ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് വിഎച്ച്പി നേതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ആദിവാസി മേഖലകളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരു മാസത്തിനകം അടച്ചുപൂട്ടിയില്ലെങ്കില്‍ അക്രമത്തിന് മുതിരുമെന്ന ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിക്ഷത്തിന്റെ (വി.എച്ച്.പി) ജാബുവ ജില്ലാ നേതാവ് ആസാദ് പ്രേംസിംഗ്. ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുന്ന വൈദികര്‍ക്കും പാസ്റ്റര്‍മാര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുമെന്നാണ് പ്രേംസിംഗ് ഭീഷണി മുഴക്കിയിരിക്കുന്നത്.
കഴിഞ്ഞ എഴുപതു വര്‍ഷങ്ങള്‍ക്കിടയില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം നടത്തിയെന്നും സംരക്ഷിത ഗോത്രമേഖലകളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ പണിയുകയും ചെയ്തെന്ന് ആരോപിച്ച നേതാവ് ദേവാലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ മുപ്പതു ദിവസത്തെ അന്ത്യശാസനമാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 11ന് നൂറുകണക്കിന് വി.എച്ച്.പി പ്രവര്‍ത്തകരേയും, ചില ഗോത്രവര്‍ഗ്ഗക്കാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ആസാദ് പ്രേം ജബുവ നഗരത്തില്‍ ജാഥ സംഘടിപ്പിച്ചിരിന്നു. എന്നാല്‍ മതപരിവര്‍ത്തനം സംബന്ധിച്ച ആരോപണം ക്രൈസ്തവ നേതൃത്വം നിഷേധിച്ചു. സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുവാനുള്ള നീക്കമാണിതെന്നു ക്രിസ്ത്യന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ദേവാലയങ്ങള്‍ മതിയായ രേഖകളോടെ നിയമപരമായിട്ട് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന്‍ ജാബുവ കത്തോലിക്കാ രൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറും തദ്ദേശീയനുമായ ഫാ. റോക്കി ഷാ വ്യക്തമാക്കി. നിയമമനുസരിച്ച് ജീവിക്കുന്ന തങ്ങള്‍ ഇത്തരത്തിലെ ഭീഷണികൊണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Download ShalomBeats Radio
Android App | IOS App
കത്തോലിക്കാ വൈദികരും പാസ്റ്റര്‍മാരും മതപരിവര്‍ത്തനം നടത്തുകയാണെന്നു ആരോപിച്ച് പ്രേംസിംഗ് കളക്ട്രേറ്റില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്നും ഒഴിവാക്കണമെന്നും പരാതി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 9-നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ തങ്ങളുടെ അന്‍പതു വര്‍ഷങ്ങള്‍ പഴക്കമുള്ള ‘മതപരിവര്‍ത്തന വിരുദ്ധ നിയമം’ മാറ്റി കൂടുതല്‍ കര്‍ക്കശമായ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയത്.