ലേഖനം | കരച്ചിലിന്റെ മുഴക്കം | Reji Kottackal

0 787

കരച്ചിലിന്റെ മുഴക്കം
(ഉല്‍പത്തി 45:2)

Download ShalomBeats Radio 

Android App  | IOS App 

സഹോദരങ്ങളുടെ ക്ഷേമം അന്വേഷിക്കുവാന്‍ പോയ ജോസഫ് ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ മിസ്രയീമില്‍ പ്രഥമ സ്ഥാനത്ത് എത്തി . എങ്കിലും തന്റെ ഉള്ളില്‍ നിന്നും ആരും അറിയാതെ കരച്ചില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ആ കരച്ചില്‍ കാണുവാനോ, കേള്‍ക്കുവാനോ, മനസിലാക്കുവാനോ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ജോസഫ് ആദ്യമായല്ല കരയുന്നത്; കരഞ്ഞപ്പോള്‍ എല്ലാം അവന്റെ ശബ്ദം പുറത്തു വന്നിട്ടുമുണ്ട്. പക്ഷെ അത് മുഴക്കമുള്ള കരച്ചില്‍ ആകുവാന്‍, മറ്റുള്ളവര്‍ തന്റെ അവസ്ഥ മനസിലാക്കുന്ന കരച്ചിലായി മാറുവാന്‍ ആരും അനുവദിച്ചിരുന്നില്ല.


സഹോദരങ്ങള്‍ അവനെ പൊട്ടക്കിണറ്റില്‍ തള്ളിയപ്പോള്‍, മിസ്രയിമിലേക്കു വിലയിട്ടു വിറ്റപ്പോള്‍, അവിടെനിന്നും അവിശ്വസ്തന്റെ മുദ്ര കുത്തി കാരാഗ്രഹത്തിലേക്കു അയച്ചപ്പോള്‍ ഒക്കെ ജോസഫ് വാവിട്ടു കരഞ്ഞുകാണും. പക്ഷെ, ആ കരച്ചിലിന് മുഴക്കം ഇല്ലായിരുന്നു. എന്നാല്‍ ഉല്പ.45:2 ല്‍ കാണുന്ന ജോസഫിന്റെ കരച്ചിലിന് പ്രത്യേകതകള്‍ ഉണ്ട്. ‘ജോസഫ് ഇതുവരെ രഹസ്യത്തില്‍ നടത്തിയ കരച്ചിലിന് പരസ്യമായി ദൈവം കൊടുത്ത മറുപടിയാണ് ഉച്ചത്തില്‍ മുഴങ്ങിയ ഈ കരച്ചിലിന്റെ പിന്നിലെ പ്രത്യേകത’.


ബാല്യത്തില്‍ താന്‍ കണ്ട ദര്‍ശനം കാലചക്രത്തിന്റെ ഘടികാര സൂചികള്‍ കറങ്ങി മാറി കാലിക പ്രസക്തിയോടുകൂടി ചരിത്രത്തില്‍ നിന്നും മായിച്ചു കളയാന്‍ കഴിയാത്ത രീതിയില്‍ തന്റെ മുന്നില്‍ പൂര്‍ത്തീകരിച്ചപ്പോള്‍ നാളിതുവരെ പ്രതികാര ബുദ്ധിയോടെ പ്രതികരിച്ച സഹോദരങ്ങളില്‍ നിന്നും , പൊട്ടക്കിണറ്റില്‍ നിന്നും കാരാഗൃഹത്തില്‍ നിന്നും കാത്തു സുക്ഷിച്ച് ആയുസ്സോടെ നിലനിര്‍ത്തിയ ദൈവത്തിന്റെ വിശ്വസ്തതയ്ക്കു മുന്നില്‍ താന്‍ സ്വയം മറന്ന് വാവിട്ടു ഉച്ചത്തില്‍ കരഞ്ഞു പോയി. അത് ആര്‍ക്കും തടുക്കുവാന്‍ കഴിയാത്ത രീതിയില്‍ സകലരും കേട്ടു. ദര്‍ശനക്കാരന്‍ എന്നുപറഞ്ഞ് പരിഹസിച്ചവര്‍ ഈ ശബ്ദം കേട്ടു; പൊട്ടക്കിണറ്റില്‍ തള്ളാന്‍ ഉപദേശം നല്കിയവനും ഈ കരച്ചിലിന്റെ ശബ്ദം കേട്ടു. കച്ചവടച്ചരക്കായി വിലയിട്ടു വിറ്റുകളയുവാന്‍ പറഞ്ഞു കൊടുത്തവനും കേട്ടു ഈ കരച്ചിലിന്റെ ശബ്ദം. മാത്രമല്ല താന്‍ ഉടുത്തിരുന്ന ഉടുതുണി തെളിവായി നാളുകള്‍ക്കു മുന്‍പ് ഉയര്‍ത്തി കാട്ടിയ ഫറവോന്റെ ഗൃഹവും ജോസഫിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടു. അന്നൊന്നും ജോസഫിന്റെ കരച്ചില്‍ ആരും മനസിലാക്കിയിരുന്നില്ല, ഇന്ന് അവന്റെ കരച്ചിലിന്റെ അര്‍ഥം ആര്‍ക്കും മനസിലാകുന്നതുമില്ല.


