ലേഖനം | സതി- ചരിത്രകാരന്മാർ വില്യം കേറിയോടു കാണിച്ച ചതി | ബിജു പി. സാമുവൽ,

0 2,373

1799 ഏപ്രിൽ ഒന്ന് വൈകുന്നേരം.
പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയാണ് മിഷ്ണറിയായ വില്യം കേറി. ആൾക്കൂട്ടത്തിനിടയിൽ ഭർത്താവിനു വേണ്ടി തയ്യാറാക്കിയ ചിതയുടെ സമീപത്ത് ഒരു സ്ത്രീ നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. സഹമരണം (സതി) വരിക്കാൻ തയ്യാറായി നിൽക്കുന്ന ആ വിധവയെ മരണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബന്ധുക്കൾ ആ സ്ത്രീയെ ആറ് തവണ ചിതയ്ക്ക് പ്രദക്ഷിണം വയ്പ്പിച്ചു. അവൾ നൽകിയ മധുരം പവിത്ര വസ്തു എന്നതു പോലെ ചുറ്റും നിന്നവർ വാങ്ങി ഭക്ഷിച്ചു. ശാന്തമായി ചിതയിലേക്ക് നടന്നു കയറിയ അവൾ കൈകൾ വിരിച്ച് നൃത്തം ചെയ്തു. പിന്നീട് ശവത്തിന്റെ കഴുത്തിന് കീഴിലായി ഒരു കൈയും മറ്റെ കൈ മുകളിലായും വെച്ചു അവൾ ശവത്തെ കെട്ടിപ്പിടിച്ചു കിടന്നു. ചുറ്റും നിന്നവർ ഇലകൾ കൊണ്ടു ആ സ്ത്രീയെയും ശവത്തെയും മൂടി. അവർ നെയ്യും വെണ്ണയും അതിനു മീതെ ധാരാളമായി ഒഴിച്ചു. രണ്ടു മുളം കമ്പ് അവളുടെ മീതെ ശക്തിയോടെ താഴേക്കു അമർത്തിപ്പിടിച്ചു. തുടർന്ന് ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ തന്നെ അഗ്‌നി ആകാശത്തേയ്ക്കുയർന്നു.

“ഹൊയ്…ഹൊയ്…” എന്ന ഭ്രാന്തമായ ശബ്ദം മുഴക്കിയ ജനത്തിന്റെ ആരവത്തിനിടയിൽ ജീവനുവേണ്ടി പിടയുന്ന ആ പാവം സ്ത്രീയുടെ ദീനരോദനം ആരും കേട്ടില്ല. അമർത്തിപ്പിടിച്ചിരുന്ന മുളങ്കമ്പിൽ നിന്ന് അവൾക്ക് രക്ഷപ്പെടാൻ ആവുമായിരുന്നില്ലല്ലൊ.
ഒരു മനുഷ്യജീവൻ ജീവനോടെ അവിടെ കത്തിമർന്നു. ഈ ദുരാചാരം സഹിക്കാനാവാതെ വില്യം കേറി അപ്പോൾ തന്നെ അതിനെതിരെ ശബ്ദം ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല.

Download ShalomBeats Radio 

Android App  | IOS App 

ഇന്ത്യയിൽ നിലനിന്നിരുന്ന ഏറ്റവും ഹീനവും നികൃഷ്ടവുമായ സമ്പ്രദായമായിരുന്നു സതി. ഭർത്താവിന്റെ ചിതയിൽ അയാളുടെ വിധവയെ ജീവനോടെ ദഹിപ്പിക്കുന്ന സംസ്കാരം. പക്ഷേ അത് സംസ്കാര ശൂന്യതയായിട്ടാണ് വില്യം കേറി മനസ്സിലാക്കിയത്. ജീവനുവേണ്ടി പിടയുമ്പോഴും കരുണയില്ലാതെ നോക്കി നിൽക്കുന്നത് തന്റെ മനസ്സിനെ വേട്ടയാടി.

