ലേഖനം | ക്രിസ്തു എങ്കിൽ ഞങ്ങളോട് പറയുക | പാസ്റ്റർ ജെൻസൻ ജോസഫ്.

0 869

ഒരുപക്ഷേ ക്രിസ്തു യേശു നേരിട്ട ഏറ്റവും വലിയ ചോദ്യം ഇതായിരിക്കും, തന്റെ പീഡയുടെ നടുവിൽ ഒരു സാധാരണക്കാരൻ ചോദിച്ചിരുന്നു എങ്കിൽ അതിനൊരു ആഴം കാണുകയില്ലായിരുന്നു. എന്നാൽ ഈ ചോദ്യം ചോദിക്കുന്നത് സാധാരണക്കാരല്ല എന്നതാണ് സത്യം എല്ലാം തികഞ്ഞു എന്നു കരുതുന്ന ഒരു കൂട്ടം പുരോഹിതന്മാരും ശാസ്ത്രികളും, ന്യായാതിപന്മാരും ആണ്.

എല്ലാത്തിനും ഉത്തരമുള്ളവർ, എല്ലാത്തിനെയും വിവേചിക്കേണ്ടവർ, ന്യായമായത് ചെയ്യേണ്ടവർ,
ന്യായപ്രമാണത്തിന്റെ തികവു അറിയാം എന്നു വാദം ഉന്നയിക്കുന്നവർ. ഇവരിൽ നിന്നും ഈ വാക്കുകൾ വന്നപ്പോൾ ആണ് കർത്താവിനു തന്റെ വേദനയുടെ പാരമ്യത്തിലെത്തി പ്രതികരിക്കേണ്ടിവന്നത് ഒരു പക്ഷെ തന്നെ ദുഷിച്ചപ്പോഴും… കണ്ണുകെട്ടി അടിച്ചപ്പോഴും മുഖത്തു കാർക്കിച്ചു തുപ്പിയപ്പോഴും ഇല്ലാത്ത ഒരു വേദന  നിറഞ്ഞത് തന്റെ ജനവും തന്റെ പ്രതിപുരുഷന്മാരും എന്ന ഈ വേഷധരികളിൽ നിന്നും ഉണ്ടായപ്പോൾ ആണ്.

Download ShalomBeats Radio 

Android App  | IOS App 

ഒരു മനുഷ്യനെ മാനസികമായി തളർത്താൻ എല്ലാ കഷ്ടതകൾക്കും കഴിയില്ല, ഒരുവനെ ഇല്ലായ്മചെയ്യാൻ എല്ലാ ദുഷ്ടതകൾക്കും കഴിയുകയില്ല. ഒരുവന്റെ തല കുനിയിക്കാൻ എല്ലാ നിന്ദകൾക്കും കഴിയുകയില്ല എന്നാൽ ഒരുവനെ മാനസികമായും ശാരീരികമായും തളർത്താൻ താൻ പ്രതീക്ഷ വച്ച മനുഷ്യരുടെ വാക്കുകളാൽ സാധിക്കും

സാത്താന്റെ വലിയ ഒരു കുതന്ത്രമായിരുന്നു ക്രിസ്തുവിനെ മാനസികമായും ശാരീരികമായും ബൗദ്ധികമായും തളർത്തുക എന്നുള്ളത് ഇതിൽ അവൻ കുറച്ചു വിജയിച്ചു എന്നുള്ളതും സത്യം, എന്നാൽ ക്രിസ്തു നൽകുന്ന മറുപടി അവരുടെ സന്ധിമജ്ജകളെ തുളച്ചു ചെല്ലുന്നതായിരുന്നു.

ലൂക്കോസ്22:67, 68, 69
അവൻ  അവരോടു: “ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല; ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും” എന്നു പറഞ്ഞു. നിന്ദിച്ചു കൊണ്ടുള്ള ചോദ്യത്തിന് മുൻപിൽ അവന്റെ മറുപടി ഞാൻ ദൈവശക്തിയുടെ വലതു ഭാഗത്ത്‌ ഇരിക്കും, ഒരു പക്ഷെ നിന്ദയോടും പരിഹസത്തോടും നോക്കുന്നവർക്കുള്ള ചുട്ടമറുപടി ഏതു തന്നെ ആകണം. ദൈവഹിതപ്രകാരമുള്ള കഷ്ടതയെ ഒരുവന്റെ പരാജയമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്കുള്ള തക്ക മറുപടി.
യേശയ്യപ്രവാചകൻ കാണുന്ന ദർശനത്തിൽ ഇങ്ങനെ പറയുന്നു..
യെശയ്യാ 53:3 അവൻ  മനുഷ്യരാൽ  നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ  നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
എന്നാൽ പിന്നീട് അവൻ കാണുന്നത്


യെശയ്യാ 52:13
എന്റെ ദാസൻ കൃതാർത്ഥനാകും; അവൻ  ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.