എന്തുകൊണ്ട് എല്ലാവരും കേള്‍ക്കുന്ന രീതിയില്‍ ഈ കരച്ചില്‍ മുഴങ്ങിക്കേട്ടു?
➡ ‘ഇതു ദര്‍ശനത്തിന്റെ പൂര്‍ത്തീകരണം കണ്ടതിനു ശേഷം ഉള്ള കരച്ചില്‍ ആണ്’.
➡ ‘താന്‍ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കപ്പെട്ടതിന്റെ ആനന്ദ കരച്ചിലിന്‍ മുഴക്കം ആണ്’.
➡ ‘തന്റെ ജീവനെ അപായപ്പെടുത്തിയവര്‍ക്ക് ജീവരക്ഷ നല്കാന്‍ ദൈവം നിയോഗിച്ചതിന്റെ സന്തോഷം ആണ് ഈ കരച്ചില്‍’.
➡ ‘ക്ഷേമം അന്വേഷിച്ചെത്തിയവനെ തള്ളിയവര്‍ക്ക് ക്ഷാമകാലത്തു ക്ഷേമത്തോടെ ഇരിപ്പാന്‍ ദൈവം ഉപയോഗിച്ചതിനു നന്ദി ആണ് ഈ കരച്ചില്‍’.
➡ ‘തന്റെ സഹോദരങ്ങളോടുള്ള കരുതലും വിശ്വസ്തതയും തെളിയിക്കപ്പെട്ടതിന്റെ കരച്ചില്‍ ആണിത്’.
➡ ‘ഇതു നഷ്ടത്തിന്റെ കരച്ചില്‍ അല്ല, ആനന്ദത്തിന്റെ കരച്ചില്‍ ആണ്’.
➡ ‘സങ്കടത്തിന്റെ കരച്ചില്‍ അല്ല, സന്തോഷത്തിന്റെ കരച്ചില്‍ ആണ്’.
➡ ‘പരാജയത്തിന്റെ കരച്ചില്‍ അല്ല, വിജയത്തിന്റെ കരച്ചില്‍ ആണ്’.

ജീവിതത്തിന്റെ പ്രതികൂല സമയങ്ങളില്‍ സഹായത്തിനായോ സംരക്ഷണത്തിനായോ കണ്ണുനീര്‍ ഒഴുക്കാത്തവര്‍ ചുരുക്കമാണ്. വിശ്വസ്തതയും സത്യസന്ധതയും തെളിയിക്കുവാന്‍ വേണ്ടി ഒഴുകിയ കണ്ണുനീരും ഉയര്‍ത്തിയ ശബ്ദവും ഒരു പക്ഷെ അവഗണിക്കപ്പെട്ടിരിക്കാം. അപവാദങ്ങള്‍ പ്രചരിപ്പിച്ചാലും സമൂഹത്തിലും സഹോദരങ്ങളുടെ ഇടയിലും അപമാനിതനായാലും അവിശ്വസ്തതയുടെ മുദ്ര ചാര്‍ത്തി കള്ളക്കേസില്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടാലും കണ്ട ദര്‍ശനത്തിനും പ്രാപിച്ച ദൈവ കൃപയ്ക്കുമായി നിലനില്ക്കുന്നവരുടെ കരച്ചില്‍ അവഗണിക്കപ്പെട്ടു പോകയില്ല. ദൈവദൃഷ്ടിയില്‍ ദര്‍ശനത്തിന്റെ പൂര്‍ത്തീകരണ സമയം ആകുമ്പോള്‍ ഇന്നലകളില്‍ ചോദ്യമായി മാത്രം അവഗണിക്കപ്പെട്ട ഈ കരച്ചിലിന്റെ ശബ്ദം ആര്‍ക്കും തടുക്കുവാന്‍ കഴിയാത്തവണ്ണം സകലരും കേള്‍ക്കെ സകലതിനും ഉത്തരമായി മുഴങ്ങിക്കേള്‍ക്കും.


നമ്മുടെ വേദനയുടെ കണ്ണുനീര്‍ ആരും അറിഞ്ഞില്ലെങ്കിലും നമ്മുടെ ആനന്ദ കണ്ണുനീര്‍ അനേകര്‍ക്ക് ആശ്വാസവും വിടുതലും ആയി മാറട്ടെ. ആരും അറിയാതെ, ആരെയും അറിയിക്കാതെ പ്രതികൂല ത്തിന്റെയും പ്രതിസന്ധിയുടെയും നടുവില്‍ ദൈവ സന്നിധിയില്‍ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായും പ്രാര്‍ത്ഥനകളുടെ മറുപടിക്കായും ഒഴുക്കിയ കണ്ണുനീരും മുഴക്കിയ ശബ്ദവും കരുണാമയന്റെ കര്‍ണ്ണപുടങ്ങളില്‍ എത്തുക തന്നെ ചെയ്യും. കാലഘട്ടങ്ങള്‍ എത്ര കഴിഞ്ഞാലും ആ കണ്ണുനീരിനും പ്രാര്‍ത്ഥനകള്‍ക്കും ദൈവം നമുക്ക് തരുന്ന മറുപടി നമ്മുടെ സഹോദരങ്ങള്‍ക്കും സമൂഹത്തിനും ഒരു അനുഗ്രഹമായി, ആശ്വാസമായി മുഴങ്ങിക്കൊണ്ടേയിരിക്കും. തളര്‍ന്നു പോകാതെ ക്ഷീണിച്ചു പോകാതെ പ്രാര്‍ത്ഥനയോടെ നമുക്ക് ദൈവസന്നിധിയില്‍ കാത്തിരിക്കാം.
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ

You might also like
Comments
Loading...