സതി നിർത്തലാക്കുന്നതിനുള്ള പോരാട്ടം തന്നെ കേറി തുടങ്ങി വച്ചു. കൽക്കട്ടയിൽ തന്നെ 300 – ലധികവും ഇന്ത്യ മുഴുവനായി പതിനായിരത്തിലധികവും വിധവമാർക്ക് ചുരുങ്ങിയ കാലം കൊണ്ട് സതിയിലൂടെ ജീവൻ നഷ്ടമായി എന്ന ഞെട്ടിക്കുന്ന കണക്ക് അദ്ദേഹം പുറത്തുവിട്ടു. എന്നാൽ പാരമ്പര്യ മതനേതാക്കൾ തനിക്കെതിരെ തിരിഞ്ഞു. സതി വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും ഭാഗമാണെന്ന് അവർ വാദിച്ചു. എന്നാൽ ഉറച്ച മനസ്സോടെ കേറി കാലുകൾ മുന്നോട്ടു വച്ചു. വേദങ്ങളും പുരാണ ഗ്രന്ഥങ്ങളും ആഴമായി പഠിച്ച് അന്നുള്ള മത പണ്ഡിതന്മാരോട് സതിക്കെതിരെ തർക്കിച്ചു. ഹൈന്ദവ വേദങ്ങളിൽ സതി അനുവദിക്കുന്നില്ലെന്ന് തെളിയിച്ച് മതനേതാക്കളുടെ നാവടപ്പിപ്പിക്കാൻ ഒരു മിഷ്ണറിയായ കേറിക്ക് കഴിഞ്ഞു.

ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിൽ ഉദ്യോഗസ്ഥരായി എത്തുന്ന
ചെറുപ്പക്കാരെ അഭ്യസിപ്പിക്കുവാനായി
വെല്ലസ്ലി പ്രഭു കൽക്കട്ടയിൽ സ്ഥാപിച്ച ഫോർട്ട് വില്യം കോളേജിൽ ബംഗാളി ഭാഷാദ്ധ്യാപകനായി വില്യം കേറി നിയമിക്കപ്പെട്ടു . വെല്ലസ്ലി പ്രഭുവുമായി കേറി നല്ല സുഹൃദ്ബന്ധം സ്ഥാപിച്ചെടുത്തു . അന്ന് നിലനിന്നിരുന്ന ശിശുഹത്യയെപ്പറ്റി ഒരു റിപ്പോർട്ട് തയ്യാറാക്കി നല്കുവാനായി വെല്ലസ്ലി പ്രഭു കേറിയെ നിയോഗിച്ചു .

ഒരിക്കൽ മാൾഡ ( Malda ) ജില്ലയിലൂടെ യാത്ര ചെയ്യുമ്പോൾ മരത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു സഞ്ചി കേറിയുടെ ദൃഷ്ടിയിൽപെട്ടു. അതിനുള്ളിൽ ഒരു കുഞ്ഞിന്റെ തലയോട്ടി. ബാക്കി ഭാഗം ഉറുമ്പ് തിന്നു കഴിഞ്ഞിരുന്നു . ദേവപ്രീതിക്കായി അർപ്പിക്കപ്പെട്ട കുഞ്ഞായിരുന്നത്രേ അത് .

മറ്റൊരിക്കൽ വില്യം കേറി ജൂനിയർ പിതാവിനോടായി പറഞ്ഞ സംഭവം ഇങ്ങനെ: വെള്ളത്തിൽ മുങ്ങിത്താഴുന്ന കുഞ്ഞിനെ ബോട്ട് യാത്രക്കാരൻ വലിച്ചു കയറ്റി തൊട്ടടുത്തുണ്ടായിരുന്ന മാതാവിനെത്തന്നെ ഏല്പിച്ചു. കുഞ്ഞിനെ കൈയിൽ വാങ്ങിയ അമ്മ ആ കുഞ്ഞിന്റെ കഴുത്തൊടിച്ച് വീണ്ടും വെള്ളത്തിലേക്കെറിഞ്ഞു. രണ്ടു കുഞ്ഞുങ്ങൾ ജനിച്ചാൽ ഒന്നിനെ ഗംഗാനദിയിലും മറ്റും അർപ്പിക്കുന്ന ആചാരത്തിന്റെ ഒരു ഭാഗമായിരുന്നത്.

മതാചാരമെന്ന പേരിൽ നടക്കുന്ന ഈ ശിശുബലി കൊലപാതകം തന്നെയാണെന്ന് കേറി റിപ്പോർട്ട് നൽകി . Murders Committed under the Pretence of Religion എന്ന റിപ്പോർട്ടിനെ തുടർന്ന് 1802 – ൽ വെല്ലസ്ലി പ്രഭു ശിശുഹത്യ നിരോധിച്ചു കൊണ്ട് നിയമം പാസാക്കി . ഇതിന് കാരണമായിത്തീർന്നത് വില്യം കേറി എന്ന സുവിശേഷകനല്ലാതെ മറ്റേത് സാമൂഹ്യ പരിഷ്കർത്താവാണ്?.

