ലേഖനം | കലത്തിലെ മാവും ഭരണിയിലെ എണ്ണയും | ജോസ് പ്രകാശ്

0 1,726

ലോകം ഒരു വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നു. അനേകരുടെ അന്നത്തിന് മുട്ട് സംഭവിച്ചു കൊണ്ടിരിക്കുന്നു. ചേരികളിലെ കുട്ടികൾ കൂട്ടത്തോടെ ആഹാരത്തിനായി ആർത്തിയോടെ കൈനീട്ടുന്നു. വിശേഷാൽ അനേക ദൈവമക്കളുടെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീർന്നു കൊണ്ടിരിക്കുന്നു.

ഇന്ന് നാം നേരിടുന്നതിനേക്കാൾ കഠിനമായ അവസ്ഥകളിലൂടെ ആദിഭക്തന്മാർ പ്രയാണം ചെയ്തിട്ടുണ്ട്. ആ സമയങ്ങളിൽ ഏറ്റവും അടുത്ത തുണയായി ദൈവം അവരോട് കൂടെയുണ്ടായിരുന്നു. ക്ഷാമ കാലത്ത് അവരെ ക്ഷേമത്തോടെ പുലർത്തുവാൻ കാക്കയേയും, പ്രവാചകനേയും, വിധവയേയും ഒക്കെ ദൈവം തക്കസമയങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ദൈവത്തിനു വേണ്ടി തീഷ്ണമായി നിലകൊണ്ട തിശ്ബ്യനായ ഏലീയാപ്രവാചകനും അത്തരത്തിലുള്ള സാഹചര്യത്തിൽ അളവറ്റ ദൈവീക കരുതൽ അനുഭവിച്ചിട്ടുണ്ട്.
മഞ്ഞും മഴയും ഇല്ലാതിരുന്ന കാലത്തും, മരുഭൂമിയിൽ തന്റെ ജനത്തെ കരുതിയ ദൈവം തന്നോടു കൂടെയുണ്ടായിരുന്നു.

യഹോവയുടെ കല്പനപ്രകാരം യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്ത ഭക്തന് കാക്ക, രാവിലെയും വൈകുന്നേരത്തും അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു; തോട്ടിൽ നിന്നു തന്റെ ദാഹവും ശമിപ്പിച്ചു.

എന്നാൽ പൊടുന്നനവേ കെരീത്ത് തോടു വറ്റിപ്പോയപ്പോൾ ഏലിയാവിനെ പുലർത്തേണ്ടതിന്നു സാരെഫാത്തിലുള്ള ഒരു വിധവയോടു ദൈവം കല്പിച്ചു.

കലത്തിലെ ഒരു പിടി മാവും ഭരണിയിലെ അല്പം എണ്ണയും കൊണ്ട് തനിക്കും മകനും വേണ്ടി അല്പം അന്നം ഒരുക്കി അതു തിന്നിട്ടു മരിക്കുവാനായി വേഗത്തിൽ വിറകു പെറുക്കിക്കൊണ്ടിരുന്ന വിധവയെ വിളിച്ചു: കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളവും
കഴിപ്പാൻ ഒരു കഷണം അപ്പവും കൂടെ കയ്യിൽ കൊണ്ടുപോരേണമേ എന്നു ഏലിയാവ് പറഞ്ഞു. മരണത്തെ മറന്ന് ദൈവദാസനെ മാനിച്ച വിധവയെ ഏലീയാപ്രവാചകനിലൂടെ ദൈവം ജീവിതത്തിലേക്ക് തിരിച്ചു വരുത്തി.

“ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല ” എന്നത് അക്ഷരാർത്ഥത്തിൽ സംഭവിച്ചു. യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം വിധവയുടെ വീട്ടിലെ കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല. പ്രവാചകന്റെ വാക്കുകൾ അപ്രകാരം അംഗീകരിച്ച് പൂർണമായും അനുസരിച്ച വിധവയും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.

ദൈവം നമ്മുടെ പ്രവൃത്തിയും വിശുദ്ധന്മാരെ അവരുടെ വിഷമസമയങ്ങളിൽ ശുശ്രൂഷിക്കുന്നതും, തന്റെ നാമത്തോടു ഈ ദിനങ്ങളിൽ നാം കാണിക്കുന്ന സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.

നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തതു പാപമാകയാൽ മടുത്തുപോകാതെ നമുക്ക് നന്മ ചെയ്യാം. അവസരം കണ്ടെത്തി അർഹരായവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും സഹായം ചെയ്യാം.

ഈ പ്രത്യേക സാഹചര്യത്തിൽ അർദ്ധപ്രാണാവസ്ഥയിൽ ആയിരിക്കുന്നവരുടെ അടുക്കൽ എത്തി അവരെ കാണുവാനും, മനസ്സലിഞ്ഞു അവരുടെ അത്യാവശ്യങ്ങൾ വേഗത്തിൽ നിറവേറ്റി, മാനസിക മുറിവുകളെ കെട്ടി അതിജീവനത്തിന് വേണ്ടത് ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.

ഏലിയാവും വിധവയും ദൈവത്തെ അനുസരിച്ചു. ആകയാൽ
വിധവയിലൂടെ ഏലിയാവിനേയും, ഏലിയാവിലൂടെ വിധവയേയും ദൈവം പുലർത്തി. നമ്മുടെ അനുസരണവും നിച്ഛയമായും അനേകരുടെ അനുഗ്രഹത്തിന് കാരണമാകും.

തന്റെ ദൗത്യം പൂർത്തീകരിക്കാൻ വേണ്ടി ദൈവം അന്വേഷിക്കുന്നവരിൽ നമുക്കും പങ്കാളിയാകാം. നീതിമാന് തുണയുണ്ടാകണമെങ്കിൽ അവന്റെ സന്തതി ആഹാരം ഇരക്കാതിരിക്കണമെങ്കിൽ; നാം ഒരു കാക്കയുടേയോ, വിധവയുടെയോ ശമര്യക്കാരന്റെയോ ഒക്കെ ചുമതല സ്വമേധാ ഏറ്റെടുത്തേ പറ്റുകയുള്ളൂ. ഒരാളുടെ കണ്ണീര് എങ്കിലും തുടയ്ക്കാൻ കഴിഞ്ഞാൽ സ്വർഗ്ഗം സന്തോഷിക്കും.

”വലിയവരോടല്ല
എളിയവരോടാണ് കൃപ കാട്ടേണ്ടത്. എളിയവരാണ് ആദരിക്കപ്പെടേണ്ടത് വലിയവരല്ല.”

നാം ധാരാളം ഫലം പുറപ്പെടുവിക്കേണ്ട സമയമാണിത്. ആകയാൽ അത്യാവശ്യസംഗതികളിൽ സൽപ്രവൃത്തികളിൽ മുമ്പരായി അധികം ഫലം പുറപ്പെടുവിക്കാം. മനുഷ്യർ നമ്മുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നമ്മുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

ക്രിസ്തുവിൽ,
ജോസ് പ്രകാശ്

You might also like
Comments
Loading...