കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ തീവണ്ടിയിൽ യാത്ര ചെയ്ത കന്യാസ്ത്രീകൾക്ക് നേരെ അക്രമമുണ്ടായ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. ഇവർ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൻചൽ അർജരിയ, പർഗേഷ് അമരിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അർജരിയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാൾ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച്, ഗോ രക്ഷ സമിതി എന്നിവയുടെ പ്രവർത്തകനാണെന്ന് ചേർത്തിട്ടുണ്ട്. സമാധാന ലംഘനത്തിന് ഇരുവരുടെയും പേരിൽ കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നും ഝാൻസി ജില്ല മജിസ്ട്രേറ്റ് ആന്ദ്ര വംസി പറഞ്ഞു.
Download ShalomBeats Radio
Android App | IOS App
കഴിഞ്ഞ മാർച്ച് 19 നാണ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിരുഹൃദയ (സേക്രഡ് ഹാർട്ട്) സന്യാസി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. രണ്ട് പേർ സന്യാസ വേഷത്തിലും ഇതരർ സാധാരണ വേഷത്തിലും ആയിരുന്നു. ഒപ്പമുള്ള രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ചിലർ ആക്രമണത്തിന് ശ്രമിച്ചത്. തീവണ്ടിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു.