മറ്റു അക്കൗണ്ടിലേക്ക് പണം അയക്കാനും; റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി

0 2,515

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണമടയ്ക്കാൻ ഉടമയുടെ അനുമതി നിർബന്ധം.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്കാൻ അക്കൗണ്ട് ഉടമയുടെ അനുമതി വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പേ ഇൻ സ്ലിപ്പിൽ അക്കൗണ്ട് ഉടമയുടെ ഒപ്പുകൂടി ഉണ്ടെങ്കിൽ മാത്രമേ തുക സ്വീകരിക്കാവൂ എന്ന കർശന നിർദേശം ദേശസാത്കൃത ബാങ്കായ എസ്.ബി.ഐ. നടപ്പാക്കി.

മറ്റ് ബാങ്കുകളും വൈകാതെ ഉത്തരവ് നടപ്പാക്കുമെന്ന് സൂചനയുണ്ട്. ചെറിയ നിക്ഷേപങ്ങൾക്ക് പോലും നിയന്ത്രണം വന്നതോടെ ഇതര സംസ്ഥാനങ്ങളിലും മറ്റും പഠിക്കുന്ന മക്കൾക്കും ദൂരെയുള്ള മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമടക്കം പണമയക്കാൻ ബാങ്കിലെത്തുന്നവർ ബുദ്ധിമുട്ടിലാവുകയാണ്.

Download ShalomBeats Radio 

Android App  | IOS App 

കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായാണ് ആർ.ബി.ഐ.യുടെ പുതിയ നിയന്ത്രണം. ഓൺലൈൻ വഴിയുള്ള തുക കൈമാറ്റത്തിന് ഇത് ബാധകമാക്കിയിട്ടില്ല. അതേ ബ്രാഞ്ചിൽ അക്കൗണ്ടുള്ള ആളാണ് നിക്ഷേപകനെങ്കിൽ തുക കൈമാറാൻ തടസ്സങ്ങളില്ല.

തുകയടയ്ക്കാൻ പേ ഇൻ സ്ളിപ്പിൽ അക്കൗണ്ട് ഉടമയുടെ ഒപ്പ് വേണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമായി വരുന്നവരിലധികവും ദൂരെയുള്ളവരായതിനാൽ ഇവരിൽനിന്ന് ഒപ്പ് വാങ്ങിയശേഷം തുക നിക്ഷേപിക്കാനാവില്ല. ചികിത്സാ സഹായം, പഠനസഹായം തുടങ്ങിയവയ്ക്കായുള്ള നിക്ഷേപങ്ങൾക്കാവും നിയന്ത്രണം കൂടുതൽ തടസ്സമായി മാറുക.

മാനുഷിക പരിഗണന നൽകേണ്ട നിക്ഷേപങ്ങൾ അനുവദിക്കുന്നതിൽ ബാങ്ക് മാനേജർമാർക്ക് തീരുമാനമെടുക്കാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ആർ.ബി.ഐ. ഉത്തരവിൽ ഇതിന് വ്യവസ്ഥയില്ല.

തുക നിക്ഷേപിക്കുന്ന ആളെ തിരിച്ചറിയുന്നതോടൊപ്പം സ്വീകരിക്കുന്ന ആളുടെ അനുമതിയും വേണമെന്ന കെ.വൈ.സി. പദ്ധതിയുടെ ഭാഗമാണ് നിയന്ത്രണമെന്ന് ബാങ്ക് അധികൃതർ പറയുന്നു. നിക്ഷേപകന് തുക സ്വന്തം അക്കൗണ്ടിൽ അടച്ച് കൈമാറാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ പറയുന്നു.

കാഷ് ഡെപ്പോസിറ്റ് യന്ത്രങ്ങളിലും വൈകാതെ നിയന്ത്രണം എത്തിയേക്കുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്.

You might also like
Comments
Loading...