കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇന്ത്യയിൽ പേരുമാറിയത് 25 സ്ഥലങ്ങൾ, ഇനിയും മാറും !!!

0 958

ന്യൂഡൽഹി: ഈ കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് നഗരങ്ങളും ഗ്രാമങ്ങളുമായി പേരുമാറിയത് 25 എണ്ണം. ബംഗാളിന്റെ പേര് ‘ബംഗ്ലാ’ എന്നുമാറ്റാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്നു. ബംഗ്ലാദേശിന്റെ പേരുമായി സാമ്യമുള്ളതിനാൽ ഇത് വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തിനായി കൈമാറിയിരിക്കുകയാണ്.

അലഹാബാദ്, ഫൈസാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് ഒടുവിൽ പേരുമാറ്റം കാത്തുകിടക്കുന്നത്. അലഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നും മാറ്റാനുള്ള ഉത്തർപ്രദേശിന്റെ ശുപാർശ ഇനിയും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടില്ല.

Download ShalomBeats Radio 

Android App  | IOS App 

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഇടപെടേണ്ട ദീർഘമായ നടപടിക്രമങ്ങളാണ് ഓരോ പേരുമാറ്റത്തിലുമുള്ളത്. നിലവിലുള്ള ചട്ടങ്ങൾ പരിശോധിച്ച് വിവിധ ഏജൻസികളുമായി ചർച്ച ചെയ്തശേഷമാണ് പേരുമാറ്റത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകുക. റെയിൽവേ മന്ത്രാലയം, തപാൽവകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ചചെയ്ത് ഇവയുടെ എതിർപ്പില്ലാതെ രേഖകൾ ലഭിക്കണം. ആ പേരിൽ രാജ്യത്ത് വേറെ സ്ഥലങ്ങളില്ലെന്നും ഉറപ്പു വരുത്തണം.

ഒരു സംസ്ഥാനത്തിന്റെ പേരു മാറണമെങ്കിൽ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തോടെ നിയമ ഭേദഗതി പാസാക്കണം. ഗ്രാമങ്ങളുടെയോ പട്ടണങ്ങളുടെയോ പേരുമാറ്റാൻ സർക്കാർ ഉത്തരവുമാത്രം മതിയാകും.

ഗുജറാത്തിൽ അഹമ്മദാബാദിന്റെ പേര് കർണാവതി എന്നാക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെലങ്കാനയിൽ ഹൈദരാബാദിന്റെയും മറ്റു ചില നഗരങ്ങളുടെയും പേരുമാറ്റാൻ പദ്ധതിയുണ്ട്.

കഴിഞ്ഞവർഷം കേന്ദ്രസർക്കാർ പ്രശസ്തമായ മുഗൾ സരായി റെയിൽവേസ്റ്റേഷന്റെ പേര് ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷൻ എന്നുമാറ്റിയിരുന്നു. മുംബൈ ഛത്രപതി ശിവാജി ടെർമിനലിനുമുന്നിൽ ‘മഹാരാജ്’ എന്നു ചേർത്തതാണ് മറ്റൊരു മാറ്റം.

2011-ൽ ഒറീസയെന്നത് ഒഡിഷ ആയിരുന്നു. 1995-ൽ ബോംബെ നഗരം മുംബൈയായും 1996-ൽ മദ്രാസ്, ചെന്നൈ ആയും 2001-ൽ കൽക്കട്ട കൊൽക്കത്തയായും മാറിയിരുന്നു. 2014-ൽ കർണാടകയിലെ ബാംഗ്ലൂരിനെ ബെംഗളൂരുവാക്കിയതടക്കം 11 നഗരങ്ങളുടെ പേരുമാറ്റിയിരുന്നു.

You might also like
Comments
Loading...