ഖത്തറില്‍ 20 വര്‍ഷം താമസം പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്

0 1,485

ദോഹ: പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. അര്‍ഹരായ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. സ്ഥിരം റസിഡന്‍സി സംബന്ധിച്ച 2018ലെ പത്താം നമ്പര്‍ നിയമത്തില്‍ സ്ഥിരം താമസാനുമതി രേഖയ്ക്ക് അര്‍ഹതയുള്ളവരുടെ യോഗ്യത കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയും അര്‍ഹതയുമുള്ള പ്രവാസികള്‍ക്ക് സ്ഥിര താമസാനുമതി രേഖ (പെര്‍മനന്റ് റസിഡന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്) നല്‍കും. വിദേശത്തു ജനിച്ചവരാണെങ്കില്‍ നിയമാനുസൃത സാധാരണ റസിഡന്‍സി പെര്‍മിറ്റില്‍ ഖത്തറില്‍ 20വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം. ഖത്തറില്‍ ജനിച്ചവരാണെങ്കില്‍ ഇതേരീതിയില്‍ പത്തുവര്‍ഷം താമസം പൂര്‍ത്തീകരിച്ചിരിക്കണം. ഖത്തറിലെ താമസകാലയളവ് തുടര്‍ച്ചയായിട്ടായിരിക്കണം. സ്ഥിരം റസിഡന്‍സി പെര്‍മിറ്റിനുള്ള അപേക്ഷസമര്‍പ്പിക്കുന്ന തീയതിക്കു മുന്‍പായി ഈ യോഗ്യത പൂര്‍ത്തീകരിച്ചിരിക്കണം. ഒരു വര്‍ഷം അറുപത് ദിവസത്തില്‍ കൂടുതല്‍ പുറത്ത് താമസിക്കുകയാണെങ്കില്‍ താമസ തുടര്‍ച്ചയ്ക്ക് തടസമുണ്ടാകില്ലെങ്കിലും ഖത്തറിലെ താമസകാലയയളവില്‍നിന്നും ഈ ദിവസങ്ങള്‍ കുറയ്ക്കും. നോണ്‍ ഖത്തരിയെ വിവാഹം കഴിച്ച ഖത്തരി സ്ത്രീയില്‍ ജനിക്കുന്ന കുട്ടികള്‍, ഖത്തരി വനിതയെ വിവാഹം കഴിക്കുന്ന നോണ്‍ ഖത്തരി ഭര്‍ത്താവ്, ഖത്തരി പൗരന്റെ വിദേശഭാര്യ, രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രത്യേക ശേഷിയുള്ളവര്‍, വിദേശപൗരത്വം വഴി പൗരത്വം ലഭിച്ച ഖത്തരിയുടെ മക്കള്‍ എന്നിവര്‍ക്ക് ഈ യോഗ്യതകള്‍ ആവശ്യമില്ല. അതേസമയം ഖത്തരി ഭാര്യയുടെ വിദേശ ഭര്‍ത്താവ് ഈ യോഗ്യതകള്‍ പൂര്‍ത്തീകരിച്ചിരിക്കണം. സ്ഥിരം റസിഡന്‍സി പെര്‍മിറ്റിനായി അപേക്ഷിച്ചശേഷം അപേക്ഷകന്‍ തുടര്‍ച്ചയായി ആറുമാസത്തിലധികം രാജ്യത്തിനു പുറത്താണെങ്കില്‍ അപേക്ഷകന്റെ ഖത്തറിലെ മുന്‍കാല താമസ കാലാവധിയില്‍ അയോഗ്യത കല്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് അവകാശമുണ്ടായിരിക്കും. അപേക്ഷകന് തന്റെയും തന്റെ കുടുംബത്തിന്റെയും ചെലവുകള്‍ പൂര്‍ണമായും നിറവേറ്റാനുള്ള വരുമാനമുണ്ടായിരിക്കണം. അസാധാരണ കേസുകളിലുള്‍പ്പടെ അപേക്ഷകന്റെ ശരാശരി വരുമാനം മന്ത്രിസഭാതീരുമാനപ്രകാരം നിശ്ചയിക്കപ്പെടും. നല്ല സ്വഭാവവും ബഹുമാന്യതയുമുള്ളയാളായിരിക്കണം അപേക്ഷകന്‍. മുന്‍കാലയളവില്‍ മോശം കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടയാളായിരിക്കരുത്. അപേക്ഷകന് അറബിക് ഭാഷയില്‍ മതിയായ അറിവുണ്ടായിരിക്കണം. സ്ഥിരം റസിഡന്‍സി നിയമത്തിന് നേരത്തെ ശൂറാ കൗണ്‍സിലും മന്ത്രിസഭയും അനുമതി നല്‍കിയിരുന്നു. നിശ്ചിത വ്യവസ്ഥകള്‍ പാലിക്കപ്പെടുന്ന വിദേശീയര്‍ക്കാണ് സ്ഥിര താമസാനുമതി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ആഭ്യന്തര മന്ത്രിയാകും തിരിച്ചറിയല്‍ കാര്‍ഡിന് അനുമതി നല്‍കുക. സ്ഥിരം ഐഡി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നീ മേഖലകളില്‍ ഖത്തരികള്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ, മെഡിക്കല്‍ സേവനങ്ങള്‍ ഖത്തരികള്‍ക്ക് നിലവില്‍ സൗജന്യമാണ്. പൊതു സൈനിക, സിവില്‍ ജോലികളില്‍ ഖത്തരികള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്ഥിര താമസാനുമതി രേഖയുള്ളവര്‍ക്കായിരിക്കും. മാത്രമല്ല സ്വത്തുക്കളില്‍ ഉടമസ്ഥാവകാശത്തിനും അനുമതിയുണ്ടാകും. ഖത്തരി പങ്കാളിയുടെ ആവശ്യമില്ലാതെ തന്നെ വാണിജ്യ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും അനുമതിയുണ്ട്. സ്ഥിര താമസാനുമതി രേഖ അനുവദിക്കുന്നതിനായി പെര്‍മനന്റ് റെസിഡന്‍സി ഐ.ഡി.ഗ്രാന്‍ഡിങ് കമ്മിറ്റി എന്ന പേരില്‍ കമ്മിറ്റി രൂപീകരിക്കും.

You might also like
Comments
Loading...