അനുസ്മരണം | ഓർമ്മകളിലെ ഭക്തൻ അങ്കിൾ | ബ്ലെസി സോണി
“പാസ്റ്റർ ഭക്തവത്സലൻ ” എൻ്റെ വിവാഹ ദിവസമാണ് ഞാൻ ഈ പേര് ആദ്യമായി കേൾക്കുന്നതും, ആ അതുല്യപ്രതിഭയെ കാണുന്നതും. വിവാഹത്തിനിടയിൽ അതി ഗാംഭീര്യസ്വരത്തോടെ പാടിയ പാട്ടും പാടിയ ആളെയും ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം ആരാണെന്നറിയാൻ ആഗ്രഹിച്ചു. പിന്നീടാണ് മനസിലായത് വിവാഹശേഷം ഞാൻ ചെല്ലേണ്ടുന്ന ചർച്ച് ഓഫ് ഗോഡ് ആർ.ടി നഗറിലെ മെമ്പറാണ് അദ്ദേഹമെന്നും ,ക്രൈസ്തവ കൈരളിക്ക് അനേകം ഗാനങ്ങൾ സമ്മാനിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണെന്നും. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന അനേക ഗാനങ്ങൾ രചിച്ചത് അദ്ദേഹമാണെന്ന് ഒരു കൗതുകത്തോടെയാണ് കേട്ടത്. പിന്നീട് ഞാൻ ബാംഗ്ലൂരിൽ വന്ന ശേഷം അദ്ദേഹത്തോടും കുടുംബത്തോടും അടുത്തിടപഴകുവാനുള്ള അവസരങ്ങൾ ലഭിച്ചു. മിക്കവാറും ദിവസങ്ങളിൽ മീറ്റിംഗുകളുമായി അദ്ദേഹം തിരക്കിലായിരിക്കും. എന്നാൽ അദ്ദേഹം ചർച്ചിൽ വരുന്ന ദിവസങ്ങളിൽ ഒരു പാട്ടും സാക്ഷ്യവും ഉറപ്പാണ്. അതിനായി ഞാൻ കാത്തിരിക്കുമായിരുന്നു. അദ്ദേഹം ചർച്ചിൻ്റെ മുൻപിൽ ചെന്ന് മൈക്ക് കയ്യിലേന്തി “പെയ്സ് ദി ലോർഡ്” എന്ന് പറയുമ്പോഴേ ആ അന്തരീക്ഷം മുഴുവൻ പ്രകമ്പനം കൊള്ളും. അദ്ദേഹത്തിൻ്റെ സ്വരമാധുരിയിൽ ഒഴുകിയെത്തുന്ന ഗാനങ്ങൾ അനേകർക്ക് ആശ്വാസമായി മാറും. നീളൻ ജുബ്ബയുമിട്ട് ചർച്ചിൻ്റെ പുൾ പിറ്റിൽ വന്നു നിൽക്കുന്ന ഭക്തൻ അങ്കിൾ ഒരു ഐശ്വര്യമായിരുന്നു.
Download ShalomBeats Radio
Android App | IOS App
ഒരു ഞായറാഴ്ച്ച അദ്ദേഹം ” എന്തതിശയമേ ദൈവത്തിൻ സ്നേഹം ” എന്ന ഗാനം പതിവിനു വിപരീതമായി വേറൊരു ഈണത്തിൽ പാടുകയുണ്ടായി. അത് ആത്മീയതലത്തിൻ്റെ ഒരു പ്രത്യേക അനുഭൂതിയിലേക്ക് ഓരോരുത്തരെയും കൂട്ടിക്കൊണ്ടു പോകുകയുണ്ടായി . എന്നും നമ്മൾ പാടുന്ന പാട്ടാണെങ്കിലും അദ്ദേഹം പാടുമ്പോൾ എത്ര മാധുര്യവും വ്യത്യസ്തവും ആണ് എന്ന് ഞാൻ ചിന്തിക്കുകയും അഭിപ്രായപ്പെടുകയും ചെയതു.
ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ ഞാൻ ഭക്തൻ അങ്കിളിനെ കണ്ടിട്ടില്ല. ജീവിതത്തിലെ യാതൊരു പ്രശ്നങ്ങളും അദ്ദേഹത്തെ ക്രിസ്തു സ്നേഹത്തിൽ നിന്നോ ,ആ സന്തോഷത്തിൽ നിന്നോ അകറ്റിയിരുന്നില്ല എന്നതാണ് വാസ്തവം.ഏത് വലിയ പ്രയാസത്തെയും വളരെ ലഘുവായി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ദീർഘ വർഷങ്ങൾ ഒരേ സഭയിൽ ആരാധിച്ച വ്യക്തി എന്ന നിലയിൽ അങ്കിളിൻ്റെ ഒരു ദേഷ്യപ്പെട്ട മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ല. കുഞ്ഞുങ്ങളോടു മുതൽ പ്രായമായവരോട് വരെ വളരെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം എല്ലാവരുടേയും പേരുകൾ ഓർത്തു വയ്ക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുമായിരുന്നു. സഭാ യോഗശേഷം ചർച്ചിൻ്റെ മധ്യത്തിൽ കസേരയിൽ ഇരിക്കുന്ന ഭക്തൻ അങ്കിളിനു ചുറ്റും ഞങ്ങളുടെ ചർച്ചിലെ യുവതലമുറ ഒത്തുകൂടുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു.
കാലിന് അൽപ്പമല്ലാത്ത പ്രയാസങ്ങൾ അനുഭവിച്ചപ്പോഴും അദ്ദേഹം വീട്ടിൽ ഇരുന്നില്ല. മീറ്റിംഗുകളുമായി തിരക്കിലായിരുന്നു അദ്ദേഹം. അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല എന്ന ദുഃഖം മനസിൽ ഉള്ളപ്പോഴും അങ്ങേക്കരയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടും വിശ്വാസത്തോടും ഞങ്ങൾ ആയിരിക്കുന്നു.