ശിശുഹത്യയ്ക്കെതിരെ വെല്ലസ്ലിക്ക് നൽകിയ റിപ്പോർട്ടിൽ സതിക്കെതിരെയും കേറി റിപ്പോർട്ട് നൽകിയിരുന്നു . സതി സ്വമനസ്സാലെ വിധവമാർ ചെയ്യുന്നതല്ലെന്നും നിർബന്ധിച്ച് ചെയ്യിക്കുന്നതാണെന്നും വിശദീകരിച്ച് കേറി ശക്തമായ പ്രചരണം നടത്തി . 1803 – ൽ Fort William College – ൽ അദ്ദേഹം സതിയ്ക്കെതിരെ ചർച്ച സംഘടിപ്പിച്ചു . സുഹൃത്തായിരുന്ന വെല്ലസ്ലിയെ സതി നിർത്തലാക്കുവാൻ അദ്ദേഹം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു .

ഹിന്ദു നിയമത്തിൽ സതിക്കുള്ള പ്രാധാന്യം അറിയിക്കാൻ ഗവർണർ ജനറൽ സുപ്രീം കോടതിയോടാവശ്യപ്പെട്ടു . 1805 – ൽ സതി മതാചാരമാണെന്നും അത് തടയാൻ ആവില്ലെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു .

എന്നാൽ കേറി വിശ്രമമില്ലാതെ പോരാട്ടം തുടർന്നു . ജോഷ്വാ മാർഷ്മാൻ, വില്യം വാർഡ് എന്നീ സഹപ്രവർത്തകരുടെ ചുമതലയിൽ പ്രസിദ്ധീകരിക്കുന്ന സമാചാർ ദർപ്പൺ എന്ന തദ്ദേശ ഭാഷയിലെ പത്രത്തിൽ സതിക്കെതിരെ എഴുത്ത് തുടർന്നു . Friend of India എന്ന ഇംഗ്ലീഷ് മാഗസിനിൽ സതിക്കെതിരെ ചർച്ചകൾ നടത്തുന്ന Forum രൂപീകരിച്ചു . സതിക്കെതിരെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു . 1828 – ൽ വില്യം ബെന്റിംഗ് പ്രഭു ഗവർണർ ജനറലായി നിയമിതനായി. 1829 ഡിസംബർ 4 -ാം തീയതി സതി എന്ന മതാചാരം നിയമ വിരുദ്ധവും കുറ്റകരവുമാണെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു .

1829 ഡിസംബർ 6 -ാം തീയതി ഞായറാഴ്ച രാവിലെ വിശുദ്ധ ബൈബിൾ ധ്യാനിച്ചു കൊണ്ടിരുന്നപ്പോൾ ഈ ഉത്തരവ് വില്യം കേറിയുടെ കൈയിൽ കിട്ടി . ഇംഗ്ലീഷിലുള്ള ഈ ഉത്തരവ് ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്യണം . ഗവൺമെന്റിന്റെ ഉത്തരവുകൾ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തുന്നത് കേറിയായിരുന്നു . ഇംഗ്ലീഷും ബംഗാളിയും ഒരുപോലെ കൈകാര്യം ചെയ്യാനറിയാവുന്ന ആൾ തന്നെ വേണമല്ലൊ .
തർജമ ചെയ്യാൻ താമസിക്കുന്ന ഓരോ നിമിഷവും സതി തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരാധനയിൽ പ്രസംഗിക്കുന്നതിനുള്ള ഉത്തരവാദിത്വം മറ്റൊരാളെ ഏൽപിച്ച് കേറി പെട്ടെന്നു തന്നെ ഉത്തരവ് പരിഭാഷപ്പെടുത്തി . സതി നിരോധന ഉത്തരവിന്റെ ബംഗാളി പരിഭാഷ ബംഗാൾ ഗസറ്റിൽ താൻ പ്രസിദ്ധം ചെയ്തു . ഇതിനപ്പുറത്ത് എന്ത് പ്രവർത്തനമാണ് സതി നിർത്തലാക്കാൻ വില്യം കേറി ചെയ്യേണ്ടത് ?

