യു.എ.ഇ.യിൽ സൗദി എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം

0 2,204

ഫുജൈറ :  യു.എ.ഇ.യുടെ കിഴക്കൻതീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറിശ്രമം. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു.

ടാങ്കറുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. എന്നാൽ, ആളപായമോ ഇന്ധനചോർച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Download ShalomBeats Radio 

Android App  | IOS App 

ആക്രമിക്കപ്പെട്ടവയിൽ ഒരു ടാങ്കർ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്. വാണിജ്യകപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാൻ ഉൾക്കടലിൽ യു.എ.ഇ.യുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യു.എ.ഇ.-സൗദി സർക്കാരുകൾ തയ്യാറായില്ല. എന്നാൽ, അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാൻ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങൾക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാൻ യു.എസ്. ഗൾഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബർ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.

സമുദ്രഗതാഗതവും എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയും സുരക്ഷിതമാക്കണമെന്നും അല്ലെങ്കിൽ ആഗോള സമ്പദ്വ്യവസ്ഥയും ഊർജമേഖലയും കടുത്ത പ്രതിസന്ധിയിലാകുമെന്നും ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വാണിജ്യകപ്പലുകൾക്ക് നേരെയുണ്ടായ അട്ടിമറിശ്രമവും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കാനുള്ള പ്രവർത്തനങ്ങളും ഗുരുതരമായി കാണുന്നെന്നും സമുദ്രഗതാഗത സുരക്ഷയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ തടയേണ്ടതിൻറെ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും യു.എ.ഇ. പറഞ്ഞു. ഫുജൈറ തുറമുഖത്തിന്റെ പ്രവർത്തനം സാധാരണനിലയ്ക്ക് തുടരുകയാണെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

You might also like
Comments
Loading...