പത്മശ്രീ നല്കി ഭാരതം ആദരിച്ചവരില്‍ രാജ്യത്തു സേവനം ചെയ്ത സ്പാനിഷ് വൈദികനും
ന്യൂഡല്‍ഹി: ഏഴു പതിറ്റാണ്ടോളം ഭാരതത്തില്‍ സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികന്‍ ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസ് വാല്ലെസിനു രാജ്യത്തിന്റെ ആദരം. കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് മരണപ്പെട്ട ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്കിയാണ് ഭാരതം ആദരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സാഹിത്യ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യ നല്‍കുന്ന ഏറ്റവും ഉന്നത പുരസ്കാരങ്ങളില്‍ നാലാം സ്ഥാനത്തുള്ള പത്മശ്രീയ്ക്കു വൈദികനെ തെരഞ്ഞെടുത്തത്.
1925 നവംബര്‍ നാലിന് സ്‌പെയിനിലെ ലോഗ്രോനോയിലാണു ഫാ. വാല്ലെസ് ജനിച്ചത്. 1949-ല്‍ പതിനഞ്ചാം വയസില്‍ മിഷ്ണറി പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തി.
എഴുപത്തിയെട്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഗുജറാത്ത് സര്‍ക്കാരിന്റെ സാഹിത്യ പുരസ്കാരത്തിന് 5 പ്രാവശ്യം അര്‍ഹനായിട്ടുള്ള അദ്ദേഹം 1978-ല്‍ ഗുജറാത്തി സാഹിത്യത്തിലെ ഏറ്റവും ഉന്നത പുരസ്കാരമായ രഞ്ചിത്ത്റാം സുവര്‍ണ്ണ ചന്ദ്രക് പുരസ്കാരവും നേടിയിരിന്നു. പ്രസ്തുത പുരസ്കാരത്തിനര്‍ഹനായ ആദ്യ വിദേശിയായിരിന്നു ഫാ. വാല്ലെസ്. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ മോദി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അനുശോചനം രേഖപ്പെടുത്തിയിരിന്നു.