തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം കണ്ടെത്തി; കാലപഴക്കത്തിലും നിറം മങ്ങാതെ ചുവര്‍ചിത്രങ്ങള്‍

courtesy : pravachakasabdam

0 1,677

അങ്കാര: മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആഴത്തില്‍ വേരോടിയ ക്രൈസ്തവ സഭയുടെ തെളിവുകളുമായി തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി. മധ്യതുര്‍ക്കിയിലെ കപ്പഡോക്കിയയിലാണു പുരാവസ്തു ഗവേഷകര്‍ ഭൂമിക്ക് അടിയിലായി സ്ഥിതി ചെയ്തിരുന്ന ദേവാലയം കണ്ടെത്തിയത്. പൂര്‍ണ്ണമായും പാറയില്‍ കൊത്തിയ പള്ളിയാണു ഭൂമിക്കടിയില്‍ കണ്ടെത്തിയത്. ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണവും ബൈബിളിലെ പല സംഭവങ്ങളും ചുവര്‍ചിത്രങ്ങളായി ദേവാലയത്തിന്റെ ഭിത്തിയില്‍ വരച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രങ്ങള്‍ വളരെ വ്യക്തമായി കാണാം. ഇതിനു മുമ്പ് പലസ്ഥലങ്ങളിലും ഇത്തരത്തിലുള്ള ദേവാലയങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ചിത്രങ്ങള്‍ക്കു മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യാസങ്ങളുമുണ്ട്. ‘നെവ്‌സിഹിര്‍’ എന്ന പട്ടണത്തില്‍ പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമായി നടന്ന ഖനനത്തിനിടെയാണു ഭൂമിക്കടിയില്‍ മറഞ്ഞു കിടന്ന ദേവാലയം കണ്ടെത്തിയത്. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിശ്വാസികള്‍ കൂടുതലായുള്ള മേഖലയിലെയാണ് പുതിയ ദേവാലയം കണ്ടെത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

“മഴയും മഞ്ഞുവീഴ്ച്ചയും മൂലം ദേവാലത്തിന്റെ വാതിലിനു ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അനവധി ചരിത്ര രേഖകളാണു ദേവാലയത്തിനുള്ളില്‍ നിന്നും ലഭിക്കുന്നത്. ദേവാലയം മുഴുവന്‍ മണ്ണു നിറഞ്ഞ അവസ്ഥയില്‍ ആയിരുന്നിട്ടും ചുവര്‍ചിത്രങ്ങള്‍ക്ക് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല” പുരാവസ്തു ഗവേഷക സംഘത്തിനു നേതൃത്വം നല്‍കുന്ന സെമിഹ് ഇസ്താംബുള്‍ഗ്ലൂ പറയുന്നു.

കാലാവസ്ഥ മാറി വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍ ദേവാലയത്തിനുള്ളില്‍ ഇപ്പോള്‍ നിറഞ്ഞു നല്‍ക്കുന്ന ഈര്‍പ്പം മാറുമെന്നാണു ഗവേഷകര്‍ വിലയിരുത്തുന്നത്. മണ്ണു കൂടുതല്‍ നീക്കുമ്പോള്‍ കൂടുതല്‍ ചുവര്‍ചിത്രങ്ങള്‍ ദൃശ്യമാകുമെന്നും ഗവേഷകര്‍ പറയുന്നു. ആദിമ സഭയിലേക്കു കൂടുതല്‍ വെളിച്ചം വീശുന്ന പല രേഖകളും ഇവിടെ നിന്നും ലഭിക്കുമെന്നു കരുതപ്പെടുന്നു. മോശയുടെയും ഏലിയാ പ്രവാചകന്റെയും വിശുദ്ധന്‍മാരുടെയും ചുവര്‍ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ പല അത്ഭുത പ്രവര്‍ത്തികളുടെ ചിത്രങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. അന്ത്യ വിധിയുടെ ചിത്രങ്ങളും ഇവിടെ ധാരാളമായി കാണാം.

സന്യാസ ജീവിതം നയിച്ചിരുന്ന നിരവധി പ്രശസ്തരായ ക്രൈസ്തവരുടെ വാസസ്ഥലം എന്ന രീതിയില്‍ കപ്പോഡോക്കിയ ഇതിനു മുമ്പേ പ്രശസ്തമാണ്. വിശ്വാസികള്‍ പലരും ഇന്നും കപ്പഡോക്കിയയിലേക്കു തീര്‍ത്ഥാടനം നടത്താറുണ്ട്. പലവിധ പീഡനങ്ങള്‍ സഹിച്ചാണ് ആദിമ സഭ ആരാധനകള്‍ നടത്തിയിരുന്നത്. പലപ്പോഴും ആരാധനകള്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് ഗുഹകള്‍ക്കുള്ളിലും ഭൂമിക്കു താഴെയുള്ള പല അറകളിലുമാണ് നടത്തപ്പെട്ടിരുന്നത്.

You might also like
Comments
Loading...