സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 യാത്രക്കാർക്ക് പരുക്ക്

0 779

റിയാദ്∙ ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 യാത്രക്കാർക്ക് പരുക്ക്. ഇന്ത്യ, യെമൻ, സൗദി രാജ്യങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകളും രണ്ടു സൗദി കുട്ടികളും പരുക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ എട്ടു പേരേ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
സൗദിയിലെ അസിർ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിനു നേരേ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു  വിമതരുടെ ആക്രമണം. ആക്രമണത്തിൽ‌ വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തെതുടർന്നു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. വ്യോമാക്രമണത്തിന് ഉപയോഗിച്ച മിസൈൽ ഏതു വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നു പരിശോധിച്ചു വരുകയാണെന്ന് ഔദ്യോഗിക വക്താവ് കേണൽ ടർക്കി അൽമൽക്കി അറിയിച്ചു.
ക്രൂസ് മിസൈൽ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഹൂതി വിമതർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി സൗദിക്കു നേരേയുള്ള ആക്രമണം ഹൂതി വിഭാഗം കടുപ്പിച്ചിരിക്കുകയാണ്. മേയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി വിമതർ തൊടുത്ത മിസൈലുകൾ സൗദി തകർത്തിരുന്നു. മക്കയിൽ നിന്ന് 50 കിലോമീറ്റർ അകലെ തായിഫിലായിരുന്നു സൗദി പ്രതിരോധസേനയുടെ പ്രത്യാക്രമണം. ജിദ്ദയിലെ ചെങ്കടൽ തുറമുഖത്തും മിസൈൽ തകർത്തു.

You might also like
Comments
Loading...