ക്രൈസ്തവരില്ലാത്ത ഇറാഖ് ഇറാഖല്ല; സധൈര്യം തുറന്നുപറഞ്ഞ് ഇറാഖ് പ്രധാനമന്ത്രി

0 743

ബാഗ്ദാദ്: ക്രൈസ്തവരില്ലാത്ത ഇറാഖ് ഇറാഖല്ലെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി. രാജ്യത്തെ ക്രൈസ്തവ നേതാക്കളുടെ കൂട്ടായ്മയെ (കൗൺസിൽ ഓഫ് ലീഡേഴ്‌സ് ഓഫ് ഇറാഖി ക്രിസ്റ്റിയൻ കമ്മ്യൂണിറ്റി) കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്യവേയാണ്, ഇറാഖിലെ ക്രിസ്ത്യൻ പാരമ്പര്യത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. അപ്പസ്‌തോലിക കാലത്തോളം പഴക്കമുള്ള ഇറാഖിലെ തദ്ദേശീയ ക്രൈസ്തവ സാന്നിധ്യത്തെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.

Download ShalomBeats Radio 

Android App  | IOS App 

‘പുരാതനകാലം മുതൽതന്നെ വിവിധ സംസ്‌ക്കാരങ്ങളെ സ്വീകരിക്കാനുള്ള മെസപ്പെട്ടോമിയയുടെ തുറവിക്ക് തെളിവാണിത്. സാംസ്‌ക്കാരികവും മതപരവുമായ വിഭിന്നതകൾക്ക് ഇടയിലും ഇറാഖി ജനത ശക്തരാണ്. മനോഹരമായ രാജ്യത്തെ തകർക്കാനുള്ള പദ്ധതികളിൽ പരാജയപ്പെട്ടവരുടെ കെണികൾക്ക് മുന്നിൽ ഞങ്ങൾ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും യഥാർത്ഥമായ പൗരത്വത്തിന്റെയും പ്രതീകമായി തുടരും.’

അഴിമതിക്ക് എതിരെ പോരാടാനും സാമൂഹികവും മതപരവുമായ വിവിധ ഘടകങ്ങൾ തമ്മിലുള്ള കൂട്ടായ്മയുടെ സഹവർത്തിത്വം പ്രോത്‌സാഹിപ്പിക്കാനുമുള്ള ഭരണകൂട ദൗത്യത്തെ അടിവരയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. വർഗീയമായ വിഭാഗീയതയിൽനിന്ന് വിവിധ മതവിഭാഗങ്ങളെ സംരക്ഷിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം ആവർത്തിച്ചു.

ക്രൈസ്തവ നേതാക്കളുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് കൗൺസിൽ സെക്രട്ടറി അർമേനിയൻ അപ്പസ്‌തോലിക ആർച്ച്ബിഷപ്പ് അവക് അസദൂറിയൻ നന്ദി പ്രസംഗം നടത്തി. രാജ്യത്തിന്റെ സാംസ്‌ക്കാരികവും മതപരവുമായ ബഹുസ്വരതയെ സംരക്ഷിന്ന് നിലവിലെ ഇറാഖ് സർക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു അദ്ദേഹം.

മുൻ പത്രപ്രവർത്തകനും ഇറാഖി രഹസ്യാന്വേഷണ വിഭാഗം തലവനും സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൽ സൽമാന്റെ സുഹൃത്തുമായ അൽ ഖാദിമി 1980ൽ ഗ്രേറ്റ് ബ്രിട്ടണിലേക്ക് നാടുകടത്തപ്പെട്ട വ്യക്തിയാണ്. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച അദ്ദേഹം, യു.എസ് നേതൃത്വം കൊടുത്ത സൈനീക ഇടപെടലിലൂടെ ബാത്തിസ്റ്റ് ഭരണകൂടം തകർന്നതിനെ തുടർന്നാണ് മാതൃരാജ്യത്ത് മടങ്ങിയെത്തി സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ വീണ്ടും സജീവമായത്.

You might also like
Comments
Loading...