സഹോദര ബന്ധവും കുടുംബത്തിന്റെ അനുഗ്രഹവും
Download ShalomBeats Radio
Android App | IOS App
ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ ബന്ധത്തോളം ബലപ്പെട്ടതും സുഹൃത്തുക്കളെ പോലെ സ്വാധീനം ചെലുത്തുന്നതും പ്രാധാന്യം അര്‍ഹിക്കുന്നതുമായ ബന്ധമാണ് സഹോദര ബന്ധം. ഒരേ രക്തത്തില്‍ ജനിക്കുന്നതു കൊണ്ടു മാത്രമല്ല, ഒരേ ചുറ്റുപാടില്‍ വളരുന്നതിനാലും ഒരുമിച്ച് സമയം ചിലവഴിക്കുന്നതിലൂടെയും മറ്റ് എല്ലാ ബന്ധങ്ങളേക്കാളും അടുപ്പം നിലനിര്‍ത്താന്‍ സഹോദര ബന്ധത്തിനു സാധിക്കുന്നു. സഹോദര ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര പൂരകമായ ബഹുമാനവും ഒരു നാണയത്തിന്റെ ഇരുവശങ്ങളെപ്പോലെ സമത്വാധിഷ്ഠിതവുമാണ്. അതു പോലെ സുദീര്‍ഘവും ശാശ്വതവുമാണ്.
ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ സഹോദര ബന്ധം ബലഹീനമായി കൊണ്ടിരിക്കുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ സഹോദര ബന്ധം ബലഹീനമാകുമ്പോള്‍ ബലഹീന വ്യക്തിത്വത്തിനുടമയും അതിലൂടെ വാര്‍ത്തെടുക്കപ്പെടുന്നു. തല്‍ഫലമായി കുടുംബത്തിനുള്ളില്‍ ഭിന്നിപ്പും ഐക്യത ക്കുറവും ഉടെലെടുക്കുകയും സമാധാനപരമല്ലാത്ത അന്തരീക്ഷമായി മാറുന്നതിലൂടെ കുടുംബത്തിനുള്ളിലെ സകലരിലും പരിണിതഫലങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. ഇത്തരം കുടുംബസാഹചര്യങ്ങളില്‍ നിന്നും വരുന്ന കുട്ടികളും മുതിര്‍ന്നവരും അവര്‍ ബന്ധപ്പെടുന്നതും ഇടപെടുന്നതുമായ വ്യക്തികളിലും മേഖലയിലും നിഷേധാത്മകമായ അന്തരീക്ഷം ഉടലെടുക്കാന്‍ അറിഞ്ഞുകോണ്ടോ അറിയാതെയോ കാരണക്കാരായി മാറ്റപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ സ്വഭാവങ്ങളിലെ വൈകല്യങ്ങള്‍ കൂട്ടുകാരുടെ മധ്യേ ഒറ്റപ്പെടുവാന്‍ കാരണമാകുന്നു. എങ്ങനെയെന്നാല്‍ മുന്‍കോപം, ശാഠ്യം, മത്സരം, പക, പിണക്കം, അസൂയ, മറ്റുള്ളവരെ അംഗീകരിക്കാന്‍ ഉള്ള ബുദ്ധിമുട്ട് എന്നിവ മറ്റുള്ള കുട്ടികളില്‍ നിന്നും അകറ്റുന്നു. പെട്ടന്നു തന്നെ ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടുവാനുള്ള സാധ്യതകള്‍ അവര്‍ക്ക് കൂടുതലാണ്. ഇത്തരം അന്തരീക്ഷമുള്ള കുടുംബങ്ങളില്‍ നിന്നും സാമൂഹികമായി ഇടപെടുന്ന മുതിര്‍ന്ന വരിലും ബലഹീന സ്വഭാവ സവിശേഷതകള്‍ കാണപ്പെ ടുന്നു. അവര്‍ വളരെ വേഗം കോപിഷ്ഠരാകുന്നു, കാര്യങ്ങള്‍ ക്ഷമയോടെ അറിയാന്‍ ശ്രമിക്കാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, ആരെയും അംഗീകരിക്കാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നു. കുടുംബങ്ങളിലെ സമാധാനപരമല്ലാത്ത അന്തരീക്ഷം വ്യക്തികള്‍ സാമൂഹികപരമായി ഇടപെടുമ്പോള്‍ മറ്റുള്ള വ്യക്തികളിലേക്കും അതിലൂടെ സമൂഹത്തിലേക്കും നിഷേധാത്മകമായ അന്തരീക്ഷം വ്യാപിക്കുവാന്‍ കാരണമാകുന്നു.
