മലയാളി കന്യാസ്ത്രീക്ക് തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം

0 1,395

ചെന്നൈ: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവളർച്ചയ്ക്കായി ജീവിതം സമർപ്പിച്ചവരെ ആദരിക്കാൻ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ ‘ബെസ്റ്റ് സോഷ്യൽ വർക്കർ ഇൻ ദ ഫീൽഡ് ഓഫ് ഡിസെബിലിറ്റി’ അവാർഡ് മലയാളിയായ സിസ്റ്റർ മരിയ പ്രീതികയ്ക്ക്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനും രണ്ടര പതിറ്റാണ്ടായി സമർപ്പിത സേവനത്തിലായിരിക്കുന്ന സിസ്റ്റർ പ്രീതിക അംഗമായിരിക്കുന്ന ‘അപ്പോസ്‌തോലിക് കാർമൽ’ സന്യാസസമൂഹം, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ചെങ്കൽപ്പെട്ട് ജില്ലയിലെ പള്ളിയഗരം ഗ്രാമത്തിൽ സ്ഥാപിച്ച “ഉദയം സ്‌പെഷൽ സ്‌കൂൾ ആൻഡ് ഹോം ഫോർ ദ മെന്റലി ചലഞ്ചഡ്” പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയാണ്. അവിടെ പഠിക്കുന്ന 120 വിദ്യാർത്ഥികൾക്കായും സമീപഗ്രാമങ്ങളിലും കഴിഞ്ഞ വർഷം നടത്തിയ ശ്രദ്ധേയമായ പദ്ധതികളാണ് അവാർഡിന് അർഹയാക്കിയത്.

Download ShalomBeats Radio 

Android App  | IOS App 

സെക്രട്ടേറിയറ്റിൽ സംഘടിപ്പിച്ച സമ്മേളനത്തിൽവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അവാർഡ് സമ്മാനിച്ചു. ദൈവം ഭരമേൽപിച്ച ശുശ്രൂഷയ്ക്കുള്ള സമ്മാനമായാണ് അവാർഡ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ സിസ്റ്റർ, തന്റെ സന്യാസസമൂഹത്തിനുള്ള ആദരവുകൂടിയാണിതെന്നും വ്യക്തമാക്കി. ‘ഭക്ഷണം കഴിക്കുന്നതും പ്രാഥമിക കൃത്യങ്ങൾ ഉചിതമായി നിർവഹിക്കുന്നതും ഉൾപ്പെടെ ഒന്നും തനിയെ ചെയ്യാനറിയാതിരുന്ന കുഞ്ഞുങ്ങൾ, ഞങ്ങളുടെ പരിശീലനത്തിലൂടെ പല കാര്യങ്ങളും പഠിക്കുന്നത് കാണുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാനാവില്ല. അവരുടെയും മാതാപിതാക്കളുടെയും മുഖത്തുവിരിയുന്ന പുഞ്ചിരിതന്നെയല്ലേ ഞങ്ങൾക്കുള്ള ഏറ്റവും വലിയ ആദരവ്,’ 59 വയസുകാരിയായ സിസ്റ്റർ പറയുന്നു.

കോഴിക്കോട് ജില്ലയിലെ പശുക്കടവ് കാവിൽപുരയിടത്തിൽ തോമസ്- റോസമ്മ ദമ്പതികളുടെ മകളായ പ്രീതിക 1986ലാണ് വ്രതവാഗ്ദാനം സ്വീകരിച്ചത്. അഞ്ച് വർഷം ബംഗളൂരുവിൽ സേവനം ചെയ്തശേഷം 1992ൽ ചെങ്കൽപ്പെട്ടിലെത്തി. വിദ്യാഭ്യാസ മേഖലയിൽ ശുശ്രൂഷചെയ്യുന്ന ‘അപ്പോസ്‌തോലിക് കാർമൽ’ സമൂഹം പള്ളിയഗരത്തിൽ സ്‌കൂൾ ആരംഭിച്ചതുമുതൽ അവിടെ അധ്യാപികയാണ്. സ്‌പെഷൽ എഡ്യുക്കേഷനിൽ ബി.എഡും വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്.

You might also like
Comments
Loading...