ആദിവാസികളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിൽ

0 1,153

മുംബൈ: ജാർഖണ്ഡിലെ ആദിവാസി- ഗോത്രവിഭാഗങ്ങളുടെ നീതിക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി (NIA) അറസ്റ്റ് ചെയ്തതു. 2017 ഡിസം. 31ലെ ‘എൽഗാർ പരിഷത്തു’മായി ബന്ധപ്പെട്ടു വൈദികന്റെ റാഞ്ചിയിലെ ഓഫീസില്‍ എത്തി എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാറന്റ് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്വാമിയോട് മോശമായാണു പെരുമാറിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എൽഗാർ പരിഷത്തിലെ ചില പ്രസംഗങ്ങൾ അടുത്ത ദിവസം, 2018 ജനുവരി ഒന്നിന് നടന്ന കൊറേഗാവ്, ഭീമാ കലാപത്തിനു പ്രേരകമായെന്നാണ് NIA യുടെ ആരോപണം.

അതേസമയം, എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ, സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ രംഗത്തു വന്നു. ഗോത്രവിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുന്ന സ്വാമിയുടെ ശബ്ദമില്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അത് മൈനിംഗ് കമ്പനികളുടെ താൽപര്യ സംരക്ഷണത്തിനാണെന്നും രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തു. യുഎപിഎ അറസ്റ്റ്, ബിജെപി സർക്കാറിനൊത്ത് കളിക്കുന്ന എൻഐഎയുടെ അതിരുകളില്ലാത്ത മറ്റൊരു പ്രവർത്തി എന്ന അർത്ഥത്തിലാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണു ഫാ. സ്റ്റാന്‍ സ്വാമി.

Download ShalomBeats Radio 

Android App  | IOS App 

അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയായ സ്റ്റാൻ സ്വാമിയുടെ ജന്മനാട് കേരളമാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്തു സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് വഴി തെളിയിച്ചിരിന്നു. പിന്നീട് അധികാരത്തിലേറിയ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ കേസ് റദ്ദാക്കി. പുതിയ കേന്ദ്ര നടപടി വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എൽഗാർ പരിഷത്ത് കേസ് പുനഃപരിശോധിക്കുമെന്ന് മഹാരാഷ്ട്രയിലെ പുതിയ സർക്കാർ വ്യക്തമാക്കിയിരുന്നു. കേസിന്റെ അവസ്ഥയെക്കുറിച്ച് പൂനെ പോലീസിന്റെ സംഘം ഉപമുഖ്യമന്ത്രി അജിത് പവാർ, ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് എന്നിവരുടെ മുമ്പാകെ ബുധനാഴ്ച അവതരണം നടത്തിയിരുന്നു.

You might also like
Comments
Loading...