1812 – ൽ കട്വാ (Kutwa)-യിൽ ഒരു കുഷ്ഠ രോഗിയെ ജീവനോടെ ദഹിപ്പിക്കുന്നത് കേറി നേരിട്ട് കണ്ടു . അഗ്നിശുദ്ധി വന്ന ശരീരം അടുത്ത ജന്മത്തിൽ ആരോഗ്യകരമായ പുതിയ അവസ്ഥയിൽ എത്തുമെന്ന വിശ്വാസത്തിൽ നിന്നായിരുന്നു ഈ നരബലിയും . കുഷ്ഠരോഗികളെ തീക്കിരയാക്കുന്ന നടപടി നിർത്തലാക്കിയതിന് പിന്നിലും വില്യം കേറിയുടെ അദ്ധ്വാനമുണ്ട്.

1893 – ൽ ഷിക്കാഗോയിൽ നടന്ന മത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ ആർഷഭാരത സംസ്കാരത്തെ പ്രകീർത്തിക്കുന്നതിന് മുമ്പു തന്നെ ഇന്ത്യ എന്ന് തല ഉയർത്തി നിന്ന് പറയത്തക്ക നിലയിൽ ഇവിടുത്തെ “മരണ സംസ്കാരം” മിഷണറിമാർ മാറ്റിയിരുന്നു . നവോത്ഥാന നായകന്മാർ, വിദ്യാഭ്യാസ വിദഗ്ധന്മാർ, ചിന്തകർ, പത്രപ്രവർത്തകർ , സാഹിത്യകാരന്മാർ ഒക്കെ ഉണ്ടായിരുന്ന ഇന്ത്യയിൽ രാമായണവും മഹാഭാരതവും ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്തത് വില്യം കേറിയാണ് എന്നതും മറന്നു കളയരുത്.

ഇന്ത്യയുടെ മിഷണറി കഥ മാത്രമല്ലിത്. ഇന്ത്യയുടെ ചരിത്രമാണിത്. ഭാരതത്തെ സംസ്കാര സമ്പന്നതയിലേക്ക് ഉയർത്തിയ വില്യം കേറി ബംഗാളിന്റെ ഏറ്റവും വലിയ നവോത്ഥാന നായകനും ആയിരുന്നു എന്നതിന് തർക്കമില്ല.

ദുരാചാരങ്ങൾക്കെതിരെ മിഷ്ണറിമാർ പ്രവർത്തിക്കുമ്പോൾ അവർ ഭാരത സംസ്കാരത്തെ വെല്ലുവിളിക്കുന്നു എന്ന് മുറവിളി ഉയർത്തുന്നവർ ധാരാളമാണ്. എന്നാൽ ആ ദുരാചാരങ്ങൾ മിഷ്ണറി പ്രവർത്തനത്തിലൂടെ നിർത്തലാക്കപ്പെടുമ്പോൾ അതിന്റെ കീർത്തി തങ്ങൾക്കാണെന്ന് അവകാശപ്പെടുന്നതും ഇവർ തന്നെ.
“സാമൂഹ്യപാഠം” എന്ന വിഷയം പഠിക്കാൻ തുടങ്ങിയ കാലം മുതൽ സതി നിർത്തലാക്കിയതിനോട് ബന്ധപ്പെട്ട് കേൾക്കുന്നത് മറ്റ് ചിലരുടെ പേരാണ്. സതിക്കെതിരെ ചർച്ചകൾ നടത്തിയ , ബ്രിട്ടീഷ് ഗവൺമെന്റിന് റിപ്പോർട്ട് നൽകിയ, ലേഖനങ്ങളും പുസ്തകങ്ങളുമെഴുതിയ , സതി നിരോധന ഉത്തരവ് തർജമ ചെയ്ത വില്യം കേറിയുടെ പേര് ചരിത്രകാരന്മാർ ഒഴിവാക്കിയത് ചരിത്രത്തോടുള്ള വെല്ലുവിളിയും സത്യത്തെ വളച്ചൊടിക്കലുമാണ്. മിഷ്ണറിമാരുടെ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കാനുള്ള മന:പൂർവ്വമായ ശ്രമമാണിത്. മനുഷ്യത്വരഹിതവും നീചവും നിന്ദ്യവുമായ സതി എന്ന ദുരാചാരത്തെ ആയുസ്സിന്റെ ഭൂരിഭാഗവും വിശ്രമമില്ലാതെ എതിർത്ത് തോല്പിച്ചിട്ടും വില്യം കേറിയുടെ പേര് ഒഴിവാക്കിയത് ഹീനവും കുടിലവുമായ നീക്കമാണ് .

ചരിത്രകാരന്മാരേ , കാലം നിങ്ങൾക്ക് മാപ്പ് നൽകുമോ?

      
You might also like
Comments
Loading...