കുടുംബം.

0 2,140

കുടുംബം..

ഇന്ന് മേയ് 15..അന്താരാഷ്ട്ര കുടുംബദിനം…( International day of families ). 1993 ഇൽ UN ജനറൽ അസംബ്ലി പ്രഖ്യാപിച്ച പ്രകാരം എല്ലാ വർഷവും ഈ ദിവസം കുടുംബദിനമായി ആചരിച്ചു വരുന്നു..കുടുംബത്തിൽ സമൂഹത്തിന് ,ലോകത്തിന്, കാലാവസ്‌ഥയ്ക്ക്, ദുരന്തങ്ങൾക്ക്, പുരുഷ മേധാവിത്വം , കുഞ്ഞുങ്ങളുടെ ഭാവി, ദേശാന്തരഗമനം ,കുഞ്ഞുങ്ങളുടെ അവകാശങ്ങൾ, അമ്മയുടെ പങ്ക്, വെല്ലുവിളികൾ, പ്രായമായവരുടെ സംരക്ഷണം ഇങ്ങനെ അനേകം വിഷയങ്ങൾ ഓരോ വർഷവും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നുണ്ട്..മാനസികാരോഗ്യം ഉള്ള കുഞ്ഞുങ്ങൾ ആണ് രാജ്യത്തിന്റെ പുരോഗതി എന്ന് അറിഞ്ഞു അതിന് വേണ്ട മുൻകരുതലുകൾ രാജ്യം എടുക്കുന്നുണ്ട്..സ്കൂളികൾ കൗൺസിലർമാർ കുട്ടികളോട് സംവാദിക്കുന്നു..അവരെ നല്ല പൗരന്മാർ എന്ന പദവിയിലേക്ക് ഉയർത്തുവാൻ സമൂഹം പരിശ്രമിക്കുന്നു..എന്നാൽ ഒരു ശിശു ആദ്യം കുടുംബത്തിലാണ് ജനിക്കുന്നതും വളരുന്നതും..അവൻ മാതാപിതാക്കളെ ആണ് ആദ്യം കണ്ടും കേട്ടും തൊട്ടും അറിയുന്നത്. അവൻ ആദ്യം മാതൃക ആക്കുന്നതും അവരെയാണ്..ഇന്ന് കുടുംബത്തിൽ തന്നെ അനേകം വെല്ലുവിളികൾ ഉണ്ട്..സമയക്കുറവ്, മാതാപിതാക്കൾ ജോലിയുള്ളവർ ,കുട്ടികളുടെ സരക്ഷണം അനുയോജിക്കുന്ന കരങ്ങളിൽ ആവണമെന്നില്ല..ഇതെല്ലാം കുട്ടികളുടെ സ്വഭാവരൂപികരണത്തിൽ വലിയ പങ്ക് വഹിക്കുന്നു..

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്തീയ ആദർശപ്രകാരം സ്നേഹിക്കുന്ന ഭർത്താവ് ,സ്നേഹത്താൽ കീഴ്പെടുന്ന ഭാര്യ ,മാതാപിതാക്കളെ അനുസരിക്കുന്ന മക്കൾ , അവരെ ദൈവകൃപയിൽ ശിക്ഷിച്ചു വളർത്തുന്ന അപ്പനും അമ്മയും. സുന്ദരമായ കാഴ്ച്ച പോലെ തോന്നാം എങ്കിലും ഇന്നത്തെ ജീവിത സാഹചര്യങ്ങൾ നിമിത്തം പലതും നഷ്ടമാകുന്നു. കൊറോണ വൈറസ് വ്യാപിച്ചു ലോകം മുഴുവൻ ഏകദേശം അടയ്ക്കപ്പെട്ടു..സ്വന്തം കുടുംമ്പം മാത്രം എന്ന നിലയിൽ ആയി.ഒരു വിശ്വസിക്ക് ദൈവത്തോട് ചേർന്ന് കുടുംബമായി കഴിയുന്ന ഈ നാളുകൾ അനുഗ്രഹമകട്ടെ..കുടുംബത്തിൽ ഓരോരുത്തരും എങ്ങനെ ആയിരിക്കണം എന്ന് ചില ബൈബിൾ കഥാപാത്രങ്ങളിലൂടെ മനസ്സിലാക്കാം..

