മലയും കുന്നും തുണയായി; തമിഴ്നാട് അനുഭവിച്ച ഗജയുടെ കലി, കേരളം അനുഭവിക്കില്ല !!

0 921

ചെന്നൈ: ഗജ ഉഗ്രരൂപം പ്രാപിച്ച് തമിഴ്‌നാട്ടില്‍, കേരളത്തിലെത്തിയപ്പോള്‍ ദുര്‍ബലം. തമിഴ്‌നാട്ടില്‍ നാശംവിതച്ച ഗജ ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ട് ന്യൂനമര്‍ദം (ഡിപ്രഷന്‍) ആയി കേരളത്തിനു മുകളിലെത്തി. തീവ്രചുഴലിക്കാറ്റായി ഇന്നലെ പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ പ്രവേശിച്ച ഗജ ഏറെ നേരം ചുഴലിക്കാറ്റായി തുടര്‍ന്ന് താണ്ഡവമാടിയെങ്കിലും കേരളത്തിലേക്കുള്ള യാത്രയില്‍ പടിപടിയായി ദുര്‍ബലപ്പെട്ടു. ഇതിന് തമിഴ്‌നാട്ടിലെ കുന്നുകളും മലനിരകളും പശ്ചിമഘട്ടവുമെല്ലാം കാരണമായി.
വെള്ളിയാഴ്ച്ച വൈകിട്ട് ഡീപ് ഡിപ്രഷന്‍ (അതിന്യൂനമര്‍ദം) ആയി തമിഴ്‌നാട്ടിലെ കൊടൈക്കനാലിനു മുകളില്‍ നിലകൊണ്ട ശേഷം വീണ്ടും ശക്തികുറഞ്ഞ് ന്യൂനമര്‍ദമായ ശേഷം രാത്രി ഏറെവൈകിയാണ് കേരളത്തിലെത്തിയത്. ഇന്നലെ വൈകിട്ട് കൊച്ചിയില്‍ നിന്ന് 70 കി.മി വടക്കുകിഴക്കായി നിലകൊï ന്യൂനമര്‍ദം മധ്യകേരളത്തില്‍ ശക്തമായ മഴക്ക് സാഹചര്യം ഒരുക്കി.
ഇന്നലെ പുലര്‍ച്ചെ 1.30 തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനടുത്ത് വേദരായണ്യത്തില്‍ മണിക്കൂറില്‍ 140 കി.മി വേഗതയിലുള്ള കാറ്റിന്റെ അകമ്പടിയോടെയാണ് ഗജ തീവ്രചുഴലിക്കാറ്റ് കരതൊട്ടത്. കഴിഞ്ഞ ഏഴിന് മലേഷ്യക്കടുത്ത് പിറവികൊണ്ട ന്യൂനമര്‍ദമാണ് പിന്നീട് മധ്യ,ബംഗാള്‍ ഉള്‍ക്കടലില്‍വെച്ച് ന്യൂനമര്‍ദമായത്. കഴിഞ്ഞ ദിവസം ഇത് വീണ്ടും ശക്തിപ്പെട്ട് തീവ്രചുഴലിക്കാറ്റാകുകയായിരുന്നു. യു.എസ് കാലാവസ്ഥാ ഏജന്‍സിയുടെ നിരീക്ഷണ പ്രകാരം ഗജ പരമാവധി വേഗം കൈവരിച്ചാണ് കരതൊട്ടത്. പിന്നീട് തമിഴ്‌നാട്ടില്‍ നാശംവിതച്ച ശേഷം ശക്തി ഘട്ടംഘട്ടമായി കുറഞ്ഞു. ചുഴലിക്കാറ്റ് കടന്നുപോയ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, മധുരൈ, ദിണ്ഡുക്കല്‍ ജില്ലകളിലെ കുന്നുകളും മലകളും ചുഴലിക്കാറ്റിന്റെ ശക്തികുറയാന്‍ ഇടയാക്കി. കൊടൈക്കനാല്‍ കുന്നുകള്‍ക്ക് സമീപം എത്തിയപ്പോള്‍ ചുഴലിക്കാറ്റില്‍ നിന്ന് അതിന്യൂനമര്‍ദമായി മാറി.

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കോട്ടപോലെ കേരളത്തെ കാക്കുന്ന പശ്ചിമഘട്ടവും ഗജയുടെ ശക്തി പരമാവധി കുറയ്ക്കാന്‍ സഹായകമായി. ഇതാണ് കേരളത്തെ ദുരന്തത്തില്‍ നിന്ന് കാത്തത്. കേരളത്തിനു മുകളിലൂടെ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം വീണ്ടും ദുര്‍ബലപ്പെട്ട് ലോ പ്രഷറായി മാറി കടലിനു മുകളിലൂടെ ആഫ്രിക്കന്‍ തീരം ലക്ഷ്യമാക്കി നീങ്ങും.
ഇന്നലെ ഉച്ചക്ക് ശേഷം കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴലഭിച്ചു. രാവിലെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ മേഘാവൃതമായിരുന്നു. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ വരണ്ട കാലാവസ്ഥയായിരുന്നു. ഗജ കടന്നുപോയെങ്കിലും തമിഴ്‌നാട്ടില്‍ ഇന്നും നാളെയും മഴ തുടരും. എന്നാല്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കുറയും.

You might also like
Comments
Loading...