BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 25 | Pastor Sabu Samuel

0 450

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 25

Download ShalomBeats Radio 

Android App  | IOS App 

ആർക്കാണ് ഒന്നാം സ്ഥാനം?


“എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി” (നെഹ. 2:18)

നെഹമ്യാവിന്റെ മുൻഗണന
നെഹമ്യാവിന്റെ കാഴ്ച്ചപ്പാടിലെ മുൻഗണനയാണ് അതിശയകരമായി ഈ വചനഭാഗത്തിൽ നാം കാണുന്നത്. ജനക്കൂട്ടത്തിന്റെ മുമ്പിൽ തന്റെ ദർശനവും ആഗമനോദ്ദേശവും വെളിപ്പെടുത്തുമ്പോൾ താൻ ആദ്യം പ്രസ്താവിക്കുന്നത് ദൈവത്തിന്റെ കൈ തനിക്ക് അനുകൂലമായതാണ്. രണ്ടാമതായി രാജാവിന്റെ ഉത്തരവുകളും അംഗീകാരങ്ങളും പറയുന്നു.

ശരിക്കും ആദ്യം പറയേണ്ടത് രാജാവിന്റെ ഉത്തരവല്ലേ? എന്നിട്ടല്ലേ ദൈവത്തിന്റെ ഇടപെടലൊക്കെ വിശദീകരിക്കേണ്ടത്. ദൈവത്തിന്റെ കൈ എന്നത് ആദ്യശ്യമാണ്. എന്നാൽ രാജാവിന്റെ ഉത്തരവുകൾ ആർക്കും കാണാവുന്നവയാണ്. പക്ഷെ നെഹമ്യാവിന് മുൻഗണന ദൈവമായിരുന്നു. നമ്മുടെ മുൻഗണന ആരാണ്?

നിയമന ഉത്തരവ് എവിടെ?
രാജാവിന്റെ വാക്കുകളൊക്കെ പറയുമ്പോഴും നെഹമ്യാവ് ഏറ്റവും പ്രധാനപ്പെട്ട കാര്യം കാണിക്കുന്നില്ല. അത് തന്നെ യെഹൂദാ ഗവർണ്ണറായി നിയമിച്ചുള്ള ഉത്തരവാണ്. സാധാരണ ആ ഉത്തരവല്ലേ ആദ്യം കാണിക്കുക! എന്നാൽ അതിനെക്കുറിച്ച് നെഹമ്യാവ് ഇവിടെ പറയുന്നില്ല. പിന്നീട് അവസരം ലഭിച്ചപ്പോഴും മൗനം പാലിച്ചു നെഹമ്യാവ്.

നെഹമ്യാമിന് രാജാവിനെക്കാൾ വലിയത് ദൈവമായിരുന്നു. പദവികളെക്കാൾ വലിയത് ദൗത്യവും. നാം ഇന്ന് എവിടെ നില്ക്കുന്നു? ശുശൂഷയെക്കാൾ പദവികൾ നമ്മെ സ്വാധീനിക്കുന്നില്ലേ? സമ്പത്ത് നിത്യതയെക്കാൾ വലിയതായി മാറുന്നില്ലേ?

ധൈര്യം കൈവരിക്കുന്നു
നെഹമ്യാവ് അറിയിച്ച വാക്കുകളും യാഥാർത്ഥ്യങ്ങളും മനസിലായതോടെ യെഹൂദ്യർക്ക് പെട്ടെന്ന് ധൈര്യം കൈവന്നു. എവിടെയായിരുന്നു ഈ ധൈര്യമൊക്കെ ഇത്രയും നാൾ? ദർശനവും ദൈവികവുമായ കാഴ്ചപ്പാടുള്ള ഒരു മനുഷ്യന്റെ വാക്കുകൾ അവർക്ക് ഊർജ്ജവും ധൈര്യവും പകർന്നു. നമ്മുടെ വാക്കുകളും ദർശനവും അനേകരിലേക്ക് ധൈര്യവും ഉത്തേജനവും വെളിച്ചവും പകരുന്നതാകട്ടെ.

You might also like
Comments
Loading...