ദൈവം മനുഷ്യനെ സൃഷ്ടിച്ചു ചില തലമുറകൾ പിന്നിട്ടപ്പോൾ തന്നെ തങ്ങൾക്ക് ബോധിച്ചപോലെ അവർ ജീവിച്ചു തുടങ്ങി. അവർ വീരന്മാരും കീർത്തിയുള്ളവരും എന്ന് അഹങ്കരിച്ചു.ദൈവം മനുഷ്യനെ ഉണ്ടാക്കിയതിൽ ദുഖിച്ചു അനുതപിക്കുന്ന അവസ്‌ഥയായി. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ നശിപ്പിക്കുവാൻ തീരുമാനിച്ച ദൈവം ഭൂമിയിലേക്ക് നോക്കുമ്പോൾ ആ കണ്ണുകൾ സന്തോഷിച്ചു ആശ്ചര്യത്തോടെ വിടർന്നു..അതാ നീതിമാനും നിഷ്കളങ്കനുമായ ഒരുവൻ..നോഹ..അവന്റെ കുടുംബം…ഭാര്യ, മൂന്ന് ആണ്മക്കൾ,അവരുടെ ഭാര്യമാർ..ഒരു സമ്പൂർണ്ണ കുടുംബം.ദൈവം നോഹയോട് ചേർന്ന് നടന്ന് സംസാരിക്കുവാൻ തുടങ്ങി. ഭൂമിയെയും മനുഷ്യനെയും കുറിച്ചുള്ള വേദന പങ്ക് വച്ചു , ഭാവി പദ്ധതികൾ പറഞ്ഞുകൊടുത്തു.നോഹേ, നിന്നെയും കുടുംബത്തെയും ഒഴിച്ചുള്ള സകല മനുഷ്യരെയും ഞാൻ നശിപ്പിക്കും.പെട്ടകം പണിയുക.അക്ഷരംപ്രതി ദൈവത്തെ അനുസരിച്ചു നോഹ പെട്ടകം പണിതു തുടങ്ങി..പതിറ്റാണ്ടുകൾ നീണ്ട പണിക്കിടയിൽ നോഹ വരുവാനുള്ള ദുരന്തത്തെ കുറിച്ചു ജനങ്ങളോട് പറഞ്ഞു എങ്കിലും അവർ പുച്ഛിച്ചു തള്ളി..എന്നാൽ നോഹയുടെ മക്കൾക്ക് പിതാവ് എന്നും മാതൃക ആയിരുന്നതിനാൽ അവർ വിശ്വസിച്ചു. എന്നാൽ എല്ലാ മനുഷ്യരും ദോഷം ചെയ്യുകയും അവരുടെ ഹൃദയ വിചാരങ്ങളും നിരൂപണങ്ങളും ദോഷം ഉള്ളത് ആയിരുന്നതുകൊണ്ടു മരുമക്കളുടെ വീട്ടുകാരും അങ്ങനെ ഉള്ളവർ ആയിരുന്നു..നോഹയുടെ ആണ്മക്കൾ അനുസരണമുള്ളവരും ദൈവം പിതാവിനോട് സംസാരിക്കും എന്നറിയുന്നവരും ആകയാൽ ആ വിശ്വാസം ഭാര്യമാരിലേക്കും പകർന്നു..അവർ കുടുംബം മുഴുവൻ പ്രളയത്തെ അതിജീവിച്ചു..ആ കാലത്ത് ആർക്കും ഇല്ലാതിരുന്ന ദൈവചിന്ത ഭാര്യയ്ക്കും മക്കൾക്കും മരുമക്കൾക്കും പകർന്നു കൊടുത്ത ആ പിതാവ് വിശ്വാസ വീരന്മാരുടെ പട്ടികയിൽ ഇന്നും നിലനിൽക്കുന്നു.

