ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാന്‍ പൗരന് ഉന്നത കോടതി തടവുശിക്ഷ വിധിച്ചു

0 1,118

കാരാജ്: ക്രൈസ്തവ വിശ്വാസം പിന്തുടരാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ഇറാന്‍ സ്വദേശിക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഇറാന്‍ സ്വദേശി റേസാ സയീമിയാണ് ഉന്നതകോടതിയിൽ വിവിധ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് ഒന്‍പതു മാസത്തെ തടവുശിക്ഷക്കായി ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് കാരാജ് സെന്‍ട്രല്‍ പ്രിസണില്‍ സയീമി ഹാജരായത്. ഇവാഞ്ചലിക്കല്‍ ക്രൈസ്തവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തുകയും ചെയ്തു എന്ന ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ മാസമാണ് സയീമിക്ക് സമന്‍സ് ലഭിച്ചത്.

ഒരാഴ്ച മുന്‍പേ സയീമി ജെയിലില്‍ ഹാജരായെങ്കിലും ജയിലില്‍ പ്രവേശിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ജഡ്ജി ഇല്ലാത്തതിനാല്‍ പിന്നീട് വരുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് സയീമി അറസ്റ്റിലാവുന്നത്. കണ്ണുകെട്ടി, കൈകളില്‍ വിലങ്ങണിയിച്ച് കൊടിയ കുറ്റവാളികളെപ്പോലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. 17 ദിവസത്തോളം അദ്ദേഹത്തെ തടവില്‍വെച്ചിരിന്നു. ജനുവരി 25ന് സയീമിക്ക് 18 മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും, ഏപ്രില്‍ 25-ലെ അപ്പീല്‍ വിധിയില്‍ ശിക്ഷ ഒന്‍പതു മാസമായി കുറയ്ക്കുകയായിരുന്നു. ജയിലില്‍ നിന്നും മോചിതനയായ ശേഷം രണ്ടു വര്‍ഷത്തെ യാത്രാവിലക്കും സയീമിക്ക് വിധിച്ചിട്ടുണ്ട്. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ഇറാനില്‍ തടവില്‍ കഴികയോ, വിചാരണ നേരിടുകയോ ചെയ്തുകൊണ്ടിരിക്കുന്ന നൂറുകണക്കിന് ക്രിസ്ത്യാനികളില്‍ ഒരാള്‍ മാത്രമാണ് സയീമി.

ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ ഇറാനില്‍ രാജ്യദ്രോഹികളേപ്പോലെയാണ് കണക്കാക്കുന്നത്. അതേസമയം മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെ കൂടുതല്‍ കര്‍ക്കശമായ പുതിയ നിയമമനുസരിച്ച് കഴിഞ്ഞ മാസം മൂന്നു മതപരിവര്‍ത്തനം നടത്തിയ ക്രൈസ്തവരെ അറസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്ലീങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നതെന്നാണ് മതപീഡന നിരീക്ഷക സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ പറയുന്നത്.

You might also like
Comments
Loading...