സുബോധത്തോടെയുള്ള നല്ല പ്രാര്‍ത്ഥന

0 3,097

കർത്താവ് പഠിപ്പിച്ചതും അങ്ങനെ ആയിരുന്നു, എന്നാൽ ഇന്ന് പ്രാർത്ഥനാ ‘വീരരായ’ നമ്മിലേക്ക് തന്നെ ഒന്നു തിരിഞ്ഞു നോക്കിയാൽ മനസിലാകും എങ്ങനെ ആയിരിക്കുന്നു നമ്മുടെ പ്രാർത്ഥന എന്ന്. ദിനം പ്രതി പല കാര്യങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുന്നവർ ആണ് നാം. പ്രഭാത പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന,കുടുംബ പ്രാർത്ഥന,യാത്ര അയപ്‌ പ്രാർത്ഥന, വിവാഹ ആശീർവാദ പ്രാർത്ഥന രോഗികൾക്കു വേണ്ടിയുള്ള പ്രാർത്ഥന അങ്ങനെ നീളുന്നു ആ ലിസ്റ്റുകൾ. എന്നാൽ പലപ്പോഴും നാം പ്രാർത്ഥിക്കുമ്പോൾ വിഷയങ്ങൾ മറന്നു കാടു കയറി പോകുന്നത്‌ അത്ര നല്ലതാണോ എന്നു കൂടി ചിന്തിക്കേണ്ട സമയം അടുത്തിരിക്കുന്നു, സഭാ ആരാധനയിൽ പൊതുവിൽ വഹിച്ചു കൊണ്ട് ആരാധനയുടെ അനുഗ്രഹത്തിന്
ആയി രണ്ടു പേർ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടാൽ ഇരിക്കുന്നവരുടെ വായിൽ നാക്കുണ്ടോ എന്നു തുറന്നു നോക്കണ്ട അവസ്ഥ വന്നിരിക്കുന്നു. എങ്ങും നിശബ്ദത ഒടുവിൽ ആർക്കും പരാതി ഇല്ലാതെ ഇരിക്കാൻ പ്രാർത്ഥന ‘ടെൻഡർ’ അടിസ്ഥാനത്തിൽ എടുത്തിരുന്ന ചിലർ മാത്രം പ്രാർത്ഥിക്കും (പാസ്റ്ററുടെ ഭാര്യമാർക് ആയിരിക്കും ചുമതല) അവരെങ്കിലും പ്രാർത്ഥിക്കാൻ ഉണ്ടെന്ന് ഓർത്തു കർത്താവിനു സ്തുതി. എന്നാൽ ചിലരാകട്ടെ ആള്കൂട്ടവും മൈക്കും ഒകെ കണ്ടാലേ അവർക്കു ഒരു നിയോഗം വരു. പിന്നെ സ്വർഗ്ഗം താണ് ഇറങ്ങി വന്നു എന്ന് പറഞ്ഞാലും പ്രാർത്ഥന നിർത്താൻ പാടാണ്..മടുത്തുപോകാതെ പ്രാർത്ഥിക്കാൻ നാം ഒരുക്കം ഉള്ളവർ ആയിരിക്കുന്നു, അത്പോലെ തന്നെ മടിപ്പിക്കാതെ പ്രാർത്ഥിക്കാനും നാം പഠിക്കേണ്ടി ഇരിക്കുന്നു. സ്ഥലവും സാഹചര്യവും, സമയവും നോക്കി സുബോധത്തോടെ ഉള്ള പ്രാർത്ഥന അത് കൂടുതൽ ഗുണകരം ആകുന്നു.. വിവാഹ വേളയിൽ വധുവരന്മാരെ അനുഗ്രഹിച്ചുള്ള പ്രാർത്ഥന നീണ്ട് ആസിയാൻ കരാർ ഒപ്പിടാൻ പോയ നേതാക്കളിൽ വരെ എത്തി ആകെ കൊടുത്ത രണ്ട് മിനിറ്റു സമയം ഏകദേശം പതുമിനിട്ടോളം എത്തിനിൽക്കുന്നു, ചുറ്റിനും കൈ ഉയർത്തി ആശീർവദിച്ചു നിന്ന കൂട്ടുവേലക്കാർ ഉള്ളിൽ പഴി പറയുന്നുണ്ടെങ്കിലും പുറമെ അവരും പ്രാർത്ഥിക്കുന്നതായി അഭിനയിച്ചരിക്കുന്നു.. വിവാഹത്തിന് വന്ന ജനം ആകട്ടെ പല ജാതികൾ, അവർ പ്രാർത്ഥിച്ചു തീരുന്ന സമയം നോക്കുവാൻ കാത്തിരുന്നു പിറുപിറുത്തു. സഭയെയും പ്രസ്ഥാനത്തെയും ഒന്നടകം പിരാക്കി അവർ ഇറങ്ങി പോയി. ഇനി ശവസംസ്കാര ചടങ്ങിൽ ആകട്ടെ അതിനും ഒരു കുറവില്ല, ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാര്ഥിക്കുന്നതിനു പകരം നമ്മുടെ പ്രാർത്ഥനകൾ എവിടെ വരെ പോകുന്നു എന്ന് നമുക്ക്‌ ചിന്തിക്കാവുന്നതെ ഉള്ളു. ലണ്ടനിൽ ഉള്ള കൊച്ചുമകൻ ഉഗാഡയിൽ ഉള്ള വല്യമിച്ചിയുടെ വകയിലെ അമ്മാവൻ, ആയ കാലത്ത് അമ്മച്ചി ഇട്ടുതന്ന കട്ടൻ ചായയുടെ കടുപ്പത്തിനുള്ള പ്രാർത്ഥന വരെ പ്രാർത്ഥിക്കുന്ന വിദ്ധ്വാൻമാർ വരെ ഇന്ന് നമ്മുടെ കൂട്ടത്തിൽ ഉണ്ട്, അവിടെയും തീർന്നില്ല ഇനി ഒരു ആശുപത്രിയിൽ രോഗിയെ സന്ദർശിക്കുമ്പോൾ ഉള്ള പ്രാർത്ഥന ആകട്ടെ അവിടെയും ഉണ്ട് പറയുവാൻ, ഹാർട്ട് അറ്റാക്ക് വന്ന ഒരു രോഗിയുടെ ആദ്യ ചില മിനിറ്റുകൾ അല്ലെങ്കിൽ ചില മണിക്കൂറുകൾ ആണ് ഗോൾഡൻ ടൈംസ്‌ എന്ന് അറിയപ്പെടുന്നത്, ആ സമയത്തിനുള്ളിൽ വേണ്ട പ്രാഥമിക ചികിൽസ നൽകിയാൽ ആ രോഗിയെ ആരോഗ്യത്തോടെ തിരിച്ചെടുക്കാൻ സാധിക്കും . എന്നാൽ സിസ്റ്ററെ ഒരു മിനിറ്റ് ഒന്ന് പ്രാർത്ഥിച്ചോട്ടെ എന്നു പറഞ്ഞ് തുടങ്ങിയത് രോഗിക്കായി, ഡോക്ടർക്ക് ആയി, ആശുപത്രിക്കായി പ്രാർത്ഥന നീണ്ടു ഒടുവിൽ ആത്മാവിന്റെ ഉണർവിനായി ദേശം ഒരുങ്ങണം, ജാതികൾ ദൈവത്തെ അറിയട്ടെ, ആത്മാവിന്റെ മഴ പെയ്യട്ടെ എന്നു വെച് തകർക്കുമ്പോളും സ്ട്രെച്ചറിൽ കിടക്കുന്ന രോഗിയുടെ നെഞ്ചിടിപ്പ് പെരുമ്പറ പോലെ മുഴങ്ങി നിന്നു.
ഇങ്ങനെ നമ്മുടെ ഓരോ പ്രാർത്ഥനയിലും നാം കാണുന്ന ഇത്തരത്തിലുള്ള കാടുകയറ്റം ഇനിയും കണ്ടില്ല എന്നു നടിക്കരുത്. അക്ഷര ശുദിയോടെ ഓരോ വാക്കുകൾ കോർത്തിണക്കി ഒരു താളത്തിൽ പ്രാർത്ഥിച്ചു കേറുമ്പോൾ സാഹചര്യങ്ങൾക്ക് അനുയോജിച്‌ പ്രാർത്ഥനാ വിഷയം അറിഞ്ഞു അതിനായി ചുരുക്കം വാക്കുകൾ പ്രാര്ഥിക്കുന്നതിലായിരിക്കും ദൈവം പ്രസാദിക്കുന്നത്. തൊണ്ട കീറി അലറി മുറിച്ച് നീട്ടി വലിച്ചു പ്രാര്ഥിക്കുന്നതിനെക്കാൾ അമൂല്യമായ പ്രാർത്ഥനയാണ് ശാന്തമായി മനസുരുകി ഉള്ള ചെറു പ്രാർത്ഥനകൾ,
പ്രാർത്ഥിക്കാൻ അവസരങ്ങൾ നമുക്ക് ഏറെ ഉണ്ട്, ആകയാൽ അക്ഷരങ്ങളുടെ പഴകത്താൽ അല്ല ആത്മാവിന്റെ പുതുക്കത്താൽ, സാഹചര്യബോധത്താൽ നമ്മുടെ പ്രാർത്ഥനകളെ നമുക്ക് ഒരുക്കി എടുക്കാം. മടുത്തുപോകാതെ പ്രാർത്ഥിക്കാൻ നമുക്കു സമയം ഉണ്ട്, വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ നമുക്ക് ആഹ്വാനം ഉണ്ട്, എന്നാൽ സമയം തക്കത്തിൽ ഉപയോയിക്കുവാൻ നമുക്കു കഴിയട്ടെ.. നീതിമാന്റെ പ്രാർത്ഥന “ശ്രേദ്ധ”ഉള്ള പ്രാർത്ഥന രോഗിക്കു സൗഖ്യമായി തന്നെ ഫലിക്കട്ടെ.. കൊയ്തുകൾ വളരെ അധികം എന്നാൽ വേലക്കാരോ ചുരുക്കം എത്ര.. ക്രിസ്‌തീയ പോർകളത്തിൽ ക്രിസ്തുവിന്റെ നല്ല പടയാളികളായി നമുക്കു ഒരുമിച്ച്‌ പ്രാർത്ഥനയോടെ മുന്നേറാം,.
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
ജോ ഐസക്ക് കുളങ്ങര

You might also like
Comments
Loading...