ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് ഇന്ത്യാക്കാരന്
ദുബായ്: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെയ്ക്ക്. പത്തുലക്ഷം ഡോളറാണ് സമ്മാനത്തുക. 140 രാജ്യങ്ങളിൽ നിന്നുള്ള 12,000 നാമനിർദേശങ്ങളിൽ നിന്നാണ് ഒന്നാമതെത്തിയത്.
Download ShalomBeats Radio
Android App | IOS App
മഹാരാഷ്ട്ര സോലാപൂരിലെ ജില്ല പരിഷത്ത് പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങളാണ് 32കാരനെ പുരസ്കാരത്തിന് അർഹനാക്കിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനകളും പാഠപുസ്തകങ്ങളിൽ ക്യുആർ കോഡ് സംവിധാനം അവതരിപ്പിച്ചതുമാണ് സോലാപുർ പരിതേവാഡി ഗ്രാമത്തിൽ നിന്നുള്ള ദിസാലെയെ 10 ലക്ഷം ഡോളറിന്റെ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസിന് അർഹനാക്കിയത്.
ഇക്കുറി അവാർഡ് പ്രഖ്യാപനം ലണ്ടനിലായിരുന്നു. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടനും കൊമേഡിയനും എഴുത്തുകാരനുമായ സ്റ്റീഫൻ ഫ്രൈ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ഓൺലൈൻ വഴി നടന്ന അവാർഡ് പ്രഖ്യാപനം വീട്ടിലിരുന്ന് മാതാപിതാക്കളോടൊപ്പമാണ് ദിസാലെ കണ്ടത്. അധ്യാപകരാണ് യഥാർഥ മാറ്റം കൊണ്ടുവരുന്നവരെന്നും മറ്റുള്ളവരുമായി എല്ലാം പങ്കുവെക്കേണ്ടവരാണ് അവരെന്നും ദിസാലെ പറഞ്ഞു. തനിക്കു കിട്ടുന്ന തുകയുടെ പകുതി ഫൈനലിസ്റ്റുകളായ മറ്റുള്ളവർക്കും പങ്കിടുമെന്നും അദ്ദേഹം അറിയിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ യു.എ.ഇയിലെ വർക്കി ഫൗണ്ടേഷൻ നൽകുന്ന അവാർഡാണ് വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ്. 2014 മുതലാണ് ഗ്ലോബൽ ടീച്ചർ അവാർഡ് ഏർപ്പെടുത്തിയത്. അവാർഡിന് അപേക്ഷ നൽകിയ ശേഷം ആദ്യ നൂറ് പേരിൽ ദിസാലെ ഉൾപ്പെട്ടിരുന്നു. പിന്നീട് അഭിമുഖങ്ങളും ഓഡിറ്റും അന്വേഷണങ്ങളും കഴിഞ്ഞാണ് പത്ത് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. മൈക്രോസോഫ്റ്റിന്റെ ഇന്നൊവേറ്റിവ് എജുക്കേറ്റർ എക്സ്പേർട്ട് അവാർഡും നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷന്റെ ഇന്നൊവേറ്റർ അവാർഡും രണ്ടുവർഷം മുമ്പ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.