെയെങ്കിൽ, ഈ ദൈവവചനത്തിൻ്റെ ഗുണങ്ങളും , അതുകൊണ്ട് നമ്മുടെ ജീവിതത്തിലുള്ള പ്രയോജനങ്ങളും, അത് നമ്മെ നിത്യതയോളം എത്തിക്കുന്നതും ആണെന്നോർക്കുമ്പോൾ അതിനു വേണ്ടി എന്തു വിലയും മുടക്കുവാൻ നാം തയ്യാറാകണം. ആവർത്തനപുസ്തകം 30: 12, 13 ,14 -ൽ നാം ഇങ്ങനെ വായിക്കുന്നു; “ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്ന് തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിനു ആർ സമുദ്രം കടന്ന് കൊണ്ടുവന്നു തരും എന്ന് പറയത്തക്കവണ്ണം അതു സമുദ്രത്തിനക്കരെയുമല്ല; നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു നിൻ്റെ വായിലും നിൻ്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു”. അതെ, വചനം നമുക്ക് സമീപെ തന്നെയുണ്ട്. അത് വായിച്ച് ,ധ്യാനിച്ച്, ഗ്രഹിച്ച് അനുസരിക്കേണ്ടത് നമ്മുടെ കടമയാണ്. ജീവനും മരണവും, അനുഗ്രഹവും ശാപവും നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്നു. നാം ഏതു തിരഞ്ഞെടുക്കും?
വചനം വായിച്ചിട്ട് ധ്യാനിക്കാത്തവർക്ക് അതിൻറെ മർമ്മം വെളിപ്പെടുകയില്ല. അവരെക്കുറിച്ചാണ് കർത്താവ് പറഞ്ഞത് – അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതി വരും. അവർ മനം തിരിയാതെയും അഥവാ, മാനസാന്തരപ്പെടാതെയും, പാപക്ഷമ ലഭിക്കാതെയും പോകും. ആ അവസ്ഥ നമ്മുടെ ആരുടെയും ജീവിതത്തിൽ വരരുത്. മറിച്ച് , വചനം ഹൃദയത്തിൽ നിറഞ്ഞു കവിഞ്ഞിട്ട് അത് നമ്മുടെ ചിന്തകളിലും പ്രവർത്തികളിലും സംസാരത്തിലും ജീവിതത്തിലും മുഴങ്ങി നില്ക്കട്ടെ, വെളിപ്പെട്ടു വരട്ടെ. അങ്ങനെ നമ്മെ കാണുന്നവർ ക്രിസ്തുവിനെ കാണട്ടെ. നാം ക്രിസ്തു എന്ന തലയോളം വളരട്ടെ. ഇതല്ലോ നമ്മെക്കുറിച്ചുള്ള ദൈവേഷ്ടം.

You might also like
Comments
Loading...