എഫ്രയീം മലനാട്ടിൽ ഉള്ള എൽകാനയുടെ ഭവനത്തിലേക്കു പോകാം.രണ്ട് ഭാര്യമാരുണ്ടു അദ്ദേഹത്തിന്..തന്റെ മക്കളെ പ്രസവിച്ച പെനീന്ന, മക്കളില്ലാത്ത ഹന്നാ.അദ്ദേഹം അവരെ രണ്ടുപേരെയും സ്നേഹിച്ചു. പെനിന്നാ എപ്പോഴും അവളെ നിന്ദിക്കുമ്പോൾ അവളുടെ വേദനകളിൽ തള്ളികളയാതെ ചേർത്തു പിടിച്ചു പത്തു പുത്രന്മാർ തരുന്നതിൽ കൂടുതൽ സ്നേഹം അവൾക്ക് കൊടുത്തു.അതിനാൽ നിരാശ മാറ്റിവച്ച ഹന്നാ ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിച്ചു ഒരു മകനെ സ്വന്തമാക്കി. ദൈവവേലയ്ക്കായി അവനെ സമർപ്പിച്ചു.ആലയത്തിലെ പുരോഹിതനും മക്കളും ദർശനം നഷ്ടപ്പെട്ട് അനീതി ചെയ്യുന്നവർ ആണ്.അവരുടെ കൈയിലേക്കാണ് ചെറിയ ശമുവേൽ ബാലനെ ഏല്പിക്കേണ്ടത്.തന്നോടൊപ്പം ഉള്ള ചെറിയ കാലയളവിൽ ദൈവത്തിന്റെ ന്യായപ്രമാണം ഹന്നാ മകനെ പഠിപ്പിച്ചു .ആലയത്തിൽ ഏല്പിക്കുമ്പോൾ അവിടെയുള്ള അനീതികളിലേക്ക് കൈനീട്ടാതവണ്ണം അവൾ ശിക്ഷിച്ചു വളർത്തി. അതിനാൽ ശമുവൽ അനേക വർഷം ജനത്തെ നീതിയോടെ ന്യായപാലനം ചെയ്തു.ദൈവശബ്ദം കേട്ട് യിസ്രായേൽ ജനത്തിന് രണ്ട് രാജാക്കന്മാരെ തിരഞ്ഞെടുത്തു നൽകി..നിറഞ്ഞ വാർദ്ധിക്യത്തിൽ ജനത്തിന്റെ മുന്നിൽ തന്റെ വിശ്വസ്തത ധൈര്യപൂർവം തെളിയിച്ചു. അത് ഹന്നാ എന്ന മാതൃകയാക്കാവുന്ന ഒരു അമ്മയുടെ വിജയമാണ് .