ബലഹീനമായ സഹോദര ബന്ധത്താല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാതാപിതാക്കളില്‍ മാനസിക പിരിമുറക്കത്തിനു ഇടയാക്കുന്നു. അതിലൂടെയുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ അവരുടെ ആയുരാ രോഗ്യസൗഖ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെ കുടുംബത്തിന്റെയും വ്യക്തികളുടെയും നല്ല സാക്ഷ്യങ്ങളെ നശിപ്പിക്കുന്നതിനും കാരണമാകുന്നു. അങ്ങനെ ബലഹീനമായ സഹോദരബന്ധം ബലഹീനമായ കുടുംബവും സമൂഹവും സൃഷ്ടിക്കുന്നു.
ആരോഗ്യപരമായ സഹോദരബന്ധം നിലനില്‍ക്കുന്നതായ കുടുംബങ്ങളില്‍ ഐക്യതയും സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം കാണപ്പെടുന്നു. അത്തരം കുടുംബങ്ങളില്‍ നിന്നും സാമൂഹികമായി ഇടപെടുന്ന കുട്ടികളില്‍ / മുതിര്‍ന്നവരില്‍ മാതൃകാപര മായ സ്വഭാവ സവിശേഷതകള്‍ പ്രകടമാകുന്നു. മറ്റുള്ളവരോടുള്ള അവരുടെ ഇടപെടലുകളും പെരുമാറ്റവും തികച്ചും അനുഗ്രഹീതമായി മാറുന്നു. ഊഷ്മളമായ സഹോദരബന്ധം ഉള്ള വ്യക്തികള്‍ അവരുടേതാകുന്ന പ്രവൃത്തികളിലും ഉത്തരവാദിത്ത ങ്ങളിലും ഗുണപരമായ മുന്നേറ്റത്തിനും നിലപാടുക ള്‍ക്കും വഴിയൊരുക്കുന്നു. ഇത്തരക്കാര്‍ പ്രശ്‌നങ്ങളുടെ പരിഹാരം കണ്ടെത്താന്‍ മുന്‍തൂക്കം കൊടുക്കുന്നതി നാല്‍ അവര്‍ക്കു ചുറ്റും സമാധാനം സൃഷ്ടിക്കപ്പെടുന്നു. സഹോദരങ്ങളുടെ മധ്യേയുള്ള പരസ്പര സ്‌നേഹം മാതാപിതാക്കള്‍ക്ക് സമാധാനവും സന്തോഷവും ലഭ്യമാക്കുന്നു. അതിനാല്‍ ആവശ്യമില്ലാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ അവരുടെ ശരീരത്തെ ബാധിക്കുന്നില്ല. അങ്ങനെ ആയുസ്സും ആരോഗ്യവും കൂടുന്നു. ആരോഗ്യപരമായ സഹോദരബന്ധത്തിനു മാത്രമേ ആരോഗ്യപരമായ സമൂഹത്തെ സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളു.
സഹോദരബന്ധം
ബലഹീനമാകാനുളള കാരണങ്ങള്‍
ഇളയ കുഞ്ഞുങ്ങളുടെ കടന്നുവരവ്:- മുതിര്‍ന്ന കുഞ്ഞില്‍ നിന്നും ശ്രദ്ധ ഇളയ കുഞ്ഞിലേക്ക് സ്വാഭാവികമായും വ്യതിചലിക്കുവാന്‍ ഇടയാകുന്നു. ഇത്തരം സാഹചര്യം കുഞ്ഞുങ്ങളുടെ മനസ്സില്‍ നിഷേധാത്മകമായ നിരൂപണങ്ങള്‍ക്ക് വഴി തെളിക്കുന്നു. അത് കായികപരമായ, ആശയപരമായ, വൈകാരിക പരമായ കലഹങ്ങള്‍ സൃഷ്ടിക്കുന്നു.