ഏതൊരു ദുഃഖത്തിനും ഒരു അവസാനം ഉണ്ട്, ഏതൊരു കഷ്ടതയ്ക്കും ഒരു മാറ്റം ഉണ്ട്, ലോകം ഒരു മഹമാരിയുടെ മുൻപിൽ പകച്ചു നിന്നും. സഭകൾ ഒരു നോയമ്പ് കാലം ഭീതിയോടെ കഴിക്കുകയും. ചില കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒന്നു തൊടുവാൻ പോലും കഴിയാതെ അന്ത്യ യാത്ര അയയ്ക്കുകയും…. സഹോദരങ്ങൾ….പ്രിയപ്പെട്ടവർ… താങ്ങായി നില്കേണ്ടവർ….ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി…. അവരവർ ആയിടത്തു നിരാലംബരായി… ഭാവിയെക്കുറിച്ച് ഭരത്തോടെ ആയിരിക്കുമ്പോൾ
പ്രിയ മിത്രമേ ഒരുകാര്യം ഓർക്കുക….. ഏതൊരു നൊമ്പരത്തിനും പകരമായി മധുരിക്കുന്ന ദിനങ്ങൾ നിന്റെ മുമ്പിലുണ്ട്…
കർത്താവ് സഹിച്ച നിന്ദയുടെയോ… പരിഹാസത്തിന്റെയോ… ഒറ്റപ്പെടുത്തലിന്റെയോ… കളിയാക്കലിന്റെയോ…അടിയുടെയോ… കുറ്റപ്പെടുത്തലിന്റെയോ…. അവഗണനയുടെയോ… ഒരംശം പോലും നാം നമ്മുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടിണ്ടാവില്ല…. എന്നാൽ ഇതൊക്കെയും സഹിക്കുമ്പോൾ അവന്റെ മുൻപിൽ ദൈവം തന്നെ ഏൽപിച്ച ഒരു ദൗത്യത്തിന് വേണ്ടി ആണെന്നുള്ള ഉത്തമ ബോധ്യം അവനിലുണ്ടായിരുന്നു….

ഈ പീഡാനുഭവനാളിൽ ഒരു കാര്യം പറയട്ടെ…. എന്തു കഷ്ടത വന്നാലും… ഏതു പ്രയാസങ്ങൾ വന്നാലും… അതു പട്ടിണിയോ… ആപത്തോ… വാളോ…വീഴ്ചയോ… മരണമോ… നഗ്നതയോ…. എന്തുമാകട്ടെ…. ക്രിസ്തു ദർശനം നിന്നിൽ നിന്നും എടുത്തുകളയാൻ പറ്റാത്തിടത്തോളം നിന്നെ തകർക്കുവാൻ ഒന്നിനും കഴിയുകയില്ല….
നിന്റെ കണ്ണ് ക്രിസ്തുവിൽ മുഖത്തുനിന്നും മാറാതിരിക്കട്ടെ…
നിന്റെ ഹൃദയം അവനിൽ ഉറച്ചിരിക്കട്ടെ…. നിന്റെ പ്രത്യാശ അവനിലായിരിക്കട്ടെ…. എങ്കിൽ നിനക്കു ഒരു ഉയർപ്പുണ്ടാകും….. എല്ലാറ്റിന്റെയും നടുവിൽ ഒരു മാന്യതയുടെ ഉയിർപ്പ്… ഒരു വീണ്ടെടുപ്പിന്റെ ഉയിർപ്പ്…. ഒരു നിത്യതയുടെ ഉയിർപ്പ്….

ക്രിസ്തുവിനോടെ ചേരാം ….. അവന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളാകാം…. ഉയർപ്പിൻ ശക്തിയുടെ സാക്ഷികളാകാം….

യെശയ്യാ.64:1 – 4
അയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും
തീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു!
ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരികയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ.
നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.

You might also like
Comments
Loading...