ഒരു വർഷത്തിനിടെ എക്‌സിറ്റിൽ പോയത്  അഞ്ച് ലക്ഷം ഇന്ത്യക്കാർ; പാതിയിലേറെയും മലയാളികൾ

0 1,757

റിയാദ് : കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് ഫൈനൽ എക്‌സിറ്റിൽ പോയ ഇന്ത്യക്കാരുടെ എണ്ണം അഞ്ച് ലക്ഷം കവിയുമെന്ന് റിപ്പോർട്ട്. ഇതിൽ പകുതിയിലേറെയും മലയാളികളാണ്.
2017 സെപ്തംബറിൽ 32.5 ലക്ഷമായിരുന്നു ഇന്ത്യൻ തൊഴിലാളികളുടെ എണ്ണമെങ്കിൽ ഇപ്പോൾ 27.5 ലക്ഷമായി കുറഞ്ഞു. സൗദിവൽക്കരണത്തിന്റെ ഭാഗമായി വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവിയും മറ്റു തൊഴിൽ പരിഷ്‌കാരങ്ങളും ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന് കാരണമായിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് വ്യക്തമാക്കി.
2017 മാർച്ച് മാസത്തിൽ മുപ്പത് ലക്ഷം ഇന്ത്യക്കാരായിരുന്നു സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നത്. അതേവർഷം സെപ്തംബർ ആയപ്പോഴേക്കും 32.5 ലക്ഷത്തിലേക്ക് അതുയർന്നു. അതായത് ആറു മാസത്തിനകം രണ്ടര ലക്ഷം ഇന്ത്യക്കാർ സൗദി തൊഴിൽ വിപണിയിലെത്തി. എന്നാൽ പിന്നീട് 2018 മുതൽ വിദേശികളുടെ മേൽ ഏർപ്പെടുത്തിയ ലെവിയും ഇന്ത്യക്കാരടക്കം ജോലി ചെയ്യുന്ന വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കിയതും നിരവധി കമ്പനികൾക്ക് നിലനിൽപ് ഭീഷണിയുണ്ടായതും ഇന്ത്യക്കാർ സൗദി വിടാൻ പ്രധാന കാരണമായി. 2018 മുതലാണ് സൗദി അറേബ്യയിൽ വിദേശികൾക്ക് ലെവി ഏർപ്പെടുത്തിയതും അതുവഴി ഇഖാമ പുതുക്കുന്നതിനുള്ള ചെലവ് ഗണ്യമായി വർധിച്ചതും. ഇതുകാരണം സ്‌പോൺസർമാരുടെ കീഴിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നിരവധി പേർ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ രാജ്യം വിട്ടു. 2017 ജൂലൈ മുതൽ വിദേശികളുടെ ആശ്രിതർക്കേർപ്പെടുത്തിയ ലെവി കാരണം നിരവധി കുടുംബങ്ങളും ഇതിനിടെ ഫൈനൽ എക്‌സിറ്റിൽ പോയി. ലെവിയും മൂല്യവർധിത നികുതിയുമടക്കം 2018 ലുണ്ടായ ചെലവ് വർധന കാരണം തൊഴിൽ വിസ അനുവദിക്കപ്പെട്ട കമ്പനികൾ പോലും വിദേശത്ത് നിന്ന് റിക്രൂട്ട്‌മെന്റിന് തയാറായില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പിംഗ് നന്നേ കുറവായിരുന്നുവെന്ന് ട്രാവൽ ഏജൻസി രംഗത്തുള്ളവരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അടുത്തിടെ നിയോം, അൽഖിദ്ദിയ, റെഡ്‌സീ പദ്ധതികൾ പ്രഖ്യാപിച്ചതോടെ തൊഴിൽ വിപണി ഉണരുന്നുണ്ടെന്നും 2019 ജനുവരി മുതൽ പല കമ്പനികളും റിക്രൂട്ട്‌മെന്റ് നേരിയ തോതിൽ പുനരാരംഭിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
സേവന മനസ്‌കതയും ആത്മാർഥതയുമാണ് ഇന്ത്യക്കാരെ മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തമാക്കുന്നതെന്നും ഇന്ത്യക്കാരുടെ സേവനങ്ങളെ സൗദി അധികൃതർ എല്ലാ കൂടിക്കാഴ്ചകളിലും ശ്ലാഘിക്കാറുണ്ടെന്നും അംബാസഡർ പറഞ്ഞു.
അതേസമയം കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നു ലക്ഷം വിദേശികൾ സൗദി തൊഴിൽ വിപണി വിട്ടതായും പന്ത്രണ്ടോളം മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കിയത് കാരണം 2.8 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വനിതകളടക്കമുള്ള സ്വദേശി യുവജനങ്ങൾ സെയിൽസ് മേഖലയിലേക്ക് ചുവടുവെക്കുന്നുണ്ടെന്നും മൂന്നു മാസത്തിനിടെ 44,000 സ്വദേശികൾക്ക് ഈ മേഖലയിൽ ജോലി ലഭിച്ചത് പ്രതീക്ഷാർഹമാണെന്നും കൂടുതൽ സൗദികൾ ഈ മേഖലയിലേക്കെത്തുമെന്നും റിപ്പോർട്ടിലുണ്ട്.

 

 

Please like us for more news and articles

Download ShalomBeats Radio 

Android App  | IOS App 

[wpdevart_like_box profile_id=”2029202910649464″ animation_efect=”none” show_border=”show” border_color=”#fff” stream=”show” connections=”show” width=”300″ height=”550″ header=”small” cover_photo=”show” locale=”en_US”]

You might also like
Comments
Loading...