ഓരോ കുട്ടിയും തന്റേതായ വ്യക്തിത്വം പ്രകടമാക്കന്‍ ശ്രദ്ധിക്കുന്നു :- തന്റെ സഹോദരങ്ങളെ പോലെ വേണ്ടത്ര ശ്രദ്ധ തന്റെ കഴിവുകള്‍ക്കും പ്രവൃത്തികള്‍ക്കും അഭിപ്രായങ്ങള്‍ക്കും ലഭിക്കാതെ വരുമ്പോള്‍ ഓരോ കുട്ടിയും തന്റെ വ്യക്തിത്വം പ്രകടമാക്കാന്‍ ശ്രദ്ധിക്കുന്നു, ആഗ്രഹിക്കുന്നു. തനിക്ക് ലഭിക്കാത്ത ശ്രദ്ധയും പരിഗണനയും മാതാപിതാക്കളില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും സഹോദരങ്ങള്‍ക്കു ലഭിക്കുന്നത് അപക്വമായ മനസ്സുകളില്‍ അസൂയ, അപകര്‍ഷതാ ബോധം തുടങ്ങിയവ ജനിപ്പിക്കുന്നു. മുതിര്‍ന്നവരുടെ ശ്രദ്ധയും അനുമോദനവും നേടിയെടുക്കാന്‍ വേണ്ടി ഇവര്‍ക്ക് തെറ്റായ മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. ഇങ്ങനെ ബലഹീനമായ വ്യക്തിത്വം സൃഷ്ടിക്കപ്പെടുന്നു.
പ്രത്യേക നാമവിശേഷണം:- കുഞ്ഞുങ്ങളുടെ രൂപത്തിന്റെയും കഴിവുകളുടെയും അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന നാമവിശേഷണം സഹോദരബന്ധങ്ങള്‍ ക്കിടയില്‍ ഇടര്‍ച്ചയ്ക്കും ബന്ധം ബലഹീനമാകാനും കാരണമാകുന്നു. കുട്ടികള്‍ക്കു നല്‍കുന്ന ചെല്ലപ്പേര്, ഇരട്ടപ്പേര് ഇവയെല്ലാം കാരണങ്ങളാകുന്നു.
പ്രത്യേക പരിഗണന:- മാതാപിതാക്കള്‍ മക്കളില്‍ ഒരാളോടു താത്പര്യ കൂടുതല്‍ കാട്ടുന്നത് സഹോദരങ്ങള്‍ക്കിടയില്‍ വൈരാഗ്യമനോഭാവം ഉണ്ടാക്കുന്നു.
ലിംഗഅസമത്വം:- സഹോദരിയും സഹോദരനും ഉള്‍പ്പെട്ടതായ കുടുംബങ്ങളില്‍ പ്രത്യേകമായി ആണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ അഭിപ്രായ ങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്‍കുന്നതിലൂടെയും അവര്‍ ചെയ്യുന്നതു മാത്രമാണ് ശരിയെന്നു മാതാപിതാക്കള്‍ അംഗീകരിക്കുന്ന തിലൂടെയും അവിടെ ആരുടെ അഭിപ്രായങ്ങളാണോ തള്ളപ്പെട്ടത് ആ വ്യക്തിയ്ക്ക് തന്റെ സഹോദരങ്ങളോടുള്ള ആത്മാര്‍ത്ഥത നഷ്ടപ്പെടുകയും സ്വാഭാവികമായും അവിടെ മാനസികമായി ബലഹീനമായ സഹോദരബന്ധം ഉണ്ടാകുകയും ചെയ്യുന്നു.
