ലേഖനം | അനുസരിക്കുന്നവരെ അനുഗ്രഹിക്കുന്ന ദൈവം | പാസ്റ്റർ ബാബു പയറ്റനാൽ

0 1,119

അനുസരിക്കുന്നവരെ അനുഗ്രഹിക്കുന്ന ദൈവം

Download ShalomBeats Radio 

Android App  | IOS App 

ദൈവമക്കൾ ബൈബിളിൽ എഴുതിയിരിക്കുന്ന ദൈവ വചനങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കരുത് എന്ന് ബൈബിളിൽ എഴുതിയിട്ടുണ്ടോ?
ദൈവമക്കൾ ദൈവവചനം പൂർണ്ണമായി അനുസരിക്കണം എന്ന് വിശുദ്ധവേദ പുസ്തകത്തിൽ പല സ്ഥലങ്ങളിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും എഴുതപ്പെട്ടിരിക്കുന്നു.ആവ. 10:12-13 ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും
ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?

ദൈവവചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു. ആവ. 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.

ദൈവവചനത്തിൽ എഴുതപ്പെട്ടിരിക്കുന്ന വചനങ്ങൾക്ക് വിപരീതമായി മനുഷ്യ കൽപ്പനകളോ മനുഷ്യൻറ പാരമ്പര്യങ്ങളോ കൂട്ട് ചേർത്താൽ അവർ ശപിക്കപ്പെട്ടവർ എന്ന് വചനം പറയുന്നു. ഗലാ.1:7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. ഗലാ.1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.മർ.7:7-8 “മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു”. എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു;

ദൈവവചനത്തിലെ ഏറ്റവും ചെറിയ കല്പനകളിൽ നിന്ന് ഒന്നുപോലും അഴിക്കുവാനോ തിരുത്തുവാനോ മനുഷ്യർക്ക് അധികാരമില്ല. ഒരുവൻ ന്യായപ്രമാണം മുഴുവൻ അനുസരിച്ച് നടന്നിട്ടും ഒന്നിൽ തെറ്റിയാൽ സകലത്തിനും കുറ്റക്കാരൻ ആവുന്നു. മത്താ.5:19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.യാക്കോ. 2:10 ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.

ദൈവവചനം അനുസരിക്കാത്തവർ ദൈവത്തിൻറെ വിരോധികൾ ആയിത്തീരുന്നു. 1ശമൂ.12:15 എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.

ദൈവ കല്പന ലംഘിച്ചു കൊണ്ട് ലഭിക്കുന്ന ഭൗമിക സമ്പത്ത് കരസ്ഥമാക്കുവാൻ ദൈവത്തിൻറെ ആത്മാവ്
ഉള്ളിലുള്ളവർ ഒരിക്കലും ശ്രമിക്കുകയില്ല . സംഖ്യാ. 22:18 ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല.

മനുഷ്യർക്ക് നേരിടുന്ന ആത്മീയ പരീക്ഷകളിൽ അവർ ദൈവത്തിൻറെ വചനം അനുസരിക്കുമോ ഇല്ലയോ എന്ന് ദൈവം മനുഷ്യനെ ശോധന ചെയ്യുന്നു. ആവ. 8:2 നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.

യഹൂദന്മാർ ആയവർ മോശെയുടെ ന്യായപ്രമാണത്തെ എതിർക്കുകയോ, അനുസരിക്കാതിരിക്കുകയോ, കള്ള പ്രവചനങ്ങൾ നടത്തുകയോ ചെയ്യുന്നവർ മരിക്കണം എന്നതാണ് മോശയുടെ ന്യായപ്രമാണത്തിന്റെ വ്യവസ്ഥ.
യോശു. 1:18 ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രം ഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.ആവ. 18:20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.

ദൈവകല്പന അനുസരിക്കാത്തവർ ദൈവത്തിനെതിരെ മത്സരിക്കുന്നു. അവരുടെ പ്രാർത്ഥനയും പുണ്യപ്രവർത്തി കളും ദൈവം സ്വീകരിക്കുന്നില്ല.
1ശമൂ15:22 ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.1ശമൂ.15:23 മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

പാപത്തിന് പല നിർവ്വചനങ്ങൾ ബൈബിളിൽ ഉണ്ട് എങ്കിലും പ്രധാനമായും ദൈവകൽപന ലംഘിക്കുന്നതാണ് പാപം.
1ശമൂ.15:24 ശൌൽ ശമൂവേലിനോടു: ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.

ദൈവകല്പനകൾ അനുസരിക്കുന്നവർക്ക് ദൈവാനുഗ്രഹവും അനുസരിക്കാത്തവർക്ക് ശാപവും ഉണ്ടാകുന്നു.
ആവ.11:27 ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും…ആവ.11:28 നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.

ദൈവകൽപന പ്രമാണിക്കാത്ത വർക്ക് ശാപമായി സൌഖ്യമാകുകയില്ലാത്ത രോഗങ്ങൾ…ഭ്രാന്തും… അന്ധതയും… ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നു.
ആവ. 28:15 എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും: ആവ. 28:27-29 പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.

ദൈവകല്പന അനുസരിക്കുന്നവർ ദൈവത്തിന്റെ വിശുദ്ധന്മാരാണ്.
സംഖ്യാ.15:40 നിങ്ങൾ എന്റെ സകല കല്പനകളും ഓർത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ. ആവ. 28:9 നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. വെളി.14:12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.

കർത്താവിന്റെ വചനം എന്നേക്കും നിലനിൽക്കുന്നു. 1പത്രൊ.1:25 കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.

വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. സങ്കീ. 119:89 യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.

ദൈവവചനം കൈക്കൊള്ളാതെ തള്ളിക്കളയുന്നവനെ ദൈവവചനം തന്നേ ഒടുക്കത്തെ നാളിൽ ന്യായം വിധിക്കും…. യോഹ. 12:47 – 48 എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.

പൗലോസ് അപ്പസ്തോലൻ ക്രിസ്തുവിൽ സംസാരിച്ചതായ ഈ തിരുവചനം വിളിച്ചു പറയുവാൻ ഇന്ന് എത്ര പേർക്ക് സാധിക്കും! 2 കൊരി. 2:17 ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.

അതുകൊണ്ട് നമുക്കാവശ്യം സഭാ സംഘടനാ, രാഷ്ട്രീയ സ്പിരിറ്റ് അല്ല. ബൈബിളിലെ ദൈവത്തിന്റെ, ദൈവവചനത്തിന്റെ സ്പിരിറ്റ് ആണ്. റോമ.8:9 നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് പത്രോസ് അപ്പോസ്തോലന്റെ ലേഖനത്തിൽ ചോദിച്ചിരിക്കുന്ന ചോദ്യവും പൗലോസ് അപ്പസ്തോലന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഉത്തരവും പ്രത്യേകം ശ്രദ്ധിക്കുക.
ചോദ്യം: 1പത്രൊ.4:17 ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
ഉത്തരം: 2തെസ്സ 1:10 സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.

ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു. മത്താ.7:24 ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.

You might also like
Comments
Loading...