ഇനി നസ്രേത്തു എന്ന ഗലീല പട്ടണത്തിൽ യോസേഫിന്റെ ഭവനത്തിലേക്കു നോക്കുക.അദ്ദേഹം മറിയ എന്ന കന്യകയെ വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു.ഒരു ദൂതൻ അവളോട് ദൈവിക മർമ്മങ്ങൾ പറയുന്നു.നി പരിശുദ്ധാത്മാവിനാൽ ദൈവ പുത്രനെ ഗർഭം ധരിക്കും.അവൻ ജനങ്ങളെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനാൽ യേശു എന്ന് പേരിടണം.എല്ലാം കേട്ടു മറിയ ഭയന്നു എങ്കിലും ഞാൻ ദൈവത്തിന്റെ ദാസി ,നിന്റെ വാക്ക് പോലെ എനിക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു ഒരു അമ്മയാകാൻ ഒരുങ്ങി.യോസേഫ് ദൂതന്റെ വാക്ക് അനുസരിച്ചു മറിയയോട് ചേർന്ന് കുടുംബജീവിതം ആരംഭിച്ചു..അവർക്ക് മകനായി യേശു ജനിച്ചു , വളർന്നു ,ജ്ഞാനം നിറഞ്ഞു ,ആത്മാവിൽ ബലപെട്ടു,ദൈവകൃപയിൽ ജീവിച്ചു.
ദൈവപുത്രനായിട്ടും ലോകപ്രകാരമുള്ള മാതാപിതാക്കൾക്ക് കീഴ്പെട്ടു അനുസരിച്ചു ജീവിച്ചു.തച്ചനായ യോസേഫ് ജോലിക്ക് പോകുമ്പോൾ അമ്മയോട് ചേർന്ന് നിന്ന് കഥകൾ കേട്ട് ചെറിയ സഹായങ്ങൾ ചെയ്ത് ന്യായപ്രമാണവും കല്പനകളും പഠിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ ആലയത്തിൽ ഇരുന്ന് ഉപദേഷ്ടാക്കന്മാരെ ആശ്ചര്യപ്പെടുത്തും വിധം വാദപ്രതിവാദം നടത്താൻ പ്രാപ്തൻ ആയതും അതിനാലാണ്.ഞാൻ എന്റെ പിതാവിനുള്ളതിൽ ഇരിക്കേണ്ടതല്ലേ അമ്മേ എന്ന് ധിക്കാരം കൂടാതെ ചോദിക്കുമ്പോഴും മറ്റുള്ളവരെ പോലെ ആലയത്തിൽ പോകയും ആരാധിക്കുകയും ചെയ്തു..മാതാപിതാക്കൾക്ക് കീഴടങ്ങി അവരെ സ്നേഹിച്ചു ജീവിച്ച മകൻ.കാനാവിലെ കല്യാണവീട്ടിൽ വീഞ്ഞു തീർന്നപ്പോൾ അവരെ സഹായിക്കാൻ ഒരു മടിയും കൂടാതെ അമ്മ ആവശ്യപ്പെടുന്നു..അവരുടെ ആവശ്യം അല്ലെ ,ഇതിൽ നമ്മൾക്ക് എന്തു കാര്യം എന്ന് കുസൃതിയോടെ യേശു ചോദിക്കുന്നു.മറിയ ജോലിക്കാരോട് പറയുന്നു അവൻ നിങ്ങളോട് എന്തു കല്പിക്കുന്നോ അത് ചെയ്യണം. അവരുടെ ബന്ധത്തിന്റെ ഇഴയടുപ്പം നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കും..അമ്മ പറഞ്ഞത് അനുസരിക്കുന്ന മകൻ അവിടെ ആരംഭിച്ചത് അത്ഭുതങ്ങളുടെ ഒരു ഘോഷയാത്രയാണ്. പരസ്യ ശുശ്രുഷ ആരംഭിക്കുമ്പോൾ വീട്ടിൽ നിന്ന് അകന്നുപോകുന്ന മകനെ ആ അമ്മ ഉൾക്കൊണ്ടു.എന്നാൽ ക്രൂശികരണസമയത്തു ഹൃദയം തകർന്ന് ഒരു അനാഥയെ പോലെ കരയുന്ന അമ്മയെ കണ്ട് പ്രിയ സ്നേഹിതനോട് സ്വന്തം അമ്മയായി ചേർത്തു നിർത്തണമെന്ന് പറഞ്ഞു ഏല്പിക്കുമ്പോൾ മകൻ എന്ന നിലയിലുള്ള സ്നേഹവും ഉത്തരവാദിത്തവും കാണാൻ സാധിക്കുന്നില്ലേ..”സകലവും നിവർത്തിയായി ” എന്ന് പറയുന്നതിൽ ഇതും ഉൾപ്പെട്ടതായി കാണാൻ സാധിക്കും.കുടുംബത്തിൽ മക്കൾ എങ്ങനെ ആയിരിക്കണം എന്നതിന് ഏറ്റവും നല്ല ഉദാഹരണം യേശു തന്നെയാണ്.

തിമൊഥെയോസിലേക്ക് ദൈവത്തിലുള്ള നിർവ്യാജ വിശ്വാസം പകർന്നു കൊടുത്ത വല്യമ്മച്ചിയായ ലോവിസിനെ കാണുക..ഇങ്ങനെ കുടുംബം സംബന്ധിച്ചു അനേകം ഉദാഹരങ്ങൾ ബൈബിളിൽ കാണാം..

ഈ ലോക്ക് ഡൗൺ കാലം ദൈവം നമ്മൾക്ക് നൽകിയത് തിരുവെഴുത്തുകളെ ശോധന ചെയ്തു,പ്രാർത്ഥിച്ചു,ബന്ധങ്ങളിലെ വിടവുകൾ നികത്തി,സ്നേഹത്തോടെ, സന്തോഷത്തോടെ അവരവരുടെ കടമകൾ നിർവഹിക്കാൻ വേണ്ടി ആണ്…മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നാം കടമ്പെട്ടവർ ആണ് എങ്കിലും കുടുംബത്തിന് തന്നെ ഒന്നാം സ്ഥാനം കൊടുക്കുക.നിരാശയും ഭാരവും മാറ്റി വയ്ക്കുക..കർത്താവിൽ സന്തോഷിക്കുക.ഏത് പ്രതിസന്ധിയുടെ കാലത്തും നമ്മൾക്ക് ധൈര്യത്തോടെ പറയാം…
ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും…

ഷീല എബ്രഹാം..

You might also like
Comments
Loading...