സഹോദരങ്ങള്‍ തമ്മിലുള്ള മത്സരം:- സഹോദരങ്ങ ളുടെ മധ്യേ ഉണ്ടാകുന്ന ചില മത്സരങ്ങള്‍ ആരോഗ്യ പരമായ സഹോദര ബന്ധങ്ങള്‍ ഉണ്ടാകുവാന്‍ തടസമാകുന്നു.
അണുകുടുംബം:- കൂട്ടുകുടുംബങ്ങളില്‍ എല്ലാ മക്കള്‍ക്കും അണുകുടുംബത്തിലെക്കാള്‍ എല്ലാവരു ടെയും ശ്രദ്ധയും ലാളനയും പൊതുവായി ലഭിച്ചിരുന്നു. എന്നാല്‍, അണുകുടുംബങ്ങളില്‍ അത്തരം ശ്രദ്ധയും ലാളനയും ഒരുപോലെ ഒരു സമയം നല്‍കുവാന്‍ സാധിക്കാതെ പോകുന്നത് സഹോദരബന്ധത്തിലും വ്യക്തിപരമായ ജീവിതത്തിലും ഒരു പ്രശ്‌നമായി മാറുന്നു. ഈ കാരണങ്ങള്‍ വ്യക്തികളില്‍ ബലഹീന മായ സഹോദരബന്ധം ഉളവാക്കുന്നു. മുറിവേറ്റതും മുറിവ് ഉണങ്ങാത്തതുമായ ഒരു വ്യക്തിയ്ക്ക് മുറിവേറ്റ മറ്റൊരു വ്യക്തിയെ ആശ്വസിപ്പിക്കാന്‍ സാധിക്കുകയില്ല എന്നതു പോലെ ബലഹീനമായ സഹോദരബന്ധമുള്ള ഒരു കുടുംബത്തിന് അനുഗഹത്തിന്റെ വഴിയേ പോകുവാനോ അനുഗ്രഹിക്കപ്പെട്ട സമുഹത്തെ സൃഷ്ടിക്കുവാനോ സാധിക്കുകയില്ല.
ആരോഗ്യപരമായ സഹോദരബന്ധം ഉള്ള ഒരു വ്യക്തിയ്ക്കു മാത്രമേ അനുഗ്രഹപരമായ കുടുംബവും സമൂഹവും സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യപരമായ സഹോദര ബന്ധം പ്രാപ്യമാകുവാന്‍ സാധിക്കുന്നത് എപ്രകാരമെന്നാല്‍,
ഇളയ കുഞ്ഞുങ്ങളുടെ കടന്നുവരവു മൂലം തങ്ങള്‍ക്കു വേണ്ട ക്രദ്ധ ലഭിക്കുന്നില്ലായെന്ന ചിന്ത മുതിര്‍ന്ന കുട്ടികളില്‍ ഉടലെടുക്കാതെ
മാതാപിതാക്കള്‍ ശ്രദ്ധിക്കണം:- മുതിര്‍ന്ന കുഞ്ഞുങ്ങളുമായി സമയം ചിലവഴിക്കുവാന്‍ അവസരങ്ങള്‍ ഉണ്ടാക്കണം. അവരുടെ അഭിപ്രായങ്ങളും കഴിവുകളും പ്രകടിപ്പിക്കുമ്പോള്‍ അവ കാണുവാന്‍ അല്ലെങ്കില്‍ കേള്‍ക്കുവാന്‍ താല്പര്യം കാട്ടണം. അതിലുപരി അവര്‍ക്കു വേണ്ടിയെന്നു തോന്നിപ്പിക്കുന്ന പ്രത്യേക സമയങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ സൃഷ്ടിക്കണം. ഇവ ഉറപ്പു വരുത്തുന്നതിലൂടെ തങ്ങളില്‍ നിന്നും മാതാപിതാക്കളെ അകറ്റുന്ന വ്യക്തികളായി ഇളയ കുഞ്ഞുങ്ങളെ കാണുന്ന ചിന്താഗതി മുതിര്‍ന്ന കുട്ടികളുടെ ഉള്ളില്‍ നിന്നും മാറ്റുവാന്‍ കഴിയും.
മാതാപിതാക്കള്‍ക്ക് ഒരാളോടു മാത്രം പ്രത്യേക താത്പര്യമൊന്നുമില്ലെന്നും തങ്ങള്‍ മാതാപിതാക്കള്‍ക്ക് തുല്യരാണെന്നുമുള്ളബോധം കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍
ഉണ്ടാക്കുവാന്‍ ശ്രദ്ധിക്കണം:- മാതാ പിതാക്കള്‍ കുഞ്ഞുങ്ങളോടു കാട്ടുന്ന സ്‌നേഹം തുല്യതയില്‍ കാട്ടുവാന്‍ ശ്രദ്ധിക്കുന്നതിലൂടെ ഇതിനു കഴിയും. ഉദാ: ആണ്‍കുട്ടി/ പെണ്‍കുട്ടി, ആദ്യത്തെ കുഞ്ഞ്/ ഇളയ കുഞ്ഞ്, പിതാവിന് പ്രിയപ്പെട്ടത്/ മാതാവിന് പ്രിയപ്പെട്ടത് ഇത്തരത്തില്‍ വേര്‍തിരിക്കാതെ, മക്കള്‍ക്ക് തുല്യ പ്രാധാന്യം നല്‍കി തങ്ങള്‍ക്ക് എത്ര മക്കളുണ്ടോ എല്ലാവരും ഒരു പോലെ പ്രിയപ്പെട്ടതാണെ ന്നുള്ള വലിയ സത്യം കുഞ്ഞുങ്ങളില്‍ പകരുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതിലൂടെ അനുഗ്രഹമായ സഹോദരബന്ധം ഉണ്ടാകുന്നു.
കുഞ്ഞുങ്ങളെ അവരുടെ തനതായ വ്യക്തിത്വത്തി ലൂടെ അംഗീകരിക്കണം:- ഓരോരുത്തരും അവരവരുടെ പ്രവൃത്തികളില്‍, സ്വഭാവങ്ങളില്‍ വ്യത്യസ്തരാണ്. അതിനാല്‍ കുഞ്ഞുങ്ങളെ താരതമ്യപ്പെടുത്താതെ അവരെ അവരായി അംഗീകരിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുമ്പോള്‍ അവിടെ ആരോഗ്യപരമായ സഹോദരബന്ധം ജനിക്കുന്നു.
സഹോദരങ്ങള്‍ ഒരുമിച്ച് സമയം ചിലവഴിക്കുവാന്‍ അവസരങ്ങള്‍ നല്‍കുവാന്‍ മാതാപിതാക്കള്‍
ശ്രദ്ധിക്കണം:- സഹോദരങ്ങള്‍ ഒരുമിച്ച് സമയം ചിലവഴിക്കുവാന്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ കണ്ടുവരുന്ന ഒരു സാഹചര്യം സ്വന്തമായി മുറികള്‍ നല്‍കുന്നതിലൂടെയും അതുപോലെ കൂടുതല്‍ സമയം നവമാധ്യമങ്ങളില്‍ ചില വഴിക്കുന്നതിലൂടയും പരസ്പരം സമയം ചിലവഴിക്കുവാന്‍ സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യങ്ങള്‍ മന:പൂര്‍വ്വം ഒഴിവാക്കി കൂടുതല്‍ സമയം സഹോദരങ്ങള്‍ ഒരുമിച്ചായിരിപ്പാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതിലൂടെ ആരോഗ്യപരമായ സഹോദര ബന്ധം സംജാതമാകുന്നു.
ഇങ്ങനെ ആരോഗ്യപരമായ സഹോദരബന്ധം വാര്‍ത്തെടുക്കാന്‍ സാധിക്കുന്നതിലൂടെ കുടുംബത്തിന്റെ സമാധാനത്തിനും അനുഗ്രഹത്തിനും വഴിയൊരുങ്ങുന്നു. അതിലൂടെ അനുഗ്രഹിക്കപ്പെട്ട സമൂഹം ഉടലെടുക